എ.എഫ്.സി കപ്പ്: ഗോകുലം ഇന്ന് മസിയക്കെതിരെ
text_fieldsകൊൽക്കത്ത: എ.എഫ്.സി കപ്പിൽ ഗോകുലത്തിന് രണ്ടാം അങ്കം. മാലദ്വീപ് ക്ലബായ മസിയക്കെതിരെയാണ് ഗ്രൂപ് പോരാട്ടത്തിൽ മലബാറിയൻസ് ഇന്ന് മൈതാനത്തിറങ്ങുക. എ.ടി.കെ. മോഹൻ ബഗാനെതിരായ ആദ്യ കളി 4-2ന് സ്വന്തമാക്കിയ ഗോകുലം ജയം തുടരാനാകുമെന്ന ആത്മവിശ്വാസത്തിലാണ്. എതിരാളികളായ മസിയ കഴിഞ്ഞ കളി തോറ്റവരാണെന്നത് മലബാറിയൻസിന്റെ കരുത്തുകൂട്ടും. ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിങ്സിനോടായിരുന്നു മസിയയുടെ തോൽവി.
ഗോൾ ശരാശരിയിൽ മലബാറിയൻസാണ് ഗ്രൂപ് ഡിയിൽ ഒന്നാം സ്ഥാനത്ത്. മുന്നേറ്റത്തിൽ ഫ്ലച്ചറും ലൂക്ക മജ്സനും മധ്യനിരയിൽ ക്യാപ്റ്റൻ ഷരീഫ് മുഹമ്മദും എമിൽ ബെന്നി, ജിതിൻ എന്നിവരുമാണ് ഗോകുലത്തിന്റെ കരുത്ത്. പ്രതിരോധത്തിൽ എതിർ ടീമിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിക്കുന്ന കാമറൂൺ താരം അമിനോ ബൗബ, മുഹമ്മദ് ഉവൈസ് എന്നിവരും മികച്ച ഫോമിലാണ്. എ.ടി.കെക്കെതിരെയുള്ള ആദ്യ മത്സരത്തിൽ ആറു മലയാളികളായിരുന്നു ഗോകുലത്തിനായി ആദ്യ ഇലവനിൽ ഇറങ്ങിയത് -അബ്ദുൽഹക്കു, ജിതിൻ, റിഷാദ്, എമിൽ ബെന്നി, താഹിർ സമാൻ, ഉവൈസ് എന്നിവർ. ഇതിൽ റിഷാദ്, ജിതിൻ തുടങ്ങിയ മലയാളി താരങ്ങൾ ഓരോ ഗോൾവീതം നേടുകയും ചെയ്തു. രാത്രി 8.30ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.