ഹൃദയഭേദക കുറിപ്പിലൂടെ മകളുടെ വിയോഗവാർത്ത പങ്കുവച്ച് ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ...'നൊമ്പരങ്ങളലട്ടുമ്പോഴും ഒരു പുഞ്ചിരി പൊന്നുമോളുടെ മുഖത്തുണ്ടായിരുന്നു'
text_fieldsആറു വയസ്സുകാരിയായ മകൾ വിടപറഞ്ഞ വാർത്ത ഹൃദയഭേദകമായ കുറിപ്പിലൂടെ ലോകത്തെ അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരം അഡ്രിയാൻ ലൂണ. ശ്വാസകോശത്തെയും മറ്റു ആന്തരികാവയങ്ങളുടെ പ്രവർത്തനത്തെയും ഗുരുതരമായി ബാധിക്കുന്ന 'സിസ്റ്റിക് ഫൈബ്രോസിസ്' ബാധിച്ചാണ് ലൂണയുടെ മകൾ ജൂലിയേറ്റ ഇക്കഴിഞ്ഞ ഏപ്രിലിൽ വിടപറഞ്ഞത്. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് ലൂണ തിങ്കളാഴ്ച പുലർച്ചെ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ കലാശക്കളിയിലേക്ക് ബ്ലാസ്റ്റേഴ്സിനെ കൈപിടിച്ചുയർത്തിയതിൽ ലൂണയുടെ കളിമിടുക്ക് അതീവനിർണായകമായിരുന്നു.
''അത്രമേൽ ആഴമേറിയ വേദനയോടെയാണ് അക്കാര്യം നിങ്ങളെ അറിയിക്കാൻ ഞാൻ ഈ കുറിപ്പെഴുതുന്നത്. ആറു വയസ്സുകാരിയായ എന്റെ മകൾ ജൂലിയേറ്റ ഈ വർഷം ഏപ്രിൽ ഒമ്പതിന് ഞങ്ങളെ വിട്ടുപിരിഞ്ഞിരിക്കുന്നു. അവളുടെ വേർപാട് എനിക്കും കുടുംബത്തിനും സൃഷ്ടിച്ചത് അതിരുകളില്ലാത്ത വേദനയാണ്. അതൊരിക്കലും ഞങ്ങളെ വിട്ട് പോവുകയുമില്ല.
ജീവിതത്തിലെ ഏറ്റവും വലിയ മാതൃകയായി ഞങ്ങളെപ്പോഴും അവളെ ഓർമിച്ചുകൊണ്ടേയിരിക്കും. പ്രതിസന്ധികളിലും വേദനകളിലും കരുണയും സ്നേഹവും പ്രസരിപ്പിച്ച കുലീനയായ പെൺകുട്ടിയായിരുന്നു അവൾ. നൊമ്പരങ്ങളലട്ടുമ്പോഴും നിറപുഞ്ചിരി അവൾ മുഖത്ത് കാത്തുവെച്ചിരുന്നു. അതല്ലെങ്കിൽ 'ഐ ലവ് യൂ' എന്ന വാക്കുകൾ കൊണ്ട് നിങ്ങളുടെ ദിവസങ്ങളെ അവൾ ഊഷ്മളമാക്കും.
ജൂലിയേറ്റ, നിന്നോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നു പറയാൻ എന്റെ ഈ ജീവിതം മതിയാകില്ല. മറ്റുള്ളവരെ എങ്ങനെ സ്‌നേഹിക്കണം എന്ന് എന്നെ നീ പഠിപ്പിച്ചു. സങ്കടങ്ങളിൽ ഏതുവിധം നിലയുറപ്പിക്കേണ്ടതെന്ന പാഠങ്ങളും നീയാണ് പകർന്നുതന്നത്. എല്ലാറ്റിലുമുപരി കടുത്ത പ്രതിസന്ധികളെ തളരാതെ അതിജയിക്കേണ്ടത് എങ്ങനെയാണെന്ന ഏറ്റവും വലിയ പാഠവും എനിക്ക് പകർന്നതും നീ തന്നെയാണെന്ന് സംശയമില്ലാതെ പറയാനാകും.
നാശംപിടിച്ച സിസ്റ്റിക് ഫൈബ്രോസിസ് രോഗത്തിനെതിരെ അവസാന ശ്വാസംവരെ നീ പോരാടി. എന്നെ, വിശ്വസിക്കൂ.. ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കാത്ത ഒന്നായിരിക്കും അത്'.-കുറിപ്പ് ഇങ്ങനെയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രിയതാരത്തിന്റെ വേദനയിൽ പങ്കുചേർന്ന് അനുശോചനമറിയിച്ചു. 'മകൾ ജൂലിയേറ്റയുടെ വിയോഗത്തിൽ ലൂണയെ അനുശോചനം അറിയിക്കുന്നു. ഈ നഷ്ടവുമായി പൊരുത്തപ്പെടാനുള്ള സ്നേഹവും കരുത്തും അഡ്രിയനും കുടുംബത്തിനും നൽകുന്നു' -കേരള ബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്തു. നൂറുകണക്കിന് ആരാധകരാണ് ഈ സങ്കടവേളയിൽ ലൂണക്കും കുടുംബത്തിനും ഒപ്പം നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.