ചാമ്പ്യനാകാൻ വീണ്ടും മന്നൻസ്
text_fieldsഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ പതിറ്റാണ്ടിലെ മികച്ച കുറച്ചു ടീമുകളെ തിരഞ്ഞാൽ അതിൽ മുൻനിരയിൽതന്നെ ചെന്നൈയിൻ എഫ്.സിയെ കാണാം. അവരുണ്ടാക്കിവെച്ച ഓളം അത്ര വലുതാണ്. ഇറങ്ങിയ ആദ്യ സീസണിൽതന്നെ ടേബിൾ ടോപ്പേഴ്സ്, തൊട്ടടുത്ത കൊല്ലം 2015ൽ ചാമ്പ്യന്മാർ. ആദ്യ കിരീട നേട്ടത്തിന്റെ ആഘോഷം തീരും മുമ്പ് 2017-18 സീസണിലും ചാമ്പ്യന്മാർ. തൊട്ടടുത്ത വർഷം 2019-20 സീസണിൽ റണ്ണേഴ്സ്.
കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ് സിയും കഴിഞ്ഞാൽ ആരാധക കരുത്തിൽ മുന്നിലുള്ള ചെന്നൈയിൻ ഇത്തവണ ഇറങ്ങുന്നത് ഒരുങ്ങിത്തന്നെയാണ്. തന്ത്രജ്ഞാനിയും 2019-20 സീസണിൽ ടീമിനെ ഫൈനൽ വരെയെത്തിച്ച സ്കോട്ടിഷ് കോച്ച് ഓവൻ കോയ്ലെ തന്നെയാണ് വജ്രായുധം. ആദ്യ സൈനിംഗിൽതന്നെ 2020-21 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോററായ ആസ്ട്രേലിയൻ സ്ട്രൈക്കർ ജോർഡൻ മുറെയെ ചെന്നൈയിൻ പാളത്തിലെത്തിച്ചു. പിന്നീട് സ്കോട്ടിഷ് സ്ട്രൈക്കർ 26 കാരനായ കോന്നോർ ഷീൽഡിനെയും ഫ്രീ ട്രാൻസഫർ മുഖേന ടീമിലെത്തിക്കാനായി. ഇവർ രണ്ടുപേരുമാണ് ഇത്തവണ ചെന്നൈയിൽ എഫ് സിയുടെ തുറുപ്പ് ചീട്ടുകൾ. പിൻനിരക്ക് കരുത്താകാൻ ചെന്നൈയിൻ എഫ് സി നടത്തിയ ഒരു പ്രധാന സൈനിങ് മലയാളിയായ സച്ചു സിബിയുടേതാണ്. കേരള പ്രീമിയർലീഗ് 2022-23 സീസൺ ടൈറ്റിൽ വിന്നേഴ്സായ കേരള യുനൈഡിന്റെ പ്രധാന താരമായിരുന്ന ഈ 22കാരന്റെ സാന്നിധ്യം ചെന്നൈയിൻ വൻമതിലിന് കരുത്താകും. കേരള ബാസ്റ്റേഴ്സിൽനിന്ന് കൂടുമാറിയ ആയുഷ് അധികാരിയും ജാംഷഡ്പുരിൽനിന്ന് ട്രാൻസ്ഫർ വിൻഡോയിലൂടെ എത്തിയ ഫാറൂഖ് ചൗധരിയും നയിക്കുന്ന മിഡ്ഫീൽഡും ചെന്നൈയിന് നിരക്ക് പ്രതീക്ഷ നൽകുന്നതാണ്.
ആശാൻ
കളി മേക്കിങ്ങിലെ തന്ത്രങ്ങൾകൊണ്ടും മികച്ച പാടവം കൊണ്ടും അറിയപ്പെടുന്നയാളാണ് സ്കോട് ലൻഡുകാരനായ ഓവൻ കോയ്ലെ. അദ്ദേഹത്തിൽ പൂർണ വിശ്വാസമർപ്പിക്കാനും ചെന്നൈയിന് കാരണങ്ങളുണ്ട്. കോയ്ലെയുടെ ഇന്ത്യയിലേക്കുള്ള ആദ്യ വരവ് 2019ൽ ചെന്നൈയിൻ പരിശീലകനായാണ്.
ആ സീസണിലെ പ്രയാണം ഫൈനൽ വരെയെത്തിക്കാൻ കോയ്ലെക്ക് കഴിഞ്ഞിട്ടുണ്ട്. തൊട്ടടുത്ത സീസണിൽ ജാംഷഡ്പുരിലേക്ക് മാറി. 2022ൽ സ്കോട്ടിഷ് ക്ലബായ ക്വീൻസ് പാർക്കിലേക്ക് മടങ്ങി. അവിടെനിന്നാണ് കോയ്ലെയെ വീണ്ടും ചെന്നൈയിൻ പാളയത്തിലെത്തിക്കുന്നത്. മികച്ച സ്ട്രൈക്കറായി നിരവധി സ്കോട്ടിഷ് ക്ലബുകളിൽ ബൂട്ടുകെട്ടിയ കോയ്ലെ അതിനേക്കാൾ മികച്ചൊരു കോച്ചാണെന്ന് തെളിയിച്ച നിരവധി നേട്ടങ്ങളും കരിയറിലുണ്ട്. അറ്റാക്കിങ് ഫുട്ബാളാണ് രീതി. കളിക്കാർക്ക് ഗ്രൗണ്ടിൽ പൂർണ സ്വാതന്ത്ര്യം നൽകിയുള്ള ശൈലിയും കോയ്ലെയെ വ്യത്യസ്തനാക്കുന്നു.
മത്സരങ്ങൾ
സെപ്. 23 ഒഡിഷ എഫ്.സി
സെപ്. 29 നോർത്ത് ഈസ്റ്റ് യുനൈറ്റഡ്
ഒക്ടോ. 07 മോഹൻ ബഗാൻ
ഒക്ടോ. 23 ഹൈദരാബാദ് എഫ്.സി
ഒക്ടോ. 29 പഞ്ചാബ് എഫ്.സി
നവം. 05 എഫ്.സി ഗോവ
നവം. 25 ഈസ്റ്റ് ബംഗാൾ
നവം. 29 കേരള ബ്ലാസ്സ്റ്റേഴ്സ്
ഡിസം. 7 ജാംഷഡ്പുർ എഫ്.സി
ഡിസം. 13 ബംഗളൂരു എഫ്.സി
ഡിസം. 18 പഞ്ചാബ് എഫ്.സി
ഡിസം. 28 മുംബൈ സിറ്റി എഫ്.സി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.