അബ്ദുൽ കരീം ഹസ്സൻ വീണ്ടും ഖത്തറിൽ പന്തുതട്ടും
text_fieldsദോഹ: ഖത്തർ ലോകകപ്പിൽ ആതിഥേയർ നേരത്തേ പുറത്തായതുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പ്രതികരണത്തിന്റെ പേരിൽ ദേശീയ ടീമിൽനിന്ന് പുറത്തായ ഫുട്ബാൾ താരം അബ്ദുൽ കരീം ഹസൻ വീണ്ടും ഖത്തറിൽ പന്തുതട്ടും. ഖത്തരി ക്ലബായ അൽ വക്റയുമായി അബ്ദുൽ കരീം ഹസൻ കരാറിലെത്തിയതായും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമായ അൽ ശർഖ് റിപ്പോർട്ട് ചെയ്തു.
വിവാദ പശ്ചാത്തലത്തിൽ അദ്ദേഹത്തെ 2022-2023 സീസൺ മധ്യത്തിൽ അൽ സദ്ദ് ക്ലബും ഒഴിവാക്കിയിരുന്നു. തുടർന്ന് കുവൈത്തിലെ അൽ ജഹ്റ ക്ലബിലേക്ക് മാറിയ അദ്ദേഹം പിന്നീട് ഇറാൻ ക്ലബായ പെർസോപോളിസിലേക്ക് പോയി. അവിടെനിന്നാണ് ഖത്തറിലേക്ക് തിരികെ വരുന്നത്. ഇറാൻ ക്ലബ് ഫുട്ബാളിൽ പന്തുതട്ടുന്ന ആദ്യ ഖത്തരി താരം എന്ന പ്രത്യേകതയും ഇതോടെ അദ്ദേഹം സ്വന്തമാക്കി. അൽ വക്റയുമായി മൂന്ന് വർഷത്തെ കരാറിലെത്തിയെന്നാണ് റിപ്പോർട്ട്.
സ്പാനിഷ് പരിശീലകൻ മിഗ്വൽ എയ്ഞ്ചൽ റാമിറസിന് കീഴിൽ അൽ വക്റ വരും സീസണിലേക്കുള്ള തയാറെടുപ്പിലാണ്. അബ്ദുൽ കരീം ഹസന്റെ വരവോടെ ടീമിന്റെ പ്രതിരോധം ശക്തമാകും. 2018ലെ ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്ബാൾ താരമായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുൽ കരീം ഹസൻ ഖത്തറിന്റെ ആദ്യ ഏഷ്യൻ കപ്പ് കിരീടനേട്ടത്തിലും പ്രധാന പങ്ക് വഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.