വിട, പോട്ടയിൽനിന്നുയർന്ന ആ പട്ടാളച്ചിട്ടക്ക്...
text_fieldsകളിയുടെ പരിശുദ്ധിക്കും പവിത്രതക്കും വേണ്ടി പട്ടാളച്ചിട്ടയോടെ പോരാടിയ പരിശീലകനെന്ന വിശേഷണം അവസാന ശ്വാസം വരെ ടി.കെ. ചാത്തുണ്ണിക്കൊപ്പമുണ്ടായിരുന്നു. അതിൽ തെളിഞ്ഞുനിന്നതത്രയും, പോട്ടയെന്ന ഗ്രാമത്തിൽനിന്ന് ഇന്ത്യൻ ഫുട്ബാളിന്റെ അമരത്തേക്ക് ചാണക്യതന്ത്രങ്ങളുമായി ഡ്രിബ്ൾ ചെയ്തു കയറിയ ആചാര്യന്റെ അങ്ങേയറ്റത്തെ അർപ്പണ മനോഭാവവും.
താരപ്രഭയിൽ മുങ്ങിനിൽക്കുന്ന മലയാളി ഫുട്ബാളർമാരിലൊരാൾ പരിശീലനത്തിന്റെ വിശ്രമവേളയിൽ പന്തിന്മേൽ ഇരിക്കുന്ന ചിത്രം ആറേഴു വർഷം മുമ്പ് ഒരു പ്രസിദ്ധീകരണത്തിൽ അച്ചടിച്ചു വന്നു. നേരെ അയാളെ ഫോണിൽ വിളിക്കുന്നു ടി.കെ. ചാത്തുണ്ണി എന്ന വിഖ്യാത പരിശീലകൻ. ‘കളിയോട് പൂർണമായ ബഹുമാനം വേണം. പന്തിന്മേൽ ഇരിക്കുന്നത് മര്യാദകേടാണ്. അതു ചെയ്യരുത്’. ഇനിയൊരിക്കലും ഉണ്ടാവില്ലെന്ന് താരത്തിന്റെ മറുപടി. കളിയുടെ പരിശുദ്ധിക്കും പവിത്രതക്കും വേണ്ടി പട്ടാളച്ചിട്ടയോടെ പോരാടിയ പരിശീലകനെന്ന വിശേഷണം അവസാന ശ്വാസം വരെ ടി.കെ. ചാത്തുണ്ണിക്കൊപ്പമുണ്ടായിരുന്നു. അതിൽ തെളിഞ്ഞുനിന്നതത്രയും, പോട്ടയെന്ന ഗ്രാമത്തിൽനിന്ന് ഇന്ത്യൻ ഫുട്ബാളിന്റെ അമരത്തേക്ക് ചാണക്യതന്ത്രങ്ങളുമായി ഡ്രിബ്ൾ ചെയ്തു കയറിയ ആചാര്യന്റെ അങ്ങേയറ്റത്തെ അർപ്പണ മനോഭാവവും.
കളിയിൽ സ്വയം സമർപ്പിതരായവരുടെ കഥകൾ ഒരുപാടുണ്ടാകാം. ചാത്തുണ്ണി പക്ഷേ, അതിൽ വേറിട്ട ജനുസ്സായിരുന്നു. ഓർമവെച്ച നാൾ മുതൽ ഇന്നലെ വിടപറയുന്നതുവരെ അദ്ദേഹം കളിക്കൊപ്പം പരിശുദ്ധി കലർന്ന ആ പട്ടാളച്ചിട്ടയോടെ ജീവിച്ചു. ചാലക്കുടി ഗവ. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് വീട്ടുകാരറിയാതെ ആർമി സെലക്ഷനു പോയതുമുതലുണ്ട് ലക്ഷ്യത്തിലേക്കുള്ള മുനകൂർത്ത മുന്നേറ്റങ്ങൾ. അന്ന്, ഇ.എം.ഇയിലേക്ക് സെലക്ഷന് കിട്ടിയത് സാധാരണ പട്ടാളക്കാരനായിട്ടായിരുന്നു. ഉള്ളിൽ തിരയടിച്ചുയർന്നതാവട്ടെ, ആർമി ടീമിൽ ഇടം നേടണമെന്ന ഉറച്ച തീരുമാനവും. ബേസിക് ബറ്റാലിയനിലെ ട്രെയിനിങ്ങിനിടെ വൈകുന്നേരങ്ങളിലെ ഗെയിം പിരീഡിൽ തകർപ്പൻ കളി കെട്ടഴിച്ച് അധികൃതരുടെ ശ്രദ്ധ നേടി. പിന്നാലെ, ആര് കമ്പനി ടീം, ബറ്റാലിയന് ടീം...ഓരോ കടമ്പയും മറികടന്ന് സർവീസസ് ടീമിലെത്തിയത് ദൃഢനിശ്ചയത്തിന്റെ സാക്ഷ്യമായിരുന്നു.
കളിക്കുന്ന കാലത്ത് പ്രതിരോധത്തിലെ പുലിയായിരുന്നു ചാത്തുണ്ണി. ഡിഫന്‍സില്‍ മൂന്നുപേര്‍ മാത്രം അണിനിരക്കുന്ന 3-2-5 ഫോര്‍മേഷനിൽ കളിക്കുമ്പോൾ സെന്റർ ബാക്കിന്റെ ഭാരിച്ച ഉത്തരവാദിത്വം ആത്മവിശ്വാസത്തോടെ ഏറ്റെടുത്തു. ടാക്ലിങ്ങുകളിലെ മിടുക്കും ഉയരക്കൂടുതലിന്റെ പിൻബലത്തിൽ ഹെഡറുകൾ തൊടുക്കുന്നതിനുള്ള കഴിവുമൊക്കെ വിശ്വസ്ത കാവലാളെന്ന വിശേഷണം ചാർത്തിക്കൊടുത്തു. കളിയിൽ എത്രവേണമെങ്കിലും വിയർപ്പൊഴുക്കാനുള്ള ഊർജമായിരുന്നു മുഖ്യം. സ്കൂളില്‍ പഠിക്കുന്ന കാലത്ത് സെന്റര്‍ ഫോര്‍വേഡ് ആയി കളത്തിലിറങ്ങിയ പയ്യൻ പിന്നീട് പട്ടാളപ്പടയിൽ പ്രതിരോധം നയിക്കുമ്പോഴും ആഞ്ഞുകയറാനുള്ള ആഗ്രഹങ്ങൾ ഒളിപ്പിച്ചുവെച്ചതുമില്ല.
ഇ.എം.ഇ സെക്കന്തരാബാദിനും വാസ്കോ ഗോവക്കുമൊക്കെ കളിച്ചുതെളിഞ്ഞ കരിയറിനുശേഷം പരിശീലക വേഷത്തിൽ ഇന്ത്യൻ ഫുട്ബാളിൽ വിജയശ്രീലാളിതനാകാൻ ചാത്തുണ്ണിയെ തുണച്ചതും കളിയോടുള്ള പ്രതിബദ്ധത തന്നെ. കളിക്കാരെ കണ്ടെടുക്കുന്നതു മുതൽ കളിയിലെ വേറിട്ട തന്ത്രങ്ങൾ വരെ പരിശീലനത്തിന്റെ വിവിധ മേഖലകളിൽ ചാത്തുണ്ണി അതിശയങ്ങളേറെ പുറത്തെടുത്തു.
അച്ചടക്കത്തിന്റെ അപ്പോസ്തലനായി കാർക്കശ്യം കാട്ടിയപ്പോൾ ഒരാളും ചാത്തുണ്ണിയുടെ ടീമിൽ കളിയേക്കാൾ മുകളിൽ താരമായി വാണില്ല. സ്ട്രാറ്റജികൾക്കനുസരിച്ച വിന്യാസങ്ങളായിരുന്നു പഥ്യം. അവിടെ താരപ്രഭയുടെ താൻപ്രമാണിത്തത്തിനൊന്നും കാര്യമായ റോളുമുണ്ടായിരുന്നില്ല. ഐ.എം. വിജയനും സത്യനും പാപ്പച്ചനും ഷറഫലിയും കുരികേശ് മാത്യുവുമൊക്കെ അടങ്ങുന്ന കേരള പൊലീസിനെ ഫെഡറേഷൻ കപ്പിലെത്തിച്ച് ചാത്തുണ്ണി കേരള ഫുട്ബാളിന്റെ കൈയടി വാങ്ങുമ്പോൾ സബ്സ്റ്റിറ്റ്യൂട്ടുകൾക്കുപോലും വ്യക്തമായ റോളുണ്ടായിരുന്ന, എല്ലാ അർഥത്തിലുമുള്ള ഒന്നാന്തരമൊരു ടീം എഫർട്ടായിരുന്നു അത്. മോഹൻ ബഗാനെയും സാൽഗോക്കർ ഗോവയെയുമൊക്കെ കിരീടങ്ങളിലേക്കു നയിക്കുമ്പോഴും ടീമിനെ അവസാന മിനിറ്റുവരെ പോരാടാൻ പ്രാപ്തരാക്കുന്ന ചാത്തുണ്ണി ഇഫക്ടായിരുന്നു ചർച്ചയായത്. വിലക്കുനേരിട്ടപ്പോൾ ഗാലറിയിലിരുന്ന് ബഗാനെ കിരീടത്തിലേക്ക് നയിച്ച കഥ ഇന്ത്യൻ ഫുട്ബാളിൽ സമാനതകളില്ലാത്തതാണ്.
സ്വന്തമായ കാഴ്ചപ്പാടുകളും ശൈലികളുമൊക്കെയാണ് ചാത്തുണ്ണിയിലെ പരിശീലകനെ നയിച്ചത്. പരിശീലന മത്സരങ്ങള്‍ ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ നടത്തരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നയം. നമ്മുടെ ദൗര്‍ബല്യങ്ങളും കരുത്തും കൃത്യമായി അളന്ന് അവരായിരിക്കും ആ കളി കൊണ്ട് കൂടുതല്‍ നേട്ടമുണ്ടാക്കുന്നതെന്നായിരുന്നു നിരീക്ഷണം. കളിക്കുന്ന കാലത്ത് ഡ്യൂറന്‍ഡ് കപ്പ് സെമിയിൽ ഹൈദരാബാദ് റോഡ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനോട് തോറ്റതിൽനിന്നായിരുന്നു ഈ പാഠം. തങ്ങളുടെ ഗ്രൗണ്ടില്‍ സ്ഥിരമായി പ്രാക്ടീസ് മാച്ച് കളിക്കാന്‍ വന്നിരുന്ന ട്രാന്‍സ്പോര്‍ട്ട് ടീമിനെ ഇ.എം.എ അഞ്ചും ആറും ഗോളിന് തോൽപിക്കാറുണ്ടായിരുന്നു. എന്നാൽ, സെമിയിൽ അപ്രതീക്ഷിത തോൽവിയായിരുന്നു ഫലം. കളിക്കാരനെന്ന സ്വാനുഭവങ്ങളിൽനിന്ന് ഇത്തരം വിലപ്പെട്ട പാഠങ്ങൾ ഉൾക്കൊണ്ടായിരുന്നു പരിശീലകനായുള്ള ആ കുതിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.