എത്രയും പ്രിയപ്പെട്ട മെസ്സി വായിച്ചറിയുവാൻ...
text_fieldsമലപ്പുറം: ലയണൽ മെസ്സിയെയും കൂട്ടരെയും കേരളത്തിൽ കളിക്കാൻ ക്ഷണിച്ച് അർജന്റീന ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കായികമന്ത്രി വി. അബ്ദുറഹ്മാന്റെ കത്ത്. കഴിഞ്ഞ ഡിസംബറിൽ അർജന്റീനയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെയായിരുന്നു അബ്ദുറഹ്മാൻ കത്തയച്ചത്.
ഇന്ത്യയിൽ കളിക്കാൻ അർജന്റീന ടീം ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും 40 കോടി രൂപയുടെ മത്സരചെലവ് താങ്ങാൻ കഴിയാത്തതിനാൽ നിർദേശം നിരാകരിച്ചെന്നും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് കഴിഞ്ഞ ഡിസംബർ 22ന് അയച്ച കത്തും ഒപ്പം ഫേസ്ബുക്ക് കുറിപ്പുമായി അബ്ദുറഹ്മാൻ രംഗത്തെത്തിയത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ അർജന്റീനൻ താരങ്ങളുടെ സാന്നിധ്യം വലിയ ഉണർവും പ്രചോദനവുമാകുമെന്ന് അദ്ദേഹം കത്തിൽ അറിയിച്ചു.
ഇന്ത്യയിൽ കളിക്കാനുള്ള അർജന്റീനയുടെ വാഗ്ദാനം തള്ളിയ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ നിലപാടിനെതിരെ മന്ത്രി വി. അബ്ദുറഹ്മാൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പ്രതിഷേധവുമറിയിച്ചു. അർജന്റീനയെ കേരളം എന്നും ഹൃദയപൂർവം സ്വാഗതം ചെയ്യുമെന്നും മത്സരം ഏറ്റെടുത്ത് നടത്താൻ തയാറാകുമെന്നും അദ്ദേഹം പറഞ്ഞു.
റാങ്കിങ്ങിൽ പിന്നിലുള്ള ഇന്ത്യ അർജന്റീനയോട് കളിച്ചാൽ ഫലം ദയനീയമാകുമോയെന്ന ആശങ്കയും എ.ഐ.എഫ്.എഫ് പങ്കുവെച്ചതായി അറിയുന്നു. മുൻനിര രാജ്യങ്ങൾ പോലും കൊതിക്കുന്ന ഓഫറാണ് ഇന്ത്യ തള്ളിയത്. ജൂൺ 10നും 20 നുമിടയിലാണ് അർജന്റീന ഇന്ത്യയിലും ബംഗ്ലാദേശിലും കളിക്കാൻ സന്നദ്ധത അറിയിച്ചത്. ഇരുകൂട്ടരും തയാറായില്ല. തുടർന്ന് ചൈനയും ഇന്തോനേഷ്യയും അവസരം മുതലാക്കി. രണ്ടിടത്തും നല്ല നിലയിൽ കളി പൂർത്തിയാക്കിയതാണ് അബ്ദുറഹ്മാൻ ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ ഫുട്ബാൾ ഭരണക്കാർ കുറേക്കൂടി ക്രിയാത്മകമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ഫിഫ റാങ്കിങ്ങിലെ നൂറ്റിയൊന്നാം സ്ഥാനത്തിന് ചെറിയ മാറ്റം പോലും വരാനിടയില്ല’’- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, നല്ലൊരു സ്റ്റേഡിയം പോലുമില്ലാതെ കേരളത്തിൽ എവിടെവെച്ച് മെസ്സിയും കൂട്ടരും കളിക്കുമെന്ന് മന്ത്രിയുടെ പോസ്റ്റിന് കായികപ്രേമികൾ പ്രതികരണമറിയിച്ചു. ഇന്ത്യൻ ടീമിന്റെ ഒരു മത്സരം പോലും കേരളത്തിൽ നടത്താനാകുന്നില്ല. കായിക താരങ്ങൾക്ക് പലർക്കും വാഗ്ദാനം ചെയ്ത ജോലി കിട്ടിയില്ലെന്നും സ്പോർട്സ് ഹോസ്റ്റലുകളിലെ ഭക്ഷണത്തിന്റെ തുക പോലും കുട്ടികൾക്ക് ലഭിച്ചിട്ടില്ലെന്നും വിമർശനമുയർന്നു. കാര്യവട്ടത്ത് ക്രിക്കറ്റ് മത്സരം നടത്തുന്നത് തടയാൻ കായികമന്ത്രി ശ്രമിച്ചെന്നും ചിലർ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.