ജയിച്ചതും ഇന്ത്യ; തോറ്റതും ഇന്ത്യ
text_fieldsന്യൂഡൽഹി: ക്രിക്കറ്റ് ലോകകപ്പിൽ കഴിഞ്ഞ ദിവസം അഹ്മദാബാദിലെ നരേന്ദ്ര മോദി മൈതാനത്ത് ഇന്ത്യ-പാകിസ്താൻ മത്സരത്തിനിടെ പാക് താരങ്ങൾക്കെതിരെ ജയ് ശ്രീറാം മുദ്രാവാക്യം വിളി മുഴങ്ങിയ സംഭവത്തിൽ രൂക്ഷപ്രതികരണവുമായി രാഷ്ട്രീയ പ്രമുഖരും ക്രിക്കറ്റ് പ്രേമികളുമടക്കം നിരവധി പേർ രംഗത്ത്.
കളി തുടങ്ങുന്നതിനുമുമ്പ് നടന്ന സംഗീത പരിപാടിയിൽ ലൗഡ് സ്പീക്കറിലൂടെ ജയ് ശ്രീറാം ഗാനം കേട്ടപ്പോൾ ഗാലറിയിലെ പതിനായിരങ്ങൾ ഏറ്റുപാടിയിരുന്നു. ഇത് മത്സരം ആരംഭിച്ചപ്പോഴും തുടർന്നു. അർധ സെഞ്ച്വറിക്കരികെ മടങ്ങിയ പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ താരത്തിനുനേരെ ഉച്ചത്തിൽ ജയ് ശ്രീറാം വിളിക്കുന്ന വിഡിയോ വൈറലാണ്.
69 പന്തിൽ 49 റൺസുമായി നിൽക്കെ ബുംറയുടെ പന്തിലായിരുന്നു താരം പുറത്തായത്. അതിനുമുമ്പ് പാക് നായകൻ ബാബർ അഅ്സം സ്റ്റേഡിയത്തിലേക്ക് വരുമ്പോഴും കൂട്ട പരിഹാസമുയർന്നു.
ഇരു സംഭവങ്ങൾക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. അതിഥിയെ ദൈവതുല്യരായി കാണുന്ന സംസ്കാരമാണ് ഇന്ത്യയുടേതെന്നും അവരെ ആദരിച്ചില്ലെങ്കിലും അവഹേളിക്കരുതായിരുന്നുവെന്നും ആരാധകർ വ്യക്തമാക്കി.
രാജ്യത്തെ തരംതാഴ്ത്തുന്നു -ഉദയനിധി
ഇന്ത്യയെ കൂടുതൽ തരംതാഴ്ത്തുന്നതായി ഇവയെന്നും ഒരു നിലക്കും അംഗീകരിക്കാനാകില്ലെന്നും ഡി.എം.കെ നേതാവ് തമിഴ്നാട് കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ‘‘കായികാവേശത്തിനും ആതിഥ്യത്തിനും പേരുകേട്ട നാടാണ് ഇന്ത്യ.
എന്നാൽ, അഹ്മദാബാദിലെ നരേന്ദ്ര മോദി മൈതാനത്ത് പാക് താരങ്ങൾ നേരിട്ടത് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. രാജ്യങ്ങളെ ഒന്നിപ്പിക്കുന്നതാകണം കളി. സൗഹൃദം ഊട്ടിയുറപ്പിക്കുന്നതാകണം. വെറുപ്പ് പരത്താനുള്ള ആയുധമായി ഇതിനെ മാറ്റരുത്’’ -എക്സിൽ ഉദയനിധി സ്റ്റാലിൻ കുറിച്ചു.
ഒളിമ്പിക്സിന് യോഗ്യതയുണ്ടോ എന്ന് ചിന്തിക്കണം -സാകേത് എം.പി
2036 ഒളിമ്പിക്സ് ഇന്ത്യയിലെത്തിക്കാൻ മോദി ശ്രമിക്കുമ്പോൾ അതിനുള്ള യോഗ്യത കുറിച്ച് സംശയം നിഴലിക്കുന്ന നടപടിയായിപ്പോയി ഇതെന്ന് തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെ കുറ്റപ്പെടുത്തി. ‘‘2036ലെ ഒളിമ്പിക്സ് ഇന്ത്യയിലെത്തിക്കാൻ പ്രധാനമന്ത്രി മോദി ഉൽക്കടമായി അഭിലഷിക്കുന്നു.
എന്നാൽ, പാക് താരത്തെ ജയ് ശ്രീ റാം വിളികളുമായി നേരിടുന്നിടത്ത് സ്വന്തം അണികളെ എത്തിച്ചിട്ടുണ്ടെങ്കിൽ ഏതെങ്കിലും രാജ്യാന്തര കായിക മേളക്ക് രാജ്യം വേദിയാകാൻ ആയിട്ടുണ്ടോയെന്ന് വലിയ സന്ദേഹം ഉയരുകയായിരുന്നു. സംഭവം നടന്ന വേദിയുടെ പേര് നരേന്ദ്ര മോദി സ്റ്റേഡിയം ആയതിൽ അത്ഭുതമില്ല’’- സാകേത് ഗോഖലെയുടെ വാക്കുകൾ.
‘ഭക്തിയോ സംസ്കാരമോ അല്ല’
‘‘റിസ്വാൻ ഔട്ടായപ്പോൾ ജനക്കൂട്ടം ജയ് ശ്രീറാം വിളിച്ചു. ഇന്ത്യൻ താരങ്ങൾ പുറത്താവുമ്പോൾ അവർക്കു നേരെ അല്ലാഹു അക്ബർ എന്നാരെങ്കിലും വിളിച്ചാൽ എന്താവും തോന്നുക’’ -എക്സിൽ വിഡിയോ പങ്കുവെച്ച് മാധ്യമപ്രവർത്തകൻ വിക്രാന്ത് ഗുപ്ത ചോദിച്ചു.
പുറത്തായ റിസ്വാൻ മടങ്ങുമ്പോൾ ജയ് ശ്രീറാം വിളിക്കുന്നത് ഭക്തിയോ സംസ്കാരമോ അല്ലെന്നും അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ അവമതിയുണ്ടാക്കുന്ന മതാന്ധതയാണെന്നുമായിരുന്നു വിജയ് തോട്ടത്തിൽ എന്നയാളുടെ പ്രതികരണം. ഒരു ഇന്ത്യൻ പൗരനെന്ന നിലക്ക് മുഹമ്മദ് സ്റ്റാർ സ്പോർട്സ് അഭിമുഖത്തിനിടെ ന്നും ഞങ്ങളുടെ പാരമ്പര്യ ആതിഥ്യം ഇങ്ങനെയല്ലെന്നുമായിരുന്നു മറ്റൊരാളുടെ വാക്കുകൾ.
ഗുജറാത്തിൽ മാത്രം വലിയ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നത് വലിയ പദ്ധതിയുടെ ഭാഗമാണെന്നും കടുത്ത നിലപാടിൽ ഏതറ്റം വരെ എത്തിയെന്ന് കാണിക്കുന്നതാണ് ഇതെന്നും ഒരു ട്വീറ്റ് പറയുന്നു. മുമ്പ് ആസ്ട്രേലിയ-ഇന്ത്യ ടെസ്റ്റ് മത്സരത്തിനിടെ മുഹമ്മദ് ഷമി നേരിട്ട അനുഭവവും ഒരാൾ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. അന്നും മൈതാനത്തുനിന്ന് മടങ്ങുന്ന ഷമിക്കുനേരെ ജയ് ശ്രീറാം വിളികൾ ഉയർന്നത് വാർത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.