അയാക്സിെൻറ സ്നേഹം ചെറുനക്ഷത്രങ്ങളായി ആരാധകരിലേക്ക്
text_fieldsആംസ്റ്റർഡാം: ഡച്ച് ലീഗ് ജേതാക്കളായി അയാക്സ് ആംസ്റ്റർഡാം നേടിയ വെള്ളി ഷീൽഡ് ട്രോഫി രാജ്യമെങ്ങുമുള്ള 42,000 ആരാധകരിലേക്ക് ചെറു നക്ഷത്രമായെത്തും. ഇംഗ്ലണ്ടിലും സ്പെയിനിലുമെല്ലാം ക്ലബുകൾക്കെതിരെ ആരാധകകൂട്ടങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന കാലത്താണ് സമാനതകളില്ലാത്ത സ്നേഹസമ്മാനംകൊണ്ട് ഒരു ക്ലബും അവരുടെ ആരാധകരും പുതുചരിത്രമെഴുതുന്നത്.
കോവിഡ് കാരണം ആരാധക സാന്നിധ്യമില്ലാതെ ഒരു സീസൺ അവസാനിപ്പിച്ചതിെൻറ നിരാശയാണ് അയാക്സ് ഇങ്ങനെ തീർക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തിലാണ് അയാക്സ് നെതർലൻഡ്സിലെ ഒന്നാം ഡിവിഷൻ ലീഗായ 'എറഡിവൈസ്' ജേതാക്കളായത്.
30 മത്സരങ്ങളും കളിച്ചത് ഒഴിഞ്ഞ സ്റ്റേഡിയത്തിലായിരുന്നു. കോവിഡ് കാരണം കളിക്കളങ്ങൾ അടച്ചിട്ടപ്പോൾ അകലങ്ങളിലിരുന്ന് പ്രോത്സാഹനമായ ആരാധകരെ ക്ലബ് മറന്നില്ല. ഇതോടെയാണ് തങ്ങൾ നേടിയ കിരീടം ഉരുക്കിയെടുത്ത് നിർമിക്കുന്ന ചെറു നക്ഷത്രങ്ങൾ 42,000 സീസൺ ടിക്കറ്റ് ഉടമകൾക്ക് സമ്മാനമായി നൽകാൻ തീരുമാനിച്ചത്. ചെറു വിഡിേയാ ദൃശ്യത്തിലൂടെ ക്ലബ് തങ്ങളുടെ തീരുമാനം പുറത്തു വിടുകയും ചെയ്തു.
ഒാരോ കുഞ്ഞു നക്ഷത്രത്തിനും 3.45 ഗ്രാമം വീതം കനവുമുണ്ട്. 'വിജയത്തിൽനിന്നൊരു കഷണം, ചരിത്രത്തിൽനിന്നൊരു കഷണം, അയാക്സിൽ നിന്നൊരു കഷണം' എന്ന മുദ്രാവാക്യവുമായാണ് ക്ലബ് ആരാധകർക്ക് സമ്മാനം വിതരണം ചെയ്യുന്നത്. ക്ലബിെൻറ നീക്കത്തെ സ്വാഗതംചെയ്ത നെതർലൻഡ്സ് ഫുട്ബാൾ അസോസിയേഷൻ ട്രോഫി കാബിനറ്റിൽ സൂക്ഷിക്കാൻ ലീഗ് കിരീടത്തിെൻറ മറ്റൊരു പകർപ്പ് നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.