കൺമുന്നിൽ ടൈഗർജനം; ഇന്ത്യക്ക് ഇന്ന് എതിരാളികൾ ബംഗ്ലാദേശ്
text_fieldsപുണെ: മൂന്ന് മത്സരങ്ങളും ജയിച്ച് ഉജ്ജ്വല ഫോമിൽ ഇന്ത്യ, മൂന്നിൽ രണ്ടെണ്ണത്തിലും തോറ്റ് ബംഗ്ലാദേശ്...വ്യാഴാഴ്ച നാലാം അങ്കത്തിൽ ഇന്ത്യയും ബംഗ്ലാദേശും മുഖാമുഖം വരുമ്പോൾ രോഹിത് ശർമക്കും സംഘത്തിനും വിജയം പ്രവചിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. അഫ്ഗാനിസ്താന്റെയും നെതർലൻഡ്സിന്റെയും അട്ടിമറി ജയങ്ങൾ കണ്ടിട്ടും ബംഗ്ലാ കടുവകളിൽനിന്നൊരു അത്ഭുതം അധികമാരും പ്രതീക്ഷിക്കുന്നില്ല.
പക്ഷേ, സമീപകാലത്തെ ചില കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യക്ക് കരുതിയിരുന്നേ പറ്റൂ. കാരണം കഴിഞ്ഞ പത്ത് മാസത്തിനിടെ ഇരു ടീമും നാല് തവണ ഏറ്റുമുട്ടിയതിൽ മൂന്നിലും വിജയം ബംഗ്ലാദേശിനായിരുന്നു. ഏറ്റവും ഒടുവിൽ ഈയിടെ ഇന്ത്യ ചാമ്പ്യന്മാരായ ഏഷ്യ കപ്പിലും അത് സംഭവിച്ചിട്ടുണ്ട്.
ചെന്നൈയിൽ ആസ്ട്രേലിയയെയും ഡൽഹിയിൽ അഫ്ഗാനിസ്താനെയും അഹ്മദാബാദിൽ പാകിസ്താനെയും ആധികാരികമായാണ് ഇന്ത്യ തകർത്തത്. ബാറ്റർമാരും ബൗളർമാരും ഫീൽഡർമാരും തങ്ങളുടെ ജോലികൾ ഭംഗിയായി നിർവഹിക്കുന്നു. ക്യാപ്റ്റൻ രോഹിത് ശർമ നയിക്കുന്ന ബാറ്റിങ് നിരയിൽ വിരാട് കോഹ് ലിയും കെ.എൽ. രാഹുലും ശ്രേയസ് അയ്യരുമെല്ലാം റൺസ് കണ്ടെത്തുന്നുണ്ട്.
ഡെങ്കിപ്പനി ബാധിതനായി ആദ്യ രണ്ട് കളിയിൽ ഇറങ്ങാതിരുന്ന ഓപണർ ശുഭ്മൻ ഗിൽ തിരിച്ചുവന്നതോടെ ഇശാൻ കിഷൻ പുറത്തായി. ഗിൽ നിരാശപ്പെടുത്തില്ലെന്നാണ് പ്രതീക്ഷ. ബാറ്റിങ് നിര സെറ്റാണെന്നതിനാൽ സൂര്യകുമാർ യാദവടക്കമുള്ളവർക്ക് അവസരം ലഭിക്കാൻ കാത്തിരിക്കേണ്ടിവന്നേക്കാം.
സമാനമാണ് ബൗളിങ്ങിലെയും കാര്യങ്ങൾ. ഒരു സ്പിന്നറെ അധികം കളിപ്പിക്കുന്നെങ്കിൽ മാത്രം ആർ. അശ്വിനെ ഇറക്കും. പേസർമാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും വിശ്വാസം കാക്കുന്നതിനാൽ മുഹമ്മദ് ഷമി ബെഞ്ചിൽ തുടരാനാണ് സാധ്യത. തുടർച്ചയായ മൂന്ന് ജയങ്ങളുടെ ആത്മവിശ്വാസം പേറുന്ന ടീം ഇന്ത്യ ചില പരീക്ഷണങ്ങൾക്ക് മുതിരുമോയെന്ന് കണ്ടറിയണം.
അഫ്ഗാനിസ്താനോട് ജയിക്കുകയും ഇംഗ്ലണ്ടിനോടും ന്യൂസിലൻഡിനോടും തോൽവി രുചിക്കുകയും ചെയ്ത ഷാക്കിബ് അൽ ഹസനും സംഘത്തിനും പിടിച്ചുനിൽക്കാൻ ജയം അനിവാര്യമാണ്. ഒരു ബാറ്ററെ കുറച്ച് ബൗളറെ അധികം കൊണ്ടുവരാനുള്ള ചർച്ചകൾ അവിടെ നടക്കുന്നുണ്ട്.
ടീം ഇവരിൽനിന്ന്:
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ് ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, ശാർദുൽ ഠാകുർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, ഇശാൻ കിഷൻ, സൂര്യകുമാർ യാദവ്.
ബംഗ്ലാദേശ്: ഷാക്കിബ് അൽ ഹസൻ (ക്യാപ്റ്റൻ), ലിറ്റൺ ദാസ്, തൻസീദ് ഹസൻ, നജ്മുൽ ഹുസൈൻ ഷാന്റോ, തൗഹിദ് ഹൃദോയ്, മുഷ്ഫിഖുർ റഹീം, മഹ്മുദുല്ല റിയാദ്, മെഹ്ദി ഹസൻ മിറാസ്, നസും അഹമ്മദ്, മെഹ്ദി ഹസൻ, തസ്കിൻ അഹമ്മദ്, മുസ്തഫിസുർറഹ്മാൻ, ഹസൻ മഹമൂദ്, ഷരീഫുൽ ഇസ്ലാം, തൻസിം ഹസൻ സാകിബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.