നെയ്മറിന് പകരം സലാഹ്; ചടുല നീക്കങ്ങളുമായി അൽ ഹിലാൽ
text_fieldsറിയാദ്: പൊന്നും വിലക്ക് അൽ ഹിലാൽ സ്വന്തമാക്കിയ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ ക്ലബ് വിടുമെന്ന് ഏറെകുറേ ഉറപ്പായതോടെ മറ്റൊരു സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ അൽഹിലാലിന്റെ തിരക്കിട്ട ശ്രമങ്ങൾ. ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാഹിനെ നോട്ടമിട്ടാണ് ഹിലാൽ കരുക്കൾ നീക്കുന്നത്.
റെക്കോഡ് തുകക്ക് പി.എസ്.ജിയിൽ ടീമിലെത്തിച്ച നെയ്മറിന് നിരന്തര പരിക്ക് മൂലം വെറും മൂന്ന് മത്സരങ്ങൾ മാത്രമേ ഹിലാലിനായി കളിക്കാനായുള്ളൂ. ഹിലാലിൽ കരാർ അവസാനിക്കാനിരിക്കുന്ന നെയ്മർ യു.എസിലേക്ക് ചേക്കേറുമെന്നാണ് ചർച്ചകൾ നടക്കുന്നത്.
ലിവർപൂളിന്റെ എക്കാലത്തെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ മുഹമ്മദ് സലാഹിനെ ടീമിലെത്തിക്കാനായാൽ ടീമിന് കരുത്തേകുമെന്നാണ് സൗദി പ്രൊലീഗ് വമ്പന്മാരായ അൽ ഹിലാൽ കരുതുന്നത്.
ലിവർപൂളുമായുള്ള കരാർ ആറുമാസം ശേഷിക്കുന്ന സലാഹ് കരാർ നീട്ടാൻ ഇതുവരെ സമ്മതിച്ചിട്ടില്ല.
ലിവർപൂളിനായി 378 മത്സരങ്ങളിൽ നിന്ന് 232 ഗോളുകളും 104 അസിസ്റ്റുകളും സ്വന്തം പേരിലുള്ള സലാഹ് ഈ സീസണിൽ മാത്രം 29 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളും 82 അസിസ്റ്റുകളും നേടിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ ലിവർപൂളിനായി 173 ഗോളുകൾ ഉൾപ്പെടെ 175 ഗോളുകളാണ് സലായുടെ സമ്പാദ്യം.
2023ൽ അൽ ഇത്തിഹാദ് സലാഹിനായി 150 മില്യൺ യൂറോയുടെ ഓഫർ വെച്ചെങ്കിലും ലിവർപൂൾ നിരസിച്ചിരുന്നു.
നിലവിൽ ഫ്രീ ഏജന്റ് ആയതോടെ വിദേശ ക്ലബ്ബുകളുമായി ചർച്ച നടത്താൻ സലാഹിന് കഴിയും.
യൂറോപ്പ് വിട്ട് സൗദിയിലെത്തുന്ന സലാഹിനായി വൻ തുക മുടക്കുമെന്നാണ് റിപ്പോർട്ടുകൾ. സൗദി ജനറൽ എന്റർടൈമെന്റ് അതോറിറ്റി തലവൻ തുർകി അൽ അൽഷിഖ് അൽഹിലാൽ ജഴ്സിയണിഞ്ഞ സലാഹിന്റെ ചിത്രം പോസ്റ്റ് ചെയ്തതത് ഈ അഭ്യൂഹത്തിന് കരുത്തുപകരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.