രണ്ട് പതിറ്റാണ്ടിന്റെ ബന്ധം ഉലഞ്ഞു; റൊണാൾഡോ-മെൻഡസ് കൂട്ടുകെട്ടിന് വിരാമമാകുന്നു?
text_fieldsപോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ നിർണായക സാന്നിധ്യമായിരുന്ന ഏജന്റ് ജോർജ് മെൻഡസുമായി വഴിപിരിയുന്നു. സ്േപാർട്ട് ഇറ്റാലിയ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധമാണ് ഇതോടെ അവസാനിക്കുന്നത്.
റൊണാൾഡോയുടെ കരിയറിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലത്താണ് ഇരുവരും തമ്മിലുള്ള ബന്ധം മോശമായതെന്നാണ് റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട താരം യൂറോപ്യൻ ക്ലബുകളിൽനിന്നുള്ള വിളിക്കായി ഒരു മാസത്തിലധികം കാത്തിരുന്നിരുന്നു. എന്നാൽ, ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഒരു ക്ലബും താരത്തിൽ താൽപര്യം കാണിക്കാത്തതിനാൽ അവസാനം സൗദി ക്ലബ് അൽ-നസ്റിലേക്ക് റെക്കോഡ് തുകക്ക് ചേക്കേറുകയായിരുന്നു. ചൊവ്വാഴ്ചയാണ് താരത്തെ ക്ലബ് അധികൃതർ സൗദിയിൽ അവതരിപ്പിച്ചത്.
എതാനും മാസങ്ങൾക്ക് മുമ്പാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായതെന്നാണ് സൂചന. മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് പുറത്തുവരാൻ കാരണമായ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിന് മെൻഡസ് അനുമതി നൽകിയിരുന്നില്ലെന്നാണ് റിപ്പോർട്ട്. തുടർന്ന് മറ്റു ക്ലബുകളിലേക്ക് കൂടുമാറുന്ന ചർച്ചകളിൽനിന്നും മെൻഡസ് അകലം പാലിച്ചു. റൊണാൾഡോയുടെ അൽ-നസ്റിലേക്കുള്ള ട്രാൻസ്ഫറിന് മെൻഡസിന് പ്രതിഫലം ലഭിക്കില്ലെന്നും പറയപ്പെടുന്നു. സ്പോർട്ടിങ് സി.പിയിൽനിന്ന് 2003ൽ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കുള്ള കൂടുമാറ്റം മുതൽ മെൻഡസ് റൊണാൾഡോക്കൊപ്പം ഉണ്ടായിരുന്നു. ഈ കൂട്ടുകെട്ടിനാണ് വിരാമമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.