Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡീഗോ...കളിയുടെ...

ഡീഗോ...കളിയുടെ കൊടിയടയാളമായിരുന്നു നിങ്ങൾ..

text_fields
bookmark_border
ഡീഗോ...കളിയുടെ കൊടിയടയാളമായിരുന്നു നിങ്ങൾ..
cancel

കാറ്റുനിറച്ച തുകല്‍പന്തും കാല്‍പാദങ്ങളുമായുള്ള പാരസ്പര്യംകൊണ്ട് ലോകത്തെ മുഴുവന്‍ അതിശയിപ്പിച്ച അനുഗൃഹീത പ്രതിഭയാണ്​ കളിക്കമ്പക്കാരെ മുഴുവൻ ഹതാശരാക്കി ജീവിതത്തി​െൻറ പുൽത്തകിടിയിൽനിന്ന്​ ഒരു വർഷം മുമ്പ് കളമൊഴിഞ്ഞത്​​. ഫുട്ബാള്‍ എന്ന കായികവിനോദത്തിന് സ്വന്തം ജീവിതംകൊണ്ട് അടിക്കുറിപ്പെഴുതിയ ഡീഗോ അര്‍മാന്‍ഡോ മറഡോണ ജീവിതമേട്ടിലെ പ്രതിബന്ധങ്ങളെ വെട്ടിയൊഴിഞ്ഞ് മുന്നേറിയാണ്​ ലോകത്തി​െൻറ നെറുകയിലേറിയത്​.

അസാമാന്യ ഡ്രിബ്ളിങ്ങി​െൻറ അനുരണനങ്ങളെന്നു തോന്നുന്ന അതിശയിപ്പിക്കുന്ന ചുവടുകൾ ആറു പതിറ്റാണ്ടുകാലത്തെ ആ ജീവിതത്തെ കളത്തിനു പുറത്തും വേറിട്ടു നിർത്തി​. സംഭവബഹുലമായ കരിയറിനു സമാന്തരമായി നേട്ടങ്ങളും വിവാദങ്ങളും ഉയര്‍ച്ചതാഴ്ചകളുമൊക്കെ കെട്ടുപിണഞ്ഞുകിടന്ന ഡീഗോയുടെ ജീവിതം അപ്രതീക്ഷിതമായി പല വിങ്ങുകളിലേക്കും ഗതിമാറിയൊഴുകുകയായിരുന്നു. കളത്തിലുള്ളപ്പോള്‍, വിഭ്രമിക്കുന്ന പന്താട്ടങ്ങളുടെ മാസ്മരികതയില്‍ ലോകത്തി​െൻറ നെറുകയിലേറിയ മഹാനുഭാവന്‍ ബൂട്ടഴിച്ച്​ പിൻവാങ്ങിയിട്ടും ജീവിച്ചിരിക്കുന്ന കാലമത്രയും കുമ്മായവരക്ക്​ പുറത്തും കളിക്കമ്പക്കാരുടെ മാനസപുത്രന്‍ തന്നെയായിരുന്നു. എന്തു കിറുക്കത്തരങ്ങൾക്കും മീതെ ഫുട്​ബാൾ പ്രേമികൾ അത്രമേലിമ്പത്തോടെ ഹൃദയത്തിൽ ചേർത്തുനിർത്തിയ അതിമാനുഷനായിരുന്നു ഡീഗോ.


അര്‍ജന്‍റീന ലോകത്തിന് സമര്‍പ്പിച്ച ഈ ഇതിഹാസം ജീവിച്ചിരുന്ന നിമിഷങ്ങളത്രയും കളിയെ അങ്ങേയറ്റം പ്രണയിച്ചുകൊണ്ടിരിക്കുന്നു, ഭ്രാന്തമായിത്തന്നെ. കളി കളിമാത്രമല്ല, ജീവിതംതന്നെയെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ ഡീഗോ പക്ഷേ, കളത്തിനുള്ളിലും പുറത്തും ഒരുവിധ സമവാക്യങ്ങള്‍ക്കും പിടികൊടുക്കാതെ കുതറിത്തെറിച്ച വിലക്ഷണ പ്രതിഭാസമായിരുന്നു. അര്‍ജന്‍റീന എന്ന രാഷ്ട്രത്തെ ഫുട്ബാള്‍ ഭൂപടത്തിലെ ശുക്രനക്ഷത്രമാക്കിയിട്ട് വ്യക്തി വിശുദ്ധിയുടെ ഓഫ്സൈഡ് ട്രാപ്പ് പൊട്ടിച്ചുകയറുകയും സദാചാരബോധങ്ങളുടെ കോട്ടകൊത്തളങ്ങള്‍ തകര്‍ത്തു നിറയൊഴിക്കുകയും ചെയ്ത ഡീഗോ കണ്ടുപരിചയമില്ലാത്ത തേരോട്ടങ്ങളാണ് കളത്തിനുള്ളിലും പുറത്തും നടത്തിയത്.

ഇതിനിടെ, ജീവിതത്തിന്‍െറയും മരണത്തിന്‍െറയും നേര്‍ത്ത നൂല്‍പ്പാലത്തിലൂടെ ഉഴറിനടന്ന നിമിഷങ്ങമുണ്ടായിരുന്നു അയാൾക്കൊപ്പം. തെരുവില്‍ പിറന്ന് താരമായി വളര്‍ന്ന് താന്തോന്നിയായി ജീവിച്ച ഡീഗോ ഫുട്ബാളിന് സമ്മാനിച്ച ചേതോഹര ദൃശ്യങ്ങള്‍കൊണ്ടുമാത്രം ലോകം അയാളെ അത്രമേലിഷ്ടത്തോടെ നെഞ്ചേറ്റുകയായിരുന്നു. ബ്വേനസ് എയ്റിസിന്‍െറ പ്രാന്തപ്രദേശത്ത് ലാനൂസിലെ വില്ലാ ഫിയോറിറ്റോയില്‍ 1960 ഒക്ടോബര്‍ 30ന് പിറവിയെടുത്ത ഡീഗോ പ്രാരബ്​ധങ്ങളെ വകഞ്ഞുമാറ്റാനാണ് തെരുവില്‍ കൊച്ചുപന്തിനൊപ്പം മേഞ്ഞുനടന്നത്. പട്ടിണിയും പരിവട്ടവും നിറഞ്ഞ കുഞ്ഞുനാളില്‍ ഫുട്ബാള്‍ ഡീഗോക്ക് അന്നവും ആവേശവുമായി. പന്തിന്മേല്‍ ജാലവിദ്യകള്‍ തീര്‍ക്കുന്ന കുരുന്ന് ലാനൂസും കടന്ന് വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍, വമ്പന്‍ മത്സരങ്ങളുടെ ഇടവേളകളില്‍ ഗ്രൗണ്ടിലെത്തി ത​െൻറ പന്തടക്കത്തി​െൻറ പ്രദര്‍ശനവുമായി ഡീഗോ വിസ്മയയാത്രക്ക് തുടക്കമിട്ടു.


ഒമ്പതാം വയസ്സില്‍ എസ്ട്രെല്ല റോയയിലൂടെയാണ് ആശിച്ച വഴികളിലൂടെ പന്തിനെ വഴിനടത്തിച്ച് ഡീഗോയുടെ കരിയറിന് തുടക്കം. പയ്യ​െൻറ മികവു കണ്ടറിഞ്ഞ ലോസ് സെ ബോളിറ്റാസ് അടുത്ത വര്‍ഷംതന്നെ അണിയിലെത്തിച്ചു. 1975ല്‍ അര്‍ജന്‍റീനോസ് ജൂനിയേഴ്സി​െൻറ യൂത്ത് ടീമിലെത്തി. പതിനഞ്ചാം വയസ്സില്‍ 1976 ഒക്ടോബര്‍ 20ന് അര്‍ജന്‍റീനോസ് ജൂനിയേഴ്സിനുവേണ്ടിയായിരുന്നു അത്യുജ്വലമായ പ്രഫഷനല്‍ കരിയറി​െൻറ തുടക്കം. പിന്നീടങ്ങോട്ട് പിറന്നതെല്ലാം ലോകം കണ്ണിമ ചിമ്മാതെ നോക്കിനിന്ന ചരിത്രം. 1978ല്‍ അര്‍ജന്‍റീന വേദിയായ ലോകകപ്പില്‍ പതിനേഴുകാരനായ ഡീഗോക്ക് ഇടം കിട്ടിയില്ല. 1979ല്‍ ജപ്പാനില്‍ നടന്ന യൂത്ത് ലോകകപ്പില്‍ അര്‍ജന്‍റീനക്ക് കിരീടം നേടിക്കൊടുത്ത് ഡീഗോ മറുപടി നല്‍കി. 1982 ലോകകപ്പില്‍ പക്ഷേ, കടുത്ത ഫൗളുകളില്‍ കുരുങ്ങി ഡീഗോക്ക് നിരാശപ്പെടേണ്ടിവന്നു.

നാലുവര്‍ഷത്തിനുശേഷം മെക്സികോയില്‍ ഡീഗോ ലോകംമുട്ടെ വളര്‍ന്നു. കളിയുടെ കനല്‍പഥങ്ങളില്‍ അവന്‍ പന്തിനെ കാലിലൊട്ടിച്ചെന്നോണം കൊണ്ടുനടന്നപ്പോള്‍ എതിര്‍നിരകളുടെ സകല സന്നാഹവും സുല്ലിട്ടു. ശരാശരി പ്രതിഭകള്‍ മാത്രമടങ്ങിയൊരു നിരയെ ത​െൻറ അളവില്ലാത്ത വൈയക്തിക മികവുകൊണ്ട് ഡീഗോ വിശ്വത്തോളം ഉയര്‍ത്തുകയായിരുന്നു. ടൂര്‍ണമെന്‍റില്‍ മൊത്തം 53 ഫൗളുകള്‍ക്കിരയായിട്ടും (അതൊരു റെക്കോഡ്) അഞ്ചു ഗോളും, അവശ്യ ഗോളുകളിലേക്കുള്ള പാസുകളുമൊക്കെയായി മഹാപ്രതിഭ മെക്സികോ ത​െൻറ വിഹാരഭൂമിയാക്കിമാറ്റി. ആഘോഷമായി അര്‍ജന്‍റീന കിരീടത്തില്‍ തൊടുമ്പോള്‍ ലോകം ഡീഗോയുടെ പന്തടക്കത്തെയും കേളീവൈഭവത്തെയും വാഴ്ത്തിപ്പാടി. അതിനിടെ, ഇംഗ്ളണ്ടിനെതിരെ 'ദൈവത്തിന്‍െറ കൈ'കൊണ്ട് ഗോള്‍ നേടിയതിനുപിന്നാലെ എതിര്‍ പ്രതിരോധത്തെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞു മുന്നേറി നൂറ്റാണ്ടി​െൻറ ഗോള്‍ സ്കോര്‍ ചെയ്ത് മാന്ത്രികത കാട്ടി.


ടൂര്‍ണമെന്‍റിലെ മികച്ച താരവും മറ്റാരുമായില്ല. 90ലെ ലോകകപ്പില്‍ അര്‍ജന്‍റീനയെ ഫൈനലിലെത്തിച്ച പ്രകടനം മറഡോണയുടെ പ്രതിഭക്ക് വീണ്ടും അടിവരയിട്ടു. മെക്സികോയിലെ ഒറ്റയാള്‍ പ്രകടനത്തോടെ പെലെക്കൊപ്പം ആളുകള്‍ ചേര്‍ത്തുകെട്ടിയ പേരി​െൻറ ഉടമ പെലെയെക്കാള്‍ കേമനെന്ന വാദം ശക്തിയാര്‍ജിച്ചു തുടങ്ങി. വിശ്വം കീഴടക്കിയ ഡീഗോ, ഇറ്റാലിയന്‍ ലീഗില്‍ നാപ്പോളിയെ ഒറ്റക്കെന്നോണം കിരീടത്തിലെത്തിച്ച് അദ്ഭുതം ആവര്‍ത്തിച്ചു. 1987ലും '90 ലും നാപ്പോളി ലീഗ് കിരീടവും '89 ല്‍ യുവേഫ കപ്പും നേടി.

പിന്നീട് അരുതായ്മകളുടെ വിസില്‍ മുഴക്കങ്ങള്‍ക്ക് പിടികൊടുക്കാതെ ഉത്തേജകത്തി​െൻറ കളത്തിലേക്ക്. '94 ലെ അമേരിക്കന്‍ ലോകകപ്പിനിടെ ഡീഗോ പടിക്കുപുറത്തായി. '91ല്‍ കൊക്കെയ്ന്‍ ഉപയോഗിച്ച് പിടിക്കപ്പെട്ടതിന് 15 മാസം വിലക്ക് നേരിട്ടിരുന്നു. 37ാം വയസ്സില്‍ പ്രഫഷനല്‍ ഫുട്ബാളിനോട് വിടചൊല്ലിയ ഡീഗോ കളത്തിനുപുറത്ത് പലകുറി അനാരോഗ്യത്തി​െൻറ ടാക്ളിങ്ങിനിരയായി. അര്‍ജന്‍റീനയില്‍ മറഡോണയെ ആരാധിക്കാനും ആളുണ്ടായി. 1998ല്‍ ബ്വേനസ് ഐയ്റിസില്‍ 'ചര്‍ച്ച് ഓഫ് മറഡോണ' തുറന്നു. ഡീഗോയുടെ ജന്മദിനം ആധാരമാക്കിയാണ് ഭക്തരുടെ കലണ്ടര്‍ വര്‍ഷം. 'ഡെസ്പ്യൂസ് ഡി ഡീഗോ -ഡീഗോക്കുശേഷം' എന്നതായിരുന്നു അവരുടെ കണക്കുകൂട്ടൽ.


അനാരോഗ്യം തളര്‍ത്തിയ ഡീഗോ മരണത്തി​െൻറ വക്കിൽനിന്ന്​ ജീവിതത്തിലേക്ക്​ വെട്ടിയൊഴിഞ്ഞു​കയറിയത്​ 16 വർഷം മുമ്പായിരുന്നു. 2004ല്‍ ഇന്‍റന്‍സീവ് കെയര്‍ യൂനിറ്റില്‍ ദിവസങ്ങള്‍ കിടന്ന ഡീഗോ മരണത്തെയും ഡ്രിബ്ള്‍ ചെയ്ത് ജീവിതത്തി​െൻറ കളത്തിലേക്ക് തിരിച്ചെത്തി. തടിച്ചുചീര്‍ത്ത ശരീരത്തിലെ കൊഴുപ്പ് കളഞ്ഞ് ശസ്ത്രക്രിയ. പെണ്‍മക്കള്‍ ഡാല്‍മയും ജിയാനിനയും കര്‍ശന നിയന്ത്രണങ്ങളുമായി ഒപ്പം കൂടിയതോടെ ദുശ്ശീലങ്ങള്‍ കളഞ്ഞ് നല്ല കുട്ടിയായി.

2008ല്‍ ദേശീയ പരിശീലക വേഷം. തുടക്കം മോശമായശേഷം ലോകകപ്പ് യോഗ്യത നേടിയെടുത്തു. 2010 ലോകകപ്പില്‍ ടീം ക്വാര്‍ട്ടറില്‍ തോറ്റതോടെ പരിശീലക സ്ഥാനം ത്യജിക്കേണ്ടി വന്നു. ഒപ്പമുള്ളവരെ ഉപേക്ഷിക്കില്ലെന്ന് എ.എഫ്.എയോട് ആണയിട്ടപ്പോള്‍ അവര്‍ പകരം ആളെയാക്കി. കളത്തിനുപുറത്തെ മൂല്യങ്ങളിലും ലോകം മറഡോണയെ ആദരിച്ചു. ചെഗുവേരയെ മനസ്സിലേറ്റുന്ന ഡീഗോക്ക് ഫിദല്‍ കാസ്ട്രോയും ഹ്യൂഗോ ഷാവെസുമൊക്കെ ഏറെ അടുത്തവരായിരുന്നു. കളിമുറ്റത്തെ 'വിപ്ലവ വീര്യം' അതേപോലെ കളത്തിനു പുറത്തും കൂടെക്കൊണ്ടുനടന്നു.


അന്നത്തെ അമേരിക്കൻ പ്രസിഡൻറ്​ ജോര്‍ജ് ബുഷിനെ ചീത്തവിളിക്കാന്‍ ധൈര്യംകാട്ടിയ ചങ്കൂറ്റത്തിന് കൈയടിക്കാൻ നിരവധി പേരുണ്ടായിരുന്നു. എന്തൊക്കെയായാലും എന്തു ചെയ്താലും അര്‍ജന്‍റീനയില്‍ ഡീഗോ സുസമ്മതനായിരുന്നു. അവരുടെ കൊടിയടയാളമായിരുന്നു ആ മനുഷ്യന്‍. അര്‍ജന്‍റീനന്‍ സൈക്കോളജിസ്റ്റും എഴുത്തുകാരനുമായ ഗുസ്താവോ ബെണ്‍സ്റ്റീന്‍ 1997ല്‍ ത​െൻറ പുസ്തകത്തിലെഴുതി: 'ഞങ്ങളെ ഇതിലും മനോഹരമായി പ്രതിനിധാനംചെയ്ത ഒരാള്‍ വേറെയില്ല. ഞങ്ങളുടെ ചിഹ്നം ഇത്ര ഭംഗിയായി ഉയര്‍ത്തിക്കാട്ടിയതും മറ്റാരുമല്ല. കഴിഞ്ഞ 20 വര്‍ഷമായി ഞങ്ങള്‍ അയാളെ അത്രമേല്‍ സ്നേഹിക്കുന്നു. അര്‍ജന്‍റീനയെന്നാല്‍ മറഡോണയാണ്; മറഡോണയെന്നാല്‍ അര്‍ജന്‍റീനയും.'

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballDiego Maradona
News Summary - A year without Maradona
Next Story