പാകിസ്താന് ഓറഞ്ച് എതിരാളികൾ
text_fieldsഹൈദരാബാദ്: നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യൻ മണ്ണിൽ വമ്പൻ മത്സരത്തിനിറങ്ങുന്ന പാകിസ്താൻ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ദുർബല എതിരാളികളായ നെതർലൻഡ്സിനെ നേരിടും. സന്നാഹ മത്സരങ്ങളിലെ തോൽവിയും ഓപ്പണിങ്ങിലെ ഫോമില്ലായ്മയും ഏഷ്യാ കപ്പിലെ നേരത്തേയുള്ള പുറത്താകലും വലക്കുന്നുണ്ടെങ്കിലും ബാബർ അഅ്സമിന്റെ നേതൃത്വത്തിലുള്ള പാക് ടീം വിജയപ്രതീക്ഷയിലാണ്.
ക്യാപ്റ്റൻ ബാബർ അഅ്സമും മുഹമ്മദ് റിസ്വാനും ഇഫ്തിഖാർ അഹമ്മദുമടങ്ങുന്ന ബാറ്റിങ്ങും ശഹീൻ അഫ്രീദിയും ഹാരിസ് റൗഫുമുൾപ്പെടുന്ന ബൗളിങ് നിരയുമാണ് പാകിസ്താന്റെ ‘ഹൈലൈറ്റ്’. ഓപ്പണിങ്ങിൽ ഇമാം ഉൾ ഹഖ് ഫോമിലല്ല. സഹതാരം ഫഖർ സമാനും താളം കണ്ടെത്തേണ്ടതുണ്ട്.
എന്നാൽ, മൂന്നാം നമ്പർ മുതൽ ബാറ്റിങ്ങിൽ പാക് പടക്ക് കരുത്ത് കൂടും. ക്യാപ്റ്റനിൽ തന്നെയാണ് കൂടുതൽ പ്രതീക്ഷ. 19 സെഞ്ച്വറികളും 28 അർധ സെഞ്ച്വറികളും സ്വന്തം പേരിലുള്ള ബാബർ അഅ്സമിന് 58ലേറെ ബാറ്റിങ് ശരാശരിയുമുണ്ട്. ഏഴ് വർഷത്തിലേറെയായി ഇന്ത്യയിൽ കളിക്കാതിരിക്കുന്ന പാക് താരങ്ങൾക്ക് ഐ.പി.എൽ അടക്കം നഷ്ടമായതിനാൽ ഇന്ത്യൻ പിച്ചിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സമയമെടുക്കും.
പരിക്കേറ്റ നസീം ഷായുടെ അഭാവത്തിൽ, ബൗളിങ്ങിൽ ശഹീൻ അഫ്രീദിയുടെ കൂട്ടാളിയായി ഹസൻ അലി ഓപ്പണിങ് സ്പെൽ എറിയും. ബൗളിങ്ങിൽ ഫോമിലല്ലെങ്കിലും വൈസ് ക്യാപ്റ്റനും ഓൾറൗണ്ടറുമായ ഷദാബ് ഖാനും ലെഗ് സ്പിന്നർ ഉസാമ മിറും മധ്യഓവറുകളിൽ പന്തെറിയും.
ഐ.സി.സിയുടെ അസോസിയേറ്റ് അംഗങ്ങളിൽനിന്നുള്ള ഏക ടീമായ നെതർലൻഡ്സ് 2011നുശേഷം ആദ്യമായാണ് ലോകകപ്പിൽ കളിക്കുന്നത്. അന്ന് കളിച്ച വെസ്ലി ബറേസി റിട്ടയർമെന്റിനു ശേഷം തിരിച്ചെത്തിയ ശേഷം ടീമിലിടം നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ മുൻ ഇടങ്കയ്യൻ സ്പിന്നർ റൂളോഫ് വാൻഡർ മെർവും ഓറഞ്ചുപടയിലുണ്ട്. ആന്ധ്രപ്രദേശിൽ ജനിച്ച തേജ നിദാമനുരും ടീമിലുണ്ട്. സ്കോട്ട് എഡ്വേഡ്സ് നയിക്കുന്ന ടീമിൽ ബാസ ഡീ ലീഡ് എന്ന മികച്ച ഓൾറൗണ്ടറുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.