അർജന്‍റീനക്ക് വീണ്ടും തിരിച്ചടി; മെസ്സിക്കു പിന്നാലെ മറ്റൊരു സൂപ്പർതാരവും ബ്രസീലിനെതിരെ കളിക്കില്ല
text_fieldsബ്യൂണസ് ഐറിസ്: ബ്രസീലിനും ഉറുഗ്വായിക്കുമെതിരായ ലോകകപ്പ് ഫുട്‌ബാൾ യോഗ്യതാ മത്സരങ്ങളിൽ അർജന്റീനക്കായി സൂപ്പർതാരം ലൗട്ടാരോ മാർട്ടിനെസും കളിക്കില്ല. പേശിക്കേറ്റ പരിക്കിനെ തുടർന്നാണ് ഇന്‍റർ മിലാൻ നായകൻ ടീമിൽനിന്ന് പുറത്തായത്.
പരിക്കേറ്റ സൂപ്പർതാരം ലയണൽ മെസ്സിയും ടീമിന് പുറത്തായിരുന്നു. ഈമാസം 21ന് ഉറുഗ്വായിക്കെതിരെയും 25ന് ബ്യൂണസ് ഐറിസിൽ ബ്രസീലിനെതിരെയുമാണ് അർജന്‍റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ. താരം കളിക്കില്ലെന്ന് അർജന്‍റീന ഫുട്ബാൾ അസോസിയേഷനും (എ.എഫ്.എ) സ്ഥിരീകരിച്ചു. ഇന്‍റർ മിലാനായി കഴിഞ്ഞ മത്സരങ്ങളിൽ കളിക്കുമ്പോൾ തന്നെ താരത്തെ പരിക്ക് അലട്ടിയിരുന്നു. കഴിഞ്ഞദിവസം നടത്തിയ വൈദ്യ പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് താരം ടീമിനു പുറത്തായത്. കാലിന്‍റെ പേശിക്കേറ്റ പരിക്കു കാരണം മുന്നേറ്റ താരം ലൗട്ടാരോ മാർട്ടിനെസ് ലോകകപ്പ് യോഗ്യത മത്സരം കളിക്കാനുണ്ടാകില്ലെന്ന് എ.എഫ്.എ പത്രക്കുറിപ്പിൽ അറിയിച്ചു.
താരം ടീമിനൊപ്പം പരിശീലനത്തിൽ പങ്കെടുത്തിരുന്നില്ല. നിർണായക മത്സരം കളിക്കാനിറങ്ങുന്ന അർജന്‍റീനയുടെ അറ്റാക്കിങ്ങിലെ രണ്ടു സൂപ്പർ താരങ്ങളുടെ അഭാവം എങ്ങനെ നികത്താനാകുമെന്ന ആലോചനയിലാണ് പരിശീലകൻ ലയണൽ സ്കലോണി. കഴിഞ്ഞദിവസം സീരി എയിൽ അറ്റ്ലാന്‍റക്കെതിരായ മത്സരത്തിൽ മാർട്ടിനെസ് വലകുലുക്കിയിരുന്നു. താരത്തിന്‍റെ അസാന്നിധ്യം മറികടക്കാനായി അത്ലറ്റികോ മഡ്രിഡിന്‍റെ ജൂലിയൻ അൽവാരസിനെ മുഖ്യ സ്ട്രൈക്കറായി കളിപ്പിച്ചേക്കും. നിക്കോളാസ് ഗോൺസാലസ്, തിയാഗോ അൽമാഡ എന്നിവരാണ് ടീമിലെ മറ്റു മുന്നേറ്റ താരങ്ങൾ. ലൗട്ടാരോയുടെ പകരക്കാരനായി മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ അലജാന്ദ്രോ ഗർണാച്ചോ ടീമിലെത്തിയേക്കും.
അർജന്റീനക്കെതിരായ മത്സരത്തിൽനിന്ന് ബ്രസീൽ സൂപ്പർ താരം നെയ്മറും പരിക്കുമൂലം പുറത്തായിരുന്നു. ഇതോടെ മെസ്സി-നെയ്മർ പോരാട്ടം പ്രതീക്ഷിച്ച ആരാധകർ നിരാശയിലായി.
അര്‍ജന്റീന ടീം:
ഗോള്‍ കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റൂളി, വാള്‍ട്ടര്‍ ബെനിറ്റസ്.
പ്രതിരോധ നിര: നഹുവല്‍ മോളിന, ക്രിസ്റ്റ്യന്‍ റൊമേറോ, ജര്‍മന്‍ പെസെല്ല, ലിയോനാര്‍ഡോ ബലേര്‍ഡി, ജുവാന്‍ ഫോയ്ത്ത്, നിക്കോളാസ് ഒട്ടമെന്‍ഡി, ഫാകുണ്ടോ മെദീന, നിക്കോളാസ് ടാഗ്ലിയാഫിക്കോ.
മധ്യനിര: ലിയാന്‍ഡ്രോ പരേഡസ്, എന്‍സോ ഫെര്‍ണാണ്ടസ്, റോഡ്രിഗോ ഡി പോള്‍, എസെക്വിയല്‍ പലാസിയോസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, മാക്‌സിമോ പെറോണ്‍.
മുന്നേറ്റനിര: ജിലിയാനോ സിമിയോണി, ബെഞ്ചമിന്‍ ഡൊമിംഗ്യൂസ്, തിയാഗോ അല്‍മാഡ, നിക്കോളാസ് ഗോണ്‍സാലസ്, നിക്കോ പാസ്, ജൂലിയന്‍ അല്‍വാരസ്, സാന്റിയാഗോ കാസ്‌ട്രോ, ഏഞ്ചല്‍ കൊറിയ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.