നെയ്മർ വന്നത് പരിക്കുമായി, നിരാശയോടെ അൽ ഹിലാൽ; അരങ്ങേറ്റം വൈകും?
text_fieldsവെടിക്കെട്ടും ആരവങ്ങളും അരങ്ങുതിമിർത്ത ആഘോഷ രാവിൽ അവതരിച്ച കളിയുടെ സുൽത്താൻ പരിക്കിന്റെ പിടിയിലായതിൽ നിരാശയോടെ അൽ ഹിലാൽ. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ശനിയാഴ്ച ആയിരക്കണക്കിന് ആരാധകർക്കുമുമ്പാകെ അഭിമാനകരമായ നീലയിൽ അവതരിച്ചെങ്കിലും പരിക്കുമായെത്തിയ താരം എന്ന് അരങ്ങേറ്റ മത്സരത്തിനിറങ്ങുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ് സൗദി ക്ലബ് അധികൃതർ.
അൽ ഫീഹക്കെതിരായ അൽ ഹിലാലിന്റെ കഴിഞ്ഞ മത്സരത്തിൽ നെയ്മർ കളത്തിലിറങ്ങിയിരുന്നില്ല. വ്യാഴാഴ്ച നടക്കുന്ന അടുത്ത കളിയിലും താരം കളത്തിലെത്തിയേക്കില്ലെന്നാണ് സൂചനകൾ. പരിക്കിൽനിന്ന് മുക്തനായി താരം അരങ്ങേറ്റത്തിനിറങ്ങുന്നതിനെക്കുറിച്ച് ക്ലബ് കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ല.
‘നെയ്മർ ലോകഫുട്ബാളിലെ മികവുറ്റ താരങ്ങളിലൊരാളാണ്. ടീമിന് അദ്ദേഹത്തിന്റെ സാന്നിധ്യം ഏറെ കരുത്തുപകരും. ചെറിയൊരു പരിക്കുപറ്റിയതിനാൽ അടുത്ത ദിവസങ്ങളിൽ അദ്ദേഹത്തിന് പരിശീലനത്തിൽനിന്ന് വിട്ടുനിൽക്കേണ്ടി വരും’ -അൽ ഹിലാൽ കോച്ച് ജോർജ് ജീസസ് പറഞ്ഞു. എത്ര കാലം വരെയാണ് മാറിനിൽക്കുകയെന്ന് ഇപ്പോൾ പറയാനാവില്ല. എന്തുകൊണ്ടാണ് ദേശീയ ടീമിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചതെന്നും എനിക്കറിയില്ല’ -ജീസസ് കൂട്ടിച്ചേർത്തു. സെപ്റ്റംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിലാണ് ബ്രസീലിന്റെ ഇടക്കാല പരിശീലകനായ ഫെർണാണ്ടോ ഡിനിസ് നെ്യമറെ ഉൾപെടുത്തിയത്.
ക്ലബിനു വേണ്ടി സൂപ്പർ സ്ട്രൈക്കർ ബൂട്ടണിയുന്നത് കാണാൻ കാത്തിരിക്കുന്ന അൽ ഹിലാൽ ആരാധകരെ നിരാശരാക്കുന്നതാണ് നെയ്മറിന്റെ പരിക്കുമായി ബന്ധപ്പെട്ട വാർത്തകൾ. ലീഗിൽ ആദ്യ രണ്ടു കളികളിൽ ഒരു ജയവും സമനിലയുമായി നാലു പോയന്റുള്ള അൽ ഹിലാൽ പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്താണിപ്പോൾ.
അതിനിടെ, ഇംഗ്ലീഷ് ക്ലബായ ഫുൾഹാമിൽനിന്ന് സെർബിയൻ സ്ട്രൈക്കർ അലക്സാണ്ടർ മിത്രോവിച്ചിനെ അൽ ഹിലാൽ തങ്ങളുടെ അണിയിലെത്തിച്ചിട്ടുണ്ട്. നെയ്മറുമൊത്ത് മുൻനിരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ മിത്രോവിച്ചിന് കഴിയുമെന്ന പ്രതീക്ഷയിലാണ് പോർചുഗീസ് പരിശീലകൻ. ലോകകപ്പിൽ തിളങ്ങിയ മൊറോക്കോ ഗോൾ കീപ്പർ യാസീൻ ബൗനുവിനെ 20 ദശലക്ഷം യൂറോക്ക് സ്പാനിഷ് ക്ലബായ സെവിയ്യയിൽനിന്ന് കഴിഞ്ഞ ദിവസം അൽ ഹിലാൽ സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.