ഐ ലീഗിൽ ഒത്തുകളിക്കായി താരങ്ങളെ സമീപിച്ചെന്ന് എ.ഐ.എഫ്.എഫ്
text_fieldsന്യൂഡൽഹി: ഐ ലീഗിലെ നാല് ക്ലബുകളിലെ താരങ്ങളെ ഒത്തുകളിക്കും മറ്റ് കൃത്രിമങ്ങൾക്കുമായി ചിലർ സമീപിച്ചതായി വെളിപ്പെടുത്തി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്). വിഷയം ഗൗരവത്തോടെ അന്വേഷിക്കുമെന്ന് എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബേ പ്രസ്താവനയിൽ അറിയിച്ചു.
ആരാണ് കളിക്കാരെ ബന്ധപ്പെട്ടതെന്നോ ഏത് കളിക്കാരനെയാണ് സമീപിച്ചതെന്നോ ചൗബേ വെളിപ്പെടുത്തിയിട്ടില്ല. സമഗ്രമായി പരിശോധിക്കുമെന്നും അന്വേഷിക്കുമെന്നും എ.ഐ.എഫ്.എഫ് പ്രസിഡന്റ് വ്യക്തമാക്കി. അന്വേഷണത്തിനുശേഷം ശക്തമായ നടപടിയുണ്ടാകും. ഈ സീസണിലെ ഐ ലീഗിന് ഒക്ടോബറിലാണ് തുടക്കമായത്. 13 ടീമുകളുള്ള ലീഗിൽ 40ലധികം മത്സരങ്ങൾ പൂർത്തിയായി. സീസണിന്റെ തുടക്കത്തിലാണ് ചിലർ താരങ്ങളെ സമീപിച്ചതെന്നാണ് സൂചന. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എ.ഐ.എഫ്.എഫ് ബോധവത്കരണം നടത്തും.
ഇന്റഗ്രിറ്റി ഓഫിസർ ജാവേദ് സിറാജാണ് വിഷയം കൈകാര്യംചെയ്യുന്നത്. സംശയകരമായ ചില മത്സരങ്ങളെക്കുറിച്ചും ഫെഡറേഷൻ അന്വേഷിക്കും. ഷെൽ കമ്പനികൾ ഐലീഗ് ക്ലബുകളിലേക്ക് നടത്തിയ നിക്ഷേപങ്ങളെക്കുറിച്ച് ഫെഡറേഷൻ മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഐ ലീഗിനിടെ 2018ൽ മിനർവ പഞ്ചാബ് ടീമംഗങ്ങളെ ചിലർ ഒത്തുകളിക്കായി സമീപിച്ചിരുന്നു.
കഴിഞ്ഞ വർഷം രാജ്യത്തെ ഫുട്ബാളിലെ ഒത്തുകളി സംബന്ധിച്ച് സി.ബി.ഐ കേസെടുത്തിരുന്നു. ക്ലബുകളുടെ രേഖകൾ സി.ബി.ഐ ശേഖരിച്ചു. മത്സരഫലങ്ങളിൽ കൃത്രിമം കാണിക്കുന്നതിൽ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാതുവെപ്പ് സംഘത്തിന്റെ ഇടപെടലും അന്വേഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.