സന്തോഷ് ട്രോഫി ഇനി മുതൽ 'ഫിഫ സന്തോഷ് ട്രോഫി'; ഫൈനൽ കാണാൻ ഫിഫ പ്രസിഡന്റ് എത്തും
text_fieldsന്യൂഡൽഹി: സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് ഇനി മുതൽ ഫിഫ സന്തോഷ് ട്രോഫി എന്നറിയപ്പെടും. അരുണാചൽ പ്രദേശിൽ മാർച്ചിൽ നടക്കുന്ന ഫൈനലിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ മുഖ്യാതിഥിയായി പങ്കെടുക്കും. ഡൽഹിയിൽ ചേർന്ന എ.ഐ.എഫ്.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി ഡോ. ഷാജി പ്രഭാകരനുമായുള്ള കരാർ അവസാനിപ്പിച്ച് എം. സത്യനാരായണനെ നിയമിക്കാനുള്ള തീരുമാനവും യോഗം അംഗീകരിച്ചു.
"ഫിഫയുമായി ചർച്ച നടത്തിയതിന് ശേഷം സന്തോഷ് ട്രോഫി ഇനി ഫിഫ സന്തോഷ് ട്രോഫി എന്നറിയപ്പെടുമെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ടൂർണമെന്റിന്റെ നടത്തിപ്പിനെക്കുറിച്ച് അരുണാചൽ പ്രദേശ് അധികൃതരുമായി കൂടിക്കാഴ്ച നടത്താൻ ഫിഫ ഉദ്യോഗസ്ഥരുടെ ഒരു സംഘം എത്തും. ”-എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞു.
ഗോൾകീപ്പേഴ്‌സ് അക്കാദമി സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് ചൗബെ കൂട്ടിച്ചേർത്തു. മുൻ ഇന്ത്യൻ ഗോൾകീപ്പർ കൂടിയായ ചൗബെ, ജർമ്മനിയുടെ ഇതിഹാസ മുൻ ഗോൾകീപ്പർ ഒലിവർ കാനുമായി കൂടിക്കാഴ്ച നടത്തിയതായി അംഗങ്ങളോട് പറഞ്ഞു.
ഝാർഖണ്ഡ്, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ചില ഐ-ലീഗ് മത്സരങ്ങൾ നടത്താനും കമ്മിറ്റി തീരുമാനിച്ചു.
ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്‌മെന്റ് മേധാവിയും മുൻ ആഴ്‌സണൽ മാനേജരുമായ ആഴ്‌സൻ വെംഗർ ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുകയാണ്. അദ്ദേഹത്തിന്റെ സന്ദർശനം ഇന്ത്യയുടെ യുവജന വികസന പദ്ധതികളിലും പദ്ധതികളിലും ഒരു പുതിയ അധ്യായം തുറക്കുമെന്ന് എ.ഐ.എഫ്.എഫ് പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.