വയനാടിനായി പയ്യനാട്ട് പന്തുരുളും
text_fieldsമലപ്പുറം: ഉരുൾപൊട്ടൽ ദുരന്തത്തിൽ രാജ്യത്തിന്റെ കണ്ണീരായ വയനാടിനെ ചേർത്തുപിടിക്കാൻ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനും (എ.ഐ.എഫ്.എഫ്). മുണ്ടക്കൈ-ചൂരൽമല മേഖലകളിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ സഹായത്തിനായി സൗഹൃദ മത്സരം നടത്തും. എ.ഐ.എഫ്.എഫിന്റെ അനുമതിയോടെ കേരള ഫുട്ബാൾ അസോസിയേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് കളി. സൗഹൃദ പോരിൽ ഐ ലീഗ് ചാമ്പ്യന്മാരായ മുഹമ്മദൻ സ്പോർട്ടിങ് ക്ലബും സൂപ്പർ ലീഗ് കേരള ഇലവനും ഏറ്റുമുട്ടും.
ഐ.എസ്.എൽ മാതൃകയിൽ കേരളത്തിൽ ആരംഭിക്കുന്ന ‘സൂപ്പർ ലീഗ് കേരള’ ചാമ്പ്യൻഷിപ്പിലെ ടീമുകളിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തിയാണ് ‘സൂപ്പർ ലീഗ് കേരള ഇലവൻ’ പോരിനിറങ്ങുക. മുഹമ്മദൻ സ്പോർട്ടിങ് ക്ലബിലും പ്രധാന താരങ്ങൾ ബൂട്ടണിയും. ഇരുടീമിലുമായി പത്തിലധികം വിദേശതാരങ്ങൾ കളിക്കുമെന്നാണ് സൂചന. സൗഹൃദ മത്സരത്തിനായി കേരളത്തിലെത്തുന്ന മുഹമ്മദൻസ് ടീം അവരുടെ അത്യാവശ്യ ചെലവുകൾ മാത്രം വഹിച്ചാൽ മതിയെന്ന് അറിയിച്ചിട്ടുണ്ട്.
സെപ്റ്റംബർ ഏഴിന് നടക്കുന്ന ‘സൂപ്പർ ലീഗ് കേരള’യുടെ മുന്നോടിയായാണ് ഈ സൗഹൃദ മത്സരം തീരുമാനിച്ചത്. മഞ്ചേരി പയ്യനാട് 20,000 പേർക്കായിരിക്കും സൗഹൃദ മത്സരവും തുടർന്ന് സൂപ്പർ ലീഗ് കളിയും കാണാൻ അവസരം. ഹിമാചൽ പ്രദേശിലെ പ്രകൃതി ദുരന്തത്തിലും ദുരിതാശ്വാസ സഹായം കണ്ടെത്താൻ എ.ഐ.എഫ്.എഫ് ചാരിറ്റി മത്സരം സംഘടിപ്പിക്കുന്നുണ്ട്. ഈ മത്സരം ലഖ്നോയിൽ സെപ്റ്റംബർ രണ്ടിനാണ് ഉദ്ദേശിക്കുന്നത്. മത്സരത്തിൽ ഏതൊക്കെ ടീമുകൾ പങ്കെടുക്കുമെന്ന് ഉടനെ പ്രഖ്യാപിക്കും.
ലക്ഷ്യമിടുന്നത് ഒരുകോടിയോളം രൂപ
സൂപ്പർ ലീഗ് കേരളയിൽ പങ്കെടുക്കുന്ന ആറ് ടീമുകളും ദുരിതാശ്വാസത്തിനായി നിശ്ചിത തുക സംഭാവന ചെയ്യും. അതിനൊപ്പം പയ്യനാട്ടെ മത്സരത്തിൽ ലഭിക്കുന്ന ടിക്കറ്റ് വരുമാനം കൂടെ ചേർത്തായിരിക്കും വയനാടിനായി സഹായതുക കൈമാറുക.
ദുരന്തമേഖലയായ വയനാടിനായി കേരളത്തിലെ ഫുട്ബാൾ പ്രേമികൾ ഒരുമിക്കണമെന്നും സൗഹൃദ ചാരിറ്റി മത്സരത്തിലൂടെയും ടീമുകളുടെ സംഭാവനയിലൂടെയും ചുരുങ്ങിയത് ഒരുകോടിയെങ്കിലും രൂപ ദുരിതാശ്വാസത്തിനായി സ്വരൂപിക്കുകയാണ് ലക്ഷ്യമെന്ന് എ.ഐ.എഫ്.എഫ് നിയുക്ത സെക്രട്ടറി ജനറലും കേരള ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ പി. അനിൽ കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. വയനാടിനായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചാരിറ്റി മത്സരങ്ങൾ നടത്താൻ കേരള ഫുട്ബാൾ അസോസിയേഷൻ നൽകിയ നിർദേശത്തിൽ എ.ഐ.എഫ്.എഫ് ഉടനെ അനുകൂല തീരുമാനം കൈക്കൊള്ളുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലഖ്നോവിൽ നടക്കുന്ന രണ്ടാമത്തെ മത്സരത്തിന്റെ കാര്യത്തിൽ അവസാന തീരുമാനം വന്നിട്ടില്ലെന്നും അനിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.