‘നിന്നേ ഓർത്ത് ലജ്ജിക്കുന്നു’; വിവാദ ഗോളിനു പിന്നാലെ സുനിൽ ഛേത്രിക്ക് സമൂഹമാധ്യമങ്ങളിൽ പൊങ്കാല
text_fieldsബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ പ്ലേ ഓഫ് മത്സരത്തിലെ വിവാദ ഗോളിനു പിന്നാലെ ബംഗളൂരു താരം സുനിൽ ഛേത്രിക്ക് സമൂഹമാധ്യമങ്ങളിൽ പൊങ്കാല.
താരത്തിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ താരത്തെ വിമർശിച്ചും ട്രോളിയും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും ഫുട്ബാൾ പ്രേമികളുടെയും പോസ്റ്റുകൾ നിറയുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ ആദ്യ പ്ലേഓഫ് മത്സരമാണ് നാടകീയ സംഭവങ്ങളിലൂടെ ചരിത്രത്തിന്റെ ഭാഗമായത്. നിശ്ചിത സമയത്ത് ഇരു ടീമും ഗോൾരഹിത സമനില പാലിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്.
അധിക സമയത്തിന്‍റെ 96ാം മിനിറ്റിലായിരുന്നു കളിയെ മാറ്റിമറിച്ച നാടകീയ സംഭവം. ബംഗളൂരു മുന്നേറ്റത്തിനിടെ ബ്ലാസ്റ്റേഴ്സ് ബോക്സിനുപുറത്ത് ബംഗളൂരുവിന് അനുകൂലമായ ഫ്രീകിക്ക്. ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിരോധത്തിന് തയറാറെടുക്കുന്നതിനിടെ ഗോളി പ്രഭ്സുഖൻ സിങ് ഗിൽ മുന്നോട്ടുകയറി നിൽക്കുന്നത് കണ്ട സുനിൽ ചേത്രി ഞൊടിയിടയിൽ പന്ത് എതിർപോസ്റ്റിലേക്ക് കോരിയിട്ടു. സംഭവിച്ചതെന്താണെന്ന് മനസ്സിലാകാതെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പകച്ചുനിൽക്കെ, റഫറി ക്രിസ്റ്റൽ ജോൺ ഗോൾ വിസിലൂതി.
റഫറിയുടെ നിർദേശം വരുന്നതിന് മുമ്പാണ് ചേത്രി കിക്കെടുത്തതെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ വാദിച്ചെങ്കിലും റഫറി തീരുമാനം പിൻവലിച്ചില്ല. ഇതോടെ കോച്ച് വുകോമാനോവിച് തന്നെ പ്രതിഷേധവുമായി കളത്തിലിറങ്ങി. താരങ്ങളെ കളത്തിൽനിന്ന് പിൻവലിച്ച് ബ്ലാസ്റ്റേഴ്സ് ഡ്രസിങ് റൂമിലേക്ക് മടങ്ങി. ഐ.എസ്.എല്ലിൽ ആദ്യമായാണ് റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളി പുർത്തിയാക്കാതെ മടങ്ങുന്നത്.
താരങ്ങൾ തയാറെടുക്കുന്നതിനു മുമ്പേയാണ് ഛേത്രി ഗോളടിച്ചതെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ വാദം. ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിഷേധമുയർത്തി മൈതാനം വിടുന്നതിനു മുമ്പു തന്നെ, വിവിധ പ്രഫഷനൽ ഫുട്ബാൾ മത്സരങ്ങളിൽ ഇത്തരത്തിൽ ഗോളുകൾ നേടിയതിന്റെയും റഫറി ഗോൾ അനുവദിച്ചതിന്റെയും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 2017ൽ റയൽ മഡ്രിഡ്-സെവിയ്യ മത്സരത്തിൽ റയൽ താരം നാച്ചോ നേടിയ ഗോളിന്റെ വിഡിയോയാണ് അതിലൊന്ന്. സെവിയ്യ താരങ്ങൾ പ്രതിഷേധിച്ചെങ്കിലും റഫറി ഗോൾ അനുവദിക്കുകയായിരുന്നു.
എന്നാൽ, ബഴ്സയിലെ തുടക്കക്കാലത്ത് ഇത്തരത്തിൽ ഗോൾ നേടിയ സൂപ്പർതാരം ലയണൽ മെസ്സിക്ക് റഫറി മഞ്ഞക്കാർഡ് നൽകുന്ന വിഡിയോയും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.
സുനിൽ ഛേത്രിയേപ്പോലൊരു മാന്യനായ താരത്തിൽനിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ല, നിന്നെ ഓർത്ത് ലജ്ജിക്കുന്നു എന്നിങ്ങനെ പോകുന്നു സുനിൽ ഛേത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെയുള്ള കമന്‍റുകൾ. താരത്തെ അനുകൂലിച്ചും പോസ്റ്റുകൾ നിറയുന്നുണ്ട്. ഇതോടൊപ്പം ബ്ലാസ്റ്റേഴ്സിനെ തിരിച്ചുവിളിച്ച പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്‍റെ നിലപാടിനെ പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.