‘കളിയാണ് മുഖ്യം, വിശ്വാസം അതിനെക്കാൾ മുഖ്യം’- റമദാൻ അനുഭവങ്ങൾ പങ്കുവെച്ച് എവർടൺ താരം ദുകൂരി
text_fieldsവ്യാഴാഴ്ചയോടെ വിവിധ മുസ്‍ലിം രാജ്യങ്ങളിൽ റമദാൻ വൃതത്തിന് തുടക്കമാകുകയാണ്. പകലിൽ നോമ്പെടുത്തും രാത്രിയിൽ മറ്റ് ആരാധനകളിൽ മുഴുകിയും വിശ്വാസികൾ ദൈവിക സമർപണത്തിലായി ചെലവിടുന്ന ഒരു മാസം. നാലു ഡിവിഷനുകളിലായി ഇംഗ്ലീഷ് ഫുട്ബാളിൽ പന്തുതട്ടുന്ന 253 കളിക്കാർക്കും നോമ്പുകാലം സവിശേഷ അനുഭൂതിയുടെതാണെന്ന് പറയുന്നു, എവർടൺ മിഡ്ഫീൽഡർ അബ്ദുല്ല ദുകൂരി.
‘റമദാൻ വൃതം എനിക്കിഷ്ടമാണ്. വേനൽകാലത്ത് റമദാൻ വരുമ്പോൾ ചിലപ്പോൾ ഫുട്ബാൾ കളിക്കൽ പ്രയാസമാകും. എന്നാലും മുടങ്ങാതെ വൃതമെടുക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. ശാരീരിക പ്രയാസങ്ങളൊന്നുമുണ്ടായിട്ടില്ല. അതിന് നന്ദിയുണ്ട്’’- ദുകുരി പറയുന്നു. ഇംഗ്ലീഷ് ലീഗിൽ ഏകദേശം എല്ലാ ടീമുകളിലും വൃതമെടുക്കുന്ന മുസ്‍ലിം താരങ്ങൾ പന്തുതട്ടുന്നവരായുണ്ട്. ‘‘എനിക്ക് മതമാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം. പ്രഥമമായി മതത്തെ ഞാൻ കാണുന്നു. അതുകഴിഞ്ഞേ ജോലി വരൂ. ഇതുരണ്ടും ഒന്നിച്ച് കൊണ്ടുപോകാനാകും. ഒഴിവു സമയത്ത് വീട്ടിലാകുമ്പോൾ പള്ളിയിൽ പോയി പ്രാർഥന നടത്താനും ആരാധന നിർവഹിക്കാനും കഴിയാറുണ്ട്’’- ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ ദുകൂരിയുടെ വാക്കുകൾ.
മാലിയിൽനിന്ന് കുടിയേറിയ മാതാപിതാക്കളുടെ മകനായി പാരിസിലാണ് ദുകൂരിയുടെ ജനനം. 2016ൽ ഇംഗ്ലണ്ടിലെത്തി. അതുവരെയും കളിച്ച ഫ്രഞ്ച് ടീം റെനെയിൽനിന്ന് വാറ്റ്ഫോഡിലേക്കായിരുന്നു ചുവടുമാറ്റം. ടീം രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടതോടെ എവർടണിലെത്തി. ‘‘വിശ്വാസികളായ കുടുംബമാണ് എന്റെത്. അതുവഴിയാണ് ഞാൻ ഒരു നല്ല മുസ്‍ലിമായത്. അതുതന്നെയാണ് എനിക്ക് പ്രധാനവും. വിശ്വാസമാണ് എല്ലാ തടസ്സങ്ങളിലും താങ്ങായത്. ഫുട്ബാളിൽ കയറ്റിറക്കങ്ങളുണ്ടാകും. ചിലപ്പോൾ കളിക്കാനാകില്ല. പരിക്കിലാകും. അപ്പോഴൊക്കെയും വിശ്വാസം കരുത്താകും’’- ദുകൂരി പറയുന്നു.
ഗ്രേറ്റർ മാഞ്ചസ്റ്ററിൽ കുടുംബസമേതം കഴിയുന്ന ദുകൂരി പ്രദേശത്തെ പള്ളിയിൽ സ്ഥിര സന്ദർശകൻ കൂടിയാണ്. പ്രഫഷനൽ ഫുട്ബാളറാണെന്ന് പള്ളിയിലെത്തുന്നവർക്കും അറിയാമെന്നും അവർ സ്നേഹത്തോടെയാണ് പെരുമാറുകയെന്നും ദുകൂരി അനുഭവം പങ്കുവെക്കുന്നു. പ്രിമിയർ ലീഗിലും ഇംഗ്ലണ്ടിലുമായത് സവിശേഷമായ അനുഭവമായെന്നും യൂറോപിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് ഇംഗ്ലണ്ടെന്നുമാണ് താരത്തിന്റെ പക്ഷം. ‘പ്രിമിയർ ലീഗിൽ ഓരോരുത്തരുടെയും ഇഷ്ടങ്ങൾ സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ട്. വിശ്വാസത്തിനെതിരായി ഒന്നും ഉണ്ടാകില്ല. അതിനാൽ പ്രിമിയർ ലീഗിൽ തന്നെ തുടരണമെന്നുണ്ടെന്നും ദുകൂരിയുടെ വാക്കുകൾ.
എവർടൺ മധ്യനിരയിലെ മൂവരും റമദാൻ വൃതമെടുക്കുന്ന വിശ്വാസികളാണ്- ദുകൂരി, ഇദ്‍രീസ ഗയി, ബെൽജിയം താരം അമദൂ ഒനാന. ഡ്രസ്സിങ് റൂമിൽ ഒന്നിച്ച് നമസ്കരിക്കാനും സൗകര്യമുണ്ടാകുമെന്നും ഗയി ഇമാമായി നിൽക്കുമെന്നും ദുകൂരി. ലിവർപൂളിൽ ഒന്നിച്ച് പന്തുതട്ടിയിരുന്ന മുഹമ്മദ് സലാഹ്, സാദിയോ മാനെ സഖ്യമായിരുന്നു തങ്ങൾക്ക് മാതൃകയെന്നും താരം കൂട്ടിച്ചേർക്കുന്നു. മാനെ സീസൺ ആദ്യത്തോടെ ബയേണിലെത്തിയിരുന്നു.
ദുകൂരി, ഒനാന, ഗയി എന്നിവർക്കൊപ്പം ബോസ്നിയക്കാരനായ ഗോൾകീപർ അസ്മിർ ബെഗോവിച് കൂടിയാകുമ്പോൾ എവർടൺ നിരയിലെ നോമ്പുകാരുടെ പട്ടിക പൂർണം. നോമ്പുകാലത്ത് കാർബോഹൈഡ്രേറ്റുകൾ കൂടുതലടങ്ങിയ ഭക്ഷണത്തിനാണ് പ്രാമുഖ്യം നൽകുക. പുലർച്ചെ കഞ്ഞി, മുട്ട, ജ്യൂസ് തുടങ്ങിയവ കഴിക്കും. രാത്രിയിൽ ഇതുൾപ്പെടെ മൂന്നു നേരത്തെ ഭക്ഷണമാണ് കഴിക്കുക.
റമദാനിൽ എല്ലാ ദിവസവും നോമ്പെടുക്കുമെന്ന് പറയുന്നു, ദുകൂരി. ‘‘അതു പതിവാണ്. എളുപ്പവുമാണ്. 12-13 വയസ്സാകുമ്പോൾ തുടങ്ങിയ ശീലമാണ്. സ്വന്തം ശരീരത്തെ എനിക്ക് നന്നായറിയാം. നോമ്പുകാലത്ത് പതിവുപോലെ തന്നെയാകും പരിശീലനം. ദൂരെയാകുമ്പോൾ മറ്റുള്ളവരുടെ സമയത്താകണമെന്നില്ല ഭക്ഷണം. അതുകണക്കാക്കി പാചകക്കാരൻ സമയത്ത് പാകം ചെയ്തുതരും. ഹലാൽ ഭക്ഷണമാകും കഴിക്കുക. റമദാൻ കാലത്ത് കുടുംബമൊന്നിച്ചാകും നോമ്പുതുറ. അതുകഴിഞ്ഞ് തറാവീഹ് നമസ്കാരത്തിന് പള്ളിയിൽ പോകും. കൂടുതൽ പേരെ കാണാമെന്നതിനാൽ ഇത് കൂടുതൽ ഇഷ്ടമാണ്. വിശ്വാസത്തോട് കൂടുതൽ അടുത്തുനിൽക്കാനുള്ള അവസരമായതിനാൽ മുസ്‍ലിംകൾക്ക് റമദാൻ മികച്ച അവസരമാണ്. ഖുർആൻ പാരായണവും അത് പഠിക്കലും ഈ ഘട്ടത്തിൽ ചെയ്യാറുണ്ടെന്നും മറ്റുള്ളവരും ഇത് വർധിപ്പിക്കണമെന്നും ദുകൂരി മുസ്‍ലിംകളോട് ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.