ബംഗളൂരുവിനെതിരെ കളംവിട്ട കേരള ബ്ലാസ്റ്റേഴ്സ് ടീമിന് നാല് കോടി പിഴ, കോച്ചിന് വിലക്ക്
text_fieldsന്യൂഡൽഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേഓഫില്‍ ബംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിനിടെ വിവാദ ഗോളിൽ പ്രതിഷേധിച്ച് കളംവിട്ട കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടപടി. ടീമിന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ നാല് കോടി രൂപ പിഴയിട്ടു. കളിക്കാരെ തിരിച്ചുവിളിച്ച മുഖ്യപരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ നടത്തുന്ന ടുർണമെന്റുകളിൽ പത്ത് മത്സരങ്ങളിൽ വിലക്കുമേർപ്പെടുത്തി. അഞ്ച് ലക്ഷം രൂപ പിഴയുമുണ്ട്. പരസ്യമായി മാപ്പു പറയുകയും വേണം. പറഞ്ഞില്ലെങ്കിൽ ക്ലബിന്റെ പിഴ ആറ് കോടിയായി ഉയർത്തും. അപ്പീൽ നൽകാൻ അവസരമുണ്ട്. എന്നാലും സൂപ്പർ കപ്പിൽ വുകൊമാനോവിച്ചിന് പുറത്തിരിക്കേണ്ടി വരും.
അതേസമയം, പോയന്റ് വെട്ടിച്ചുരുക്കുകയോ ടീമിനെ അയോഗ്യരാക്കുകയോ ചെയ്തിട്ടില്ല. സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളിനെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാതെ തിരിച്ചുവിളിക്കുകയായിരുന്നു. തിരിച്ചെത്താൻ ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടെങ്കിലും ടീം കൂട്ടാക്കിയില്ല. സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ലംഘനത്തിനാണ് വൻതുക പിഴ.
ഒരാഴ്ചക്കുള്ളിൽ നിർദേശങ്ങൾ പാലിക്കണമെന്നാണ് ആവശ്യം. കളി പാതിവഴിയിൽ നിർത്തുന്നത് ലോക ഫുട്ബാളിൽ അത്യപൂർവ അനുഭവമാണെന്നും പ്രഫഷനൽ ഫുട്ബാളിൽ ഒരിക്കൽ മാത്രമാണ് ടീം കളി നിർത്തി മടങ്ങിയ ചരിത്രമുള്ളതെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. 2012ൽ ഈസ്റ്റ് ബംഗാൾ- മോഹൻ ബഗാൻ മത്സരത്തിനിടെയായിരുന്നു അങ്ങനെ സംഭവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.