പിന്മാറ്റ ഭീഷണി മാറാതെ ബ്രസീൽ; കോപ അമേരിക്ക മുടങ്ങുമോ?
text_fieldsറിയോ ഡെ ജനീറോ: ലാറ്റിനമേരിക്കൻ ഫുട്ബാൾ മാമാങ്കമായ കോപ അമേരിക്ക ഫുട്ബാൾ ടൂർണമെൻറ് ഇത്തവണ നടക്കുമോ? ടൂർണമെൻറ് ഒരാഴ്ച അടുത്തെത്തി നിൽക്കുേമ്പാഴും അനിശ്ചിതത്വം ഒഴിഞ്ഞിട്ടില്ല. യഥാർഥ ആതിഥേയരായ അർജൻറീനയും കൊളംബിയയും ഒഴിവായി ടൂർണമെൻറ് ബ്രസീലിലെത്തിയെങ്കിലും അവിടെയും നടക്കുന്ന കാര്യം ഉറപ്പില്ല.
ബ്രസീലിൽ ടൂർണമെൻറ് നടക്കുന്നതിന് ടീം ഒന്നടങ്കം എതിരാണെന്ന് വ്യക്തമാക്കി ക്യാപ്റ്റൻ കാസെമിറോ രംഗത്തെത്തിയതോടെ ബ്രസീൽ ഫുട്ബാൾ ഫെഡറേഷനും ലാറ്റിനമേരിക്കൻ ഫുട്ബാൾ കോൺഫെഡറേഷനും പ്രതിസന്ധിയിലായിരിക്കുകയാണ്. ശനിയാഴ്ച എക്വഡോറിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനു പിന്നാലെയാണ് കാസെമിറോ വെടിെപാട്ടിച്ചത്. ''കോപ അമേരിക്ക ഇപ്പോൾ ബ്രസീലിൽ നടത്തുന്നതിന് ടീമിലെ എല്ലാവരും കോച്ച് ഉൾപ്പെടെ എതിരാണ്. കൂടുതൽ കാര്യങ്ങൾ എട്ടിന് പരഗ്വേക്കെതിരായ കളിക്കുശേഷം വെളിപ്പെടുത്തും'' -കാസെമിറോ പറഞ്ഞു. കോച്ച് ടിറ്റെ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെങ്കിലും കോപയിൽ തൻെറ ടീം കളിക്കുമെന്ന് പറയാനും കൂട്ടാക്കിയിട്ടില്ല. അതേസമയം, ബ്രസീൽ ഫുട്ബാൾ ഫെഡറേഷനും ലാറ്റിനമേരിക്കൻ ഫുട്ബാൾ കോൺഫെഡറേഷനും വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ആഭ്യന്തര പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ആദ്യം കൊളംബിയയിൽനിന്ന് ആതിഥ്യം ലാറ്റിനമേരിക്കൻ ഫുട്ബാൾ കോൺഫെഡറേഷൻ എടുത്തുമാറ്റിയിരുന്നു. പിന്നാലെ കോവിഡ് രൂക്ഷമായതിനെ തുടർന്ന് അർജൻറീനയെയും ഒഴിവാക്കി. തുടർന്നാണ് സന്നദ്ധത പ്രകടിപ്പിച്ച ബ്രസീലിലേക്ക് കോപ അമേരിക്ക മാറ്റിയത്.
എന്നാൽ, കോവിഡ് രൂക്ഷമായ ബ്രസീലിൽ ടൂർണമെൻറ് നടത്തുന്നതിനെ ഒട്ടേറെ പേർ എതിർക്കുന്നു. ജൂൺ അഞ്ചു വരെ ബ്രസീലിൽ 1.7 കോടി പേർ കോവിഡ് ബാധിതരാവുകയും 4,70,000 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. ബ്രസീൽ ജനസംഖ്യയുടെ 10 ശതമാനം മാത്രമാണ് വാക്സിൻ ലഭിച്ചവർ. ബ്രസീൽ ആതിഥേയത്വം പ്രഖ്യാപിച്ചതിനു പിറ്റേന്ന് മാത്രം 94,500 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ദിനേന ശരാശരി 2000ത്തോളം പേർ മരിക്കുന്നു. ഇതെല്ലാം എതിർപ്പിന് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.