അർജന്‍റീനക്ക് മൈതാനമൊരുക്കാമെന്ന കേരളത്തിന്‍റെ താൽപര്യം പരിഗണിക്കാമെന്ന് എ.ഐ.എഫ്.എഫ്
text_fieldsതിരുവനന്തപുരം: മെസ്സിക്കും കൂട്ടർക്കും കളിക്കാൻ വേദിയൊരുക്കാമെന്ന കേരളത്തിന്റെ താൽപര്യം പരിഗണിക്കാമെന്ന് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്). കേരള ഫുട്ബാൾ അസോസിയേഷൻ വഴി സമീപിച്ചാൽ ഇക്കാര്യം പരിഗണിക്കാമെന്ന് എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ പറഞ്ഞു.
‘ഇന്ത്യൻ ടീമുമായി കളിക്കാൻ അർജന്റീനക്ക് പദ്ധതിയുണ്ടായിരുന്നില്ല. ഇന്ത്യയില്‍ വെച്ച് മറ്റൊരു ടീമുമായി കളിക്കാനായിരുന്നു അർജന്റീനയുടെ താൽപര്യം, ഇതുസംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നില്ല’ -ഷാജി പ്രഭാകരൻ പറഞ്ഞു. ഇന്ത്യൻ ടീമുമായി കളിക്കാനായിരുന്നില്ല അർജന്റീനയുടെ ആലോചന. അതിനാൽ തന്നെ സ്‌പോൺസർഷിപ്പിന് വേണ്ടിവരുമായിരുന്ന 40 കോടിയെപ്പറ്റി ചർച്ച നടന്നില്ല. കേരളത്തിൽ കളി നടത്താമെന്ന ആലോചന വന്നാൽ അത് സംസാരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ കളിക്കാൻ അർജന്റീന ടീം താൽപര്യം അറിയിച്ചെന്നും സ്‌പോൺസർഷിപ്പ് തുകയായി ചോദിച്ച 40 കോടി ഇല്ലാത്തതിനാൽ എ.ഐ.എഫ്.എഫ് ക്ഷണം ഉപേക്ഷിച്ചെന്നുമായിരുന്നു റിപ്പോർട്ട്. അർജന്റീന ദേശീയ ടീം ഇന്ത്യയിൽ പന്തുതട്ടാനുള്ള താൽപര്യമറിയിച്ചിട്ടും ഫുട്ബാൾ ഫെഡറേഷൻ തങ്ങളുടെ കൈയിൽ കാശില്ലെന്ന് ചൂണ്ടിക്കാട്ടി അവസം കളഞ്ഞുകുളിച്ചത് വൻ വിവാദത്തിലായിരിക്കെയാണ് ലോക ചാമ്പ്യന്മാരെ അബ്ദുറഹിമാൻ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
മെസ്സിയെയും കൂട്ടരെയും കേരളത്തിലേക്ക് ക്ഷണിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് മന്ത്രി കത്തയക്കുകയും ചെയ്തു. കത്ത് ഉൾപെടെ ഫേസ്ബുക്കിൽ സുദീർഘമായ പോസ്റ്റ് പങ്കുവെച്ചാണ് അർജന്റീന ടീമിനെ ക്ഷണിച്ച കാര്യം മന്ത്രി അറിയിച്ചത്. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശായിരുന്നു അർജന്റീന നോക്കിയിരുന്ന മറ്റൊരു രാജ്യം. ഇതെ കാരണം പറഞ്ഞ് ബംഗ്ലാദേശും പിന്മാറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
അതസേമയം, നല്ലൊരു സ്റ്റേഡിയം പോലുമില്ലാതെ കേരളത്തിൽ എവിടെവെച്ച് മെസ്സിയും കൂട്ടരും കളിക്കുമെന്ന് മന്ത്രിയുടെ പോസ്റ്റിന് താഴെ പല കായികപ്രേമികളും പ്രതികരണമറിയിച്ചു. ഇന്ത്യൻ ടീമിന്റെ ഒരു മത്സരം പോലും കേരളത്തിൽ നടത്താനാകുന്നില്ല. കായിക താരങ്ങൾക്ക് പലർക്കും വാഗ്ദാനം ചെയ്ത ജോലി കിട്ടിയില്ലെന്നും സ്പോർട്സ് ഹോസ്റ്റലുകളിലെ ഭക്ഷണത്തിന്റെ തുക പോലും കുട്ടികൾക്ക് ലഭിച്ചിട്ടില്ലെന്നും വിമർശനമുയർന്നു. കാര്യവട്ടത്ത് ക്രിക്കറ്റ് മത്സരം നടത്തുന്നത് തടയാൻ കായികമന്ത്രി ശ്രമിച്ചെന്നും ചിലർ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.