‘അയൽപക്കസ്താൻ’ പോര്
text_fieldsചെന്നൈ: ചെപ്പോക്കിൽ തിങ്കളാഴ്ച അയൽക്കാരായ പാകിസ്താനും അഫ്ഗാനിസ്താനും നേർക്കുനേർ. നാലിൽ രണ്ട് കളികളും തോറ്റ് ലോകകപ്പ് സെമി ഫൈനൽ സാധ്യത അവതാളത്തിലായ പാകിസ്താന് തിരിച്ചുവരവിന് ജയം അനിവാര്യമാണ്. തുടർ പരാജയങ്ങൾക്കു ശേഷം ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അഫ്ഗാൻ വീണ്ടും തോൽവിയുടെ വഴിയിലെത്തിയിട്ടുണ്ട്. ഇന്ന് അവർക്ക് പാകിസ്താനെ വീഴ്ത്താനായാൽ അത് മറ്റൊരു ചരിത്രസംഭവമാകും.
ഇന്ത്യക്കും ആസ്ട്രേലിയക്കുമെതിരെ തോറ്റ തുടർതോൽവികൾ ബാബർ അഅ്സമിനെയും സംഘത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബൗളർമാർ താളംകണ്ടെത്താൻ വിഷമിക്കുന്നതാണ് പ്രധാന പ്രശ്നം. ഇടംകൈയൻ പേസർ ശഹീൻ അഫ്രീദി മികവ് പുലർത്തുന്നത് മാത്രമാണ് ആശ്വാസം. സ്ഥിരതയില്ലായ്മ ബാറ്റിങ് ഡിപ്പാർട്മെന്റിനെയും കുഴക്കുന്നു. മുൻനിര റൺസ് കണ്ടെത്തുമ്പോൾ മധ്യനിര പരാജയപ്പെടുകയാണ്.
അബ്ദുല്ല ഷഫീലും ഇമാമുൽ ഹഖും മുഹമ്മദ് റിസ് വാനും മാത്രമാണ് പിടിച്ചുനിൽക്കാനെങ്കിലും ശ്രമിക്കുന്നത്. ലോകോത്തര ബാറ്ററായ നായകൻ ബാബർ, നാല് മത്സരങ്ങളിൽ ഒരു തവണ 50 തികച്ചത് മിച്ചം. ബാറ്റർമാരുടെ ഫോമില്ലായ്മയാണ് അഫ്ഗാന്റെയും തലവേദന. ഓപണർ റഹ്മാനുല്ല ഗുർബാസൊഴികെ ആരെയും വിശ്വസിക്കാൻ വയ്യെന്ന സ്ഥിതി. സ്പിന്നർ മുജീബുർറഹ്മാൻ ഉൾപ്പെടെ ബൗളർമാരുടെ പ്രകടനം ആശാവഹമാണ്. ഓൾ റൗണ്ടർ റാഷിദ് ഖാൻ തന്നെയാണ് ഹഷ്മത്തുല്ല ഷാഹിദി നയിക്കുന്ന സംഘത്തിന്റെ തുറുപ്പ് ശീട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.