'കലിയൂ'രിൽ വീണ്ടും...
text_fieldsകൊച്ചി: കിടിലൻ തുടക്കത്തിന്റെ കരുത്തുണ്ട് കൂട്ടിന്. കളി വീണ്ടും കലൂരിലെന്ന തിണ്ണമിടുക്കും. കൂട്ടത്തിൽ ഇവാൻ കലിയൂഷ്നിയുമുണ്ട്. നിറഞ്ഞൊഴുകാൻ അഡ്രിയാൻ ലൂനയും. എല്ലാറ്റിനും മേലേ മഞ്ഞ പുതച്ച ആ കടലിരമ്പം. ടിക്കറ്റുകൾ വിറ്റുതീർന്ന ഒഴിവു ദിനത്തിൽ ആവേശം ആകാശത്തോളമെന്നുറപ്പ്.
മഞ്ഞയിൽ മുങ്ങിയ മേലാപ്പിനുകീഴെ കളിയും അതിനൊത്തതായാൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നും കലകലക്കും. ഈസ്റ്റ് ബംഗാളിനെ ആദ്യ കളിയിൽ 3-1ന് തകർത്തുവിട്ട ബ്ലാസ്റ്റേഴ്സിന് ഐ.എസ്.എൽ പുതു സീസണിലെ രണ്ടാം മത്സരവും സ്വന്തം തട്ടകത്തിലായത് അനുഗ്രഹമായി.
തുടർച്ചയായ രണ്ടാം കളിയിലും എതിരാളികൾ കൊൽക്കത്തക്കാർ. മൂന്നു തവണ ചാമ്പ്യന്മാരും ലീഗിലെ കരുത്തരുമായ എ.ടി.കെ മോഹൻ ബഗാനാണ് ഞായറാഴ്ച മഞ്ഞപ്പടയെ അവരുടെ മടയിൽ നേരിടാനെത്തുന്നത്.
സ്റ്റീഫൻ കോൺസ്റ്റൈന്റൻ പരിശീലകനായ ഈസ്റ്റ് ബംഗാളിൽനിന്ന് ഏറെ വ്യത്യസ്തമാണ് യുവാൻ ഫെറാൻഡോയുടെ എ.ടി.കെ. കടലാസിലും കളത്തിലും കൂടുതൽ കരുത്തർ. ഇന്ത്യൻ ടീമിൽ ബൂട്ടണിയുന്ന ഒരുപിടി താരങ്ങൾക്കൊപ്പം കരുത്തരായ ആറു വിദേശ താരങ്ങളുമടങ്ങിയ നിര.
ഒമ്പതു സീസണിൽ അഞ്ചിലും ഉദ്ഘാടന മത്സരത്തിൽ തങ്ങളുമായി കൊമ്പുകോർത്ത ടീമാണ് എ.ടി.കെയെന്നത് ബ്ലാസ്റ്റേഴ്സിന് ബോധ്യമുണ്ട്. ടൂർണമെന്റിന്റെ തുടക്കംമുതൽ വളർത്തിയെടുത്തൊരു 'വൈരം' ഇരുടീമുകളുടെയും ഉള്ളിൽ അണയാതുണ്ടുതാനും. ജയിച്ചാൽ ബ്ലാസ്റ്റേഴ്സ് ആറു പോയന്റുമായി ലീഗിൽ ഒറ്റക്ക് ഒന്നാമതെത്തും.
ലീഗിലെ ഏറ്റവും മികച്ച ടീമുകളിലൊന്നിനോടാണ് മുട്ടാനിറങ്ങുന്നതെന്നത് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് മറച്ചുവെക്കുന്നില്ല. ''മികച്ച കളിക്കാരുണ്ടവർക്ക്. ഒറ്റക്കും കൂട്ടായുമെടുത്താലും ഒന്നാന്തരം താരങ്ങൾ. അവരെ കീഴടക്കാൻ ചില്ലറ കളിയൊന്നും മതിയാകില്ല.
പ്രതിരോധം അതിജാഗ്രത പുലർത്തേണ്ടിവരും.'' സെറ്റ് പീസുകൾ ഉൾപ്പെടെ ഏതു ഘട്ടത്തിലും കൊൽക്കത്തക്കാരുടെ ആക്രമണനീക്കങ്ങളുടെ മുനയൊടിക്കുന്നതിന് പ്രാമുഖ്യം നൽകിയാണ് എ.ടി.കെക്ക് എതിരായ മത്സരത്തിൽ വുകോമനോവിച്ച് തന്ത്രങ്ങൾ ഒരുക്കിയിട്ടുള്ളത്.
പരിക്കിന്റെ പിടിയിൽ താരങ്ങളില്ലെന്നത് വുകോമനോവിച്ചിന് ആശ്വാസം പകരുന്നുണ്ട്. ആയുഷ് അധികാരിക്ക് രണ്ടുദിവസം മുമ്പ് പറ്റിയ സാരമല്ലാത്ത പരിക്കു മാത്രമാണ് ടീമിനു മുന്നിലുള്ള ഏക 'പ്രശ്നം'.
പ്ലെയിങ് ഇലവനിൽ കലിയൂഷ്നി?
ഈസ്റ്റ് ബംഗാളിനെതിരെ കളിച്ച അതേ 4-4-2 ശൈലിയിലാവും വുകോമനോവിച്ച് എ.ടി.കെക്കെതിരെയും ടീമിനെ വിന്യസിക്കുക. ഗോൾകീപ്പറുടെ ഗ്ലൗസ് വീണ്ടും പ്രഭ്സുഖൻ ഗില്ലിനു തന്നെ. പിടിപ്പത് പണിയുണ്ടായേക്കാവുന്ന ഡിഫൻസിനെ മാർക്കോ ലെസ്കോവിച്ച് നയിക്കും.
ജെസൽ കാർണീറോ, ഹർമൻജോത് ഖബ്ര, ഹോർമിങ്പാം റൂയിയ എന്നിവർ ഇടംവലം ലെസ്കോവിച്ചിന് തുണ നിൽക്കും. ലൂന നയിക്കുന്ന മധ്യനിരയിൽ സഹൽ അബ്ദുൽ സമദ്, ജീക്സൺ സിങ്, പ്യൂട്ടിയ എന്നിവരും ആദ്യ ഇലവനിലുണ്ടാകും.
ആദ്യ കളിയിലെ അപോസ്തോലോസ് ജിയാനു- ദിമിത്രിയോസ് ദിയമാന്റകോസ് ആക്രമണ ജോടിയിൽ മാറ്റമുണ്ടാകുമോയെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഈസ്റ്റ് ബംഗാളിനെതിരെ അന്തിമഘട്ടത്തിൽ സൂപ്പർ സബ് ആയി ഇറങ്ങി രണ്ടു തകർപ്പൻ ഗോളുകളിലൂടെ വിജയശിൽപിയായ കലിയൂഷ്നിയെ ഇവരിൽ ഒരാൾക്ക് പകരം സ്റ്റാർട്ടിങ് ലൈനപ്പിൽ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയും ആരാധകർ പുലർത്തുന്നുണ്ട്.
പുതിയ സാഹചര്യങ്ങളും ടീമും സിസ്റ്റവുമായി ഇണങ്ങാൻ പടിപടിയായാവും കലിയൂഷ്നിയെ ഉയർത്തിക്കൊണ്ടു വരുകയെന്നാണ് കോച്ചിന്റെ വിശദീകരണം. എന്നാലും 'ആശാന്റെ' പദ്ധതികളിൽ യുക്രെയ്ൻകാരനെ സ്റ്റാർട്ടിങ് ഇലവനിൽ പരീക്ഷിക്കാനുള്ള സാധ്യതകൾ തള്ളാനാവില്ല.
എ.ടി.കെക്ക് ജയിക്കണം
ആദ്യ കളിയിൽ ചെന്നൈയിൻ എഫ്.സിയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റു തുടങ്ങിയ എ.ടി.കെ ജയിച്ചേ തീരൂ എന്ന നിലപാടുമായാണ് കൊച്ചിയുടെ മണ്ണിൽ ബൂട്ടുകെട്ടുന്നത്. മലയാളി താരം ആഷിഖ് കുരുണിയനാണ് വംഗനാട്ടുകാരുടെ പ്രമുഖ താരങ്ങളിലൊരാൾ.
പ്രീതം കോട്ടാലും ബ്രെൻഡൺ ഹാമിലും ചേർന്ന ഡിഫൻഡിൽ സുഭാശിഷ് ബോസും ആശിഷ് റായിയും. ആഷിഖിനൊപ്പം ഫ്രഞ്ചുകാരൻ ഹ്യൂഗോ ബൗമസും ജോണി കൗകോയും മിഡ്ഫീൽഡിൽ. സ്ട്രൈക്കിങ് പാർട്ണർമാരായി മൻവീർ സിങ്ങും ദിമിത്രി പെട്രാറ്റോസും.
തങ്ങളുടെ പ്രധാന വിദേശ താരങ്ങളിലെരാളായ േഫ്ലാറന്റീൻ പോഗ്ബയെ കഴിഞ്ഞ കളിയിൽ എ.ടി.കെ കളത്തിലിറക്കിയിരുന്നില്ല. ബ്ലാസ്റ്റേഴ്സിനെതിരെ പോഗ്ബയെ പരീക്ഷിക്കാൻ ഫെറാൻഡോ തുനിഞ്ഞേക്കും.
സെവൻസിന്റെ കളിമുറ്റങ്ങളിൽ നിറഗാലറിക്കു കീഴെ കളിച്ചുപരിചയിച്ച തനിക്ക് കലൂരിലെ വിസ്മയഗാലറിയെ പേടിയില്ലെന്ന് ആഷിഖ് പറയുമ്പോഴും, സിമന്റുപടവുകളിൽ ആർത്തലക്കുന്ന ആയിരങ്ങളാവും ഇന്നും കൊച്ചിയിലെ ശ്രദ്ധാകേന്ദ്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.