‘ഇനി സ്വന്തം നാട്ടിലെ ഏറ്റവും പ്രശസ്തൻ’; മാർ ദെൽ പ്ലാത്തയിൽ മാർട്ടിനെസിന് വീരോചിത വരവേൽപ്പ്
text_fieldsഫൈനൽ കഴിഞ്ഞയുടൻ അര്‍ജന്‍റീന ഡ്രസിങ് റൂമിലെ ആഘോഷത്തിനിടെ എംബാപ്പെക്കായി ഒരു നിമിഷം മൗനം ആചരിക്കാന്‍ മാർട്ടിനസ് ആവശ്യപ്പെട്ടതും ബ്വേനസ് ഐറിസിലെ വിക്‌ടറി പരേഡിൽ എംബാപ്പെയുടെ മുഖമുള്ള പാവയെ കൈയിൽ പിടിച്ച് പങ്കെടുത്തതും വലിയ വിവാദമായി മാറി. മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ മാർട്ടിനസ് നടത്തിയ അശ്ലീല ആംഗ്യങ്ങളും വലിയ ചർച്ചയായിരുന്നു.
പക്ഷെ, മാർട്ടിനസിന് തന്റെ സ്വന്തം നാട്ടുകാർ അതിഗംഭീര വരവേൽപ്പാണ് ഒരുക്കിയത്. സ്വന്തം പട്ടണമായ മാർ ദെൽ പ്ലാത്തയിൽ ഒരു ലക്ഷത്തോളമടങ്ങുന്ന ആരാധകക്കൂട്ടമാണ് മാർട്ടിനെസിനെ സ്വാഗതം ചെയ്തത്. അർജന്റീനയുടെ മൂന്നാം കിരീടമായിരുന്നു ഇത്തവണത്തേത്. എന്നാൽ ബ്വേനസ് ഐറിസിന് തെക്ക് ഭാഗത്തെ റിസോർട്ട് ടൗണിൽ നിന്നുള്ള ആദ്യ ലോകകപ്പ് ജേതാവാണ് മാർട്ടിനെസ്.
ടെന്നീസ് താരം ‘ഗില്ലെർമോ വിലാസാ’യിരുന്നു ഇതുവരെ മാർ ദെൽ പ്ലാത്തയിലെ ഏറ്റവും പ്രശസ്തനായ കായികതാരം. ഈ ഫുട്ബാൾ ലോകകപ്പ് നേട്ടം മാർട്ടിനെസിനെ സ്വന്തം നാട്ടിലും അർജന്റീനയിലാകെയും ജനപ്രിയനാക്കി മാറ്റിയിരിക്കുകയാണ്.
ടൂർണമെന്റിന്റെ ഗോൾകീപ്പർ എന്ന നിലയിൽ തനിക്ക് ലഭിച്ച ട്രോഫി ബീച്ചിൽ തടിച്ചുകൂടിയ കാണികളെ ഉയർത്തിക്കാണിച്ചുകൊണ്ട് മാർട്ടിനെസ് പറഞ്ഞു, "ഇത് എനിക്ക് വേണ്ടി മാത്രമല്ല, നാലാം നക്ഷത്രത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും, ചെറിയ ഗോൾകീപ്പർമാർക്കുമുള്ളതാണ്."
"ഒരു ഗോൾകീപ്പർക്ക് ഇതുപോലുള്ള അംഗീകാരം ലഭിക്കുന്നു എന്നുള്ളത് ഏറെ മനോഹരമായ കാര്യമാണ്, കാരണം, മിക്കവാറും എല്ലായ്‌പ്പോഴും ഇതെല്ലാം സ്‌ട്രൈക്കർമാർക്കാണ് ലഭിക്കുന്നത്," -17-ആം വയസ്സിൽ അർജന്റീന വിട്ട് ഇംഗ്ലണ്ടിലെ ആഴ്‌സണലിൽ ചേരുകയും ഇപ്പോൾ പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയ്‌ക്കായി കളിക്കുകയും ചെയ്ത മാർട്ടിനെസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.