ചാമ്പ്യൻസ് ലീഗ് അട്ടിമറി; സിദാൻ പുറത്തേക്ക്?
text_fieldsകഴിഞ്ഞ ദിവസം രാത്രി ചാമ്പ്യൻസ് ലീഗിൽ ഷാക്തറിനോട് 2-0ത്തിന് തോറ്റതോടെ റയൽ മഡ്രിഡിൽ കോച്ച് സിനദിൻ സിദാൻെറ ഭാവിയെ സംബന്ധിച്ച് ചോദ്യ ചിഹ്നം ഉയരുന്നു. വൻകരയുടെ പോരാട്ടത്തിൽ ഹാട്രിക് കിരീടവുമായി റെക്കോഡിട്ടിരുന്ന സിദാനും സംഘവും ഇക്കുറി നോക്കൗട്ട് കാണാതെ പുറത്താവുമെന്ന ഘട്ടം എത്തിയതോടെ ഫ്രഞ്ച് ഇതിഹാസത്തിൻെറ രാജിക്കായി മുറവിളി ഉയർന്നു കഴിഞ്ഞു.
രാജിവെക്കില്ലെന്ന് സിദാൻ
കഴിഞ്ഞ ദിവസം ലാലിഗയിൽ വിയ്യാറയലിനോട് സമനില വഴങ്ങിയെങ്കിലും സിദാൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഷാക്തറിനോടേറ്റ ഞെട്ടിക്കുന്ന തോൽവി റയലിൻെറ നോക്കൗട്ട് പ്രതീക്ഷകൾ അസ്ഥാനത്താക്കുകയായിരുന്നു. മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശം വെക്കുകയും കൂടുതൽ ഷോട്ടുകൾ ഉതിർക്കുകയും ചെയ്തത് റയലായിരുന്നുവെങ്കിലും ലക്ഷ്യം കാണുന്നതിൽ അവർക്ക് പിഴച്ചു.
സെർജിയോ റാമോസും ഏഡൻ ഹസാഡുമില്ലാതെയാണ് പന്തുതട്ടിയതെന്ന് പറയാമെങ്കിലും പരാജയത്തിനും സമീപകാലത്തെ ഫോമില്ലായ്മക്കും ന്യായീകരണമാകുന്നില്ലെന്നാണ് ആരാധകരും മാധ്യമങ്ങളും പറയുന്നത്. റയലിനോട് ഏറ്റുമുട്ടുന്നത് വരെ ചാമ്പ്യൻസ് ലീഗിൽ ഒരു ഗോൾ പോലും സ്കോർ ചെയ്യാത്ത ടീമാണ് ഷാക്തർ. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ 6-0ത്തിനും 4-0ത്തിനുമാണ് മോൻഷൻഗ്ലാഡ്ബാഹ് ഉക്രൈൻ ക്ലബിനെ തകർത്തത്. എന്നിട്ടും കരീം ബെൻസേമ അണിനിരന്ന റയൽ മുന്നേറ്റനിരക്ക് കിയവിലെ ഒളിമ്പിക് മൈതാനത്ത് എതിർ ഗോൾമുഖത്ത്് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല.
ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ഒന്നാം സ്ഥാനത്തുള്ള ബൊറൂസിയ മോൻഷൻഗ്ലാഡ്ബാഹാണ് റയലിൻെറ എതിരാളികൾ. ജർമൻ ടീമിനെ തോൽപിച്ചാൽ മാത്രമാണ് റയലിന് ഇനി പ്രതീക്ഷ. ഒരുമത്സരം കൂടി ബാക്കി നിൽക്കുന്നതിനാൽ തന്നെ തൽക്കാലം രാജിവെക്കാൻ ഉദ്ദേശ്യമില്ലെന്നാണ് സിദാൻ മത്സരശേഷം വ്യക്തമാക്കിയത്. മോൻഷൻഗ്ലാഡ്ബാഹിന് എട്ടും ഷാക്തറിനും റയലിനും ഏഴ് പോയിൻറും വീതമാണുള്ളത്. അഞ്ച് പോയൻറുമായി ഇൻറർ മിലാനാണ് നാലാമത്.
കഴിഞ്ഞ ശനിയാഴ്ച അലാവസിനോട് റയൽ സ്വന്തം മൈതാനത്തിൽ തോറ്റിരുന്നു. ഇതോടെ കഴിഞ്ഞ മൂന്ന് മത്സരങ്ങൾ ഒരു ജയം പോലുമില്ലാതെയാണ് റയൽ പൂർത്തിയാക്കിയത്.
ലിവർപൂൾ നോക്കൗട്ടിൽ
മറ്റ് മത്സരങ്ങളിൽ അയാക്സ് ആംസ്റ്റർഡാമിനെ 1-0ത്തിന് തോൽപിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂൾ തുടർച്ചയായ നാലാം സീസണിലും നോക്കൗട്ട് റൗണ്ടിലെത്തി. മാഞ്ചസ്റ്റര്‍ സിറ്റി -എഫ്.സി പോർട്ടോ (0-0) പോരാട്ടം സമനിലയിൽ അവസാനിച്ചു. മോഷന്‍ഗ്ലാഡ്ബാഹിനെ 3-2ന് തോല്‍പ്പിച്ച ഇൻററിനും നേരിയ പ്രതീക്ഷയുണ്ട്. ഗ്രൂപ്പ് സി റണ്ണേഴ്സ് അപ്പായി പോർട്ടോയും പ്രീക്വാർട്ടറിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.