മബ്റൂക് യാ അന്നാബി
text_fieldsദോഹ: ഈ മണ്ണിന്റെ ഹൃദയമാണ് കാൽപന്ത്. ഊഷരമായ മണ്ണിൽ ഈത്തപ്പഴം സമൃദ്ധമായി വിളയുംപോലെ ഫുട്ബാളിന്റെ വൈവിധ്യത്തിനും പഞ്ഞമില്ലാത്ത ഇടം. ഭൂവിസ്തൃതിയിൽ കൊച്ചുരാജ്യമെങ്കിലും കളിമൈതാനത്ത് തങ്ങളാണ് ഏഷ്യൻ വൻകരയുടെ രാജാക്കന്മാരെന്ന് ഒരിക്കൽകൂടി പ്രഖ്യാപിക്കുകയാണ് ഖത്തർ.
ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്ബാളിനെ ഒരു അറബ് രാജ്യത്ത് അതിഗംഭീരമായ വേദിയൊരുക്കി വരവേറ്റവർ, സംഘാടനവും ആതിഥ്യവും അടിസ്ഥാന സൗകര്യങ്ങളുമായി നമ്പർവൺ ലോകകപ്പ് എന്ന് തെളിയിച്ചതിനുശേഷമാണ് ഏഷ്യൻ കപ്പിനായി വേദിയൊരുക്കുന്നത്.
ചൈനയിൽ 2023 ജൂണിൽ നടക്കേണ്ടിയിരുന്നു 18ാമത് ഏഷ്യൻ കപ്പിന് അടിയന്തര സാഹചര്യത്തിൽ വേദിയൊരുക്കാൻ മുന്നോട്ടുവന്നായിരുന്നു ഖത്തർ അമ്പരപ്പിച്ചത്. ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽതന്നെ ലോകകപ്പ് വേദികളിൽ ഏഷ്യൻ കപ്പിനായി സജ്ജീകരിച്ചു മറ്റു സൗകര്യങ്ങളൊരുക്കിയും വരവേറ്റവർ, ടീമിനെ കളിയിലും മിടുക്കരാക്കി.
2019ൽ യു.എ.ഇയുടെ മണ്ണിൽ തങ്ങളുടെ ആദ്യ ഏഷ്യൻ കിരീടമണിഞ്ഞ് വൻകരയിലെ ഏറ്റവും മികച്ചവരെന്ന തലയെടുപ്പോടെയായിരുന്നു ഖത്തർ ലോകഫുട്ബാളിൽ അടയാളപ്പെടുത്തിയത്. അൽ മുഈസ് അലിയും അക്രം അഫീഫും ഹസൻ അൽ ഹൈദോസും ഉൾപ്പെടുന്ന സംഘം അന്ന് കാഴ്ചവെച്ച പ്രകടനവുമായി അഞ്ചു വർഷത്തിനിപ്പുറവും ഫുട്ബാളിലെ തങ്ങളുടെ മികവിനെ നാട്ടുകാർക്ക് മുന്നിൽ അടയാളപ്പെടുത്തുകയാണിപ്പോൾ.
മുന്തിരി എന്നർഥമുള്ള ‘ഐനബി’ൽനിന്നാണ് മുന്തിരിയുടെ മെറൂൺ നിറമായ ‘അന്നാബി’ എന്ന വിളിപ്പേരിലെത്തുന്നത്. ഖത്തറിന്റെ ദേശീയ പാതകയുടെ നിറം കൂടിയായ മെറൂണിൽ ദേശീയ ടീം കളം നിറഞ്ഞാടുമ്പോൾ ഗാലറിയിലെ പതിനായിരങ്ങളുടെ കണ്ഠങ്ങൾ ‘അന്നാബി’ വിളിയുമായി ഒപ്പം ആടുമ്പോൾ അവർക്ക് മുന്തിരിമധുരം പോലെയുള്ള സമ്മാനമായി സമർപ്പിക്കുകയാണ് ഈ ഏഷ്യൻകപ്പ് കിരീടവും.
അത്ഭുത കുതിപ്പ്
ഫൈനലിന് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിൽ ഖത്തറിന്റെ നായകൻ ഹസൻ അൽ ഹൈദോസ് പറഞ്ഞ വാക്കുകളിലുണ്ടായിരുന്നു ടീമിന്റെ കുതിപ്പും ആരാധക പ്രതീക്ഷയുമെല്ലാം.
ഏഷ്യൻ കപ്പിന് പന്തുരുളുന്നതിന് ഒരു മാസം മുമ്പ് ഞങ്ങളുടെ ടീം ഫൈനലിലെത്തുമെന്ന് പോലും ആരും പ്രതീക്ഷിച്ചില്ലെന്നായിരുന്നു ഹൈദോസിന്റെ വാക്കുകൾ. സന്നാഹ മത്സരങ്ങളിൽ ജോർഡന് മുന്നിൽ വരെ തോറ്റവർ, ടൂർണമെൻറിന് കിക്കോഫായപ്പോൾ പതുക്കെ ഉയിർത്തെഴുന്നേറ്റു.
ഗ്രൂപ് ഘട്ടത്തിൽ ഓരോ വിജയങ്ങളുമായി മുന്നേറിയവർ പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ എന്നിങ്ങനെ ഓരോ റൗണ്ടുകളിലും ആധികാരിക വിജയത്തോടെ മുന്നേറി. കളിമിടുക്കും, ആരാധക പിന്തുണയും, ഭാഗ്യവും ഒരേ രസച്ചരടിൽ കോർത്തപ്പോഴാണ് ഖത്തർ ചരിത്ര വിജയത്തിലേക്ക് വീണ്ടും തിരിച്ചെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.