ബംഗളൂരുവിൽ ബാബറിന്റെ ജന്മദിനം ആഘോഷിച്ച് പാകിസ്താൻ താരങ്ങൾ
text_fieldsബംഗളൂരു: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയിൽനിന്നേറ്റ ഏഴു വിക്കറ്റ് തോൽവിയുടെ ഭാരം മായ്ക്കാൻ ബംഗളൂരുവിലൊരു ജയം തേടി പാകിസ്താൻ ടീം. വെള്ളിയാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആസ്ട്രേലിയയെ നേരിടുന്ന പാകിസ്താൻ താരങ്ങൾ അഹ്മദാബാദിൽനിന്ന് കഴിഞ്ഞ ദിവസം ബംഗളൂരുവിൽ വിമാനമിറങ്ങിയിരുന്നു. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുന്ന ടീം ഞായറാഴ്ച ക്യാപ്റ്റൻ ബാബർ അഅ്സമിന്റെ 29ാം ജന്മദിനം ആഘോഷിച്ചു.
കളിക്കാരും സപ്പോർട്ട് സ്റ്റാഫും മാത്രം പങ്കെടുത്ത ചെറിയ ആഘോഷമായിരുന്നെന്ന് ഒഫീഷ്യൽസ് അറിയിച്ചു. താരങ്ങൾ തിങ്കളാഴ്ച പരിശീലനത്തിനിറങ്ങി. ചൊവ്വാഴ്ച ആസ്ട്രേലിയൻ ടീമും ബംഗളൂരുവിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2012 ന് ശേഷം ആദ്യമായാണ് പാകിസ്താൻ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങുന്നത്. അന്ന് നടന്ന ട്വന്റി 20 മത്സരത്തിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോൽപിച്ചിരുന്നു.
ബംഗളൂരു എല്ലാവരെയും സ്വാഗതം ചെയ്യുന്ന നഗരമാണെന്നും പൂന്തോട്ട നഗരത്തിൽ കളിക്കുന്നതിൽ സന്തോഷമുണ്ടെന്നും ടീം ഒഫീഷ്യൽ പറഞ്ഞു. ‘‘ഇവിടത്തെ ഇളംതണുപ്പുള്ള കാലാവസ്ഥയും നല്ലതാണ്. എന്നാൽ, ദക്ഷിണേന്ത്യയിൽ പലയിടത്തും കനത്ത മഴയാണെന്നറിയുന്നു. ഞങ്ങളുടെ മത്സരത്തെ മഴ മുടക്കില്ലെന്ന് പ്രതീക്ഷിക്കാം’’ -അദ്ദേഹം പറഞ്ഞു.
ടിക്കറ്റ് വിൽപന ഇന്നു മുതൽ
വെള്ളിയാഴ്ച നടക്കുന്ന ആസ്ട്രേലിയ-പാകിസ്താൻ ക്രിക്കറ്റ് മത്സരത്തിന്റെയും മറ്റു മത്സരങ്ങളുടെയും സ്റ്റേഡിയത്തിലെ ടിക്കറ്റ് വിൽപന ചൊവ്വാഴ്ച ആരംഭിക്കുമെന്ന് കർണാടക ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. കബൺ റോഡിലെയും ക്യൂൻസ് റോഡിലെയും ടിക്കറ്റ് കൗണ്ടറുകൾ വഴിയാണ് വിൽപന. ആസ്ട്രേലിയ-പാകിസ്താൻ ക്രിക്കറ്റ് മത്സരത്തിന്റെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 1000 രൂപയാണ്, ഉയർന്ന നിരക്ക് 25,000 രൂപയും. നവംബർ നാലിന് നടക്കുന്ന പാകിസ്താൻ- ന്യൂസിലൻഡ് മത്സരത്തിനും ഇതേ ടിക്കറ്റ് നിരക്കാണ് നിശ്ചയിച്ചിട്ടുള്ളത്. ഒക്ടോബർ 26ന് ഇംഗ്ലണ്ട് - ശ്രീലങ്ക മത്സരവും നവംബർ ഒമ്പതിന് ന്യൂസിലൻഡ്-ശ്രീലങ്ക മത്സരവും നവംബർ 12ന് ഇന്ത്യ- നെതർലൻഡ്സ് മത്സരവും ബംഗളൂരുവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.