മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഗോളടിച്ച് അൽ ഇത്തിഹാദിലെ മലയാളിപ്പയ്യൻ
text_fieldsആലപ്പുഴ: കാൽപന്തുകളിയിലെ അന്താരാഷ്ട്ര മത്സരത്തിൽ മലയാളിത്തിളക്കമായി ആറാം ക്ലാസുകാരൻ ഫിസാൻ ബിൻ നിയാസ് നേടിയത് രണ്ടുഗോൾ. വിവിധ രാജ്യങ്ങളിലെ കുട്ടികൾക്കായി നടത്തിയ ‘മാഞ്ചസ്റ്റർ സിറ്റി അബൂദബി കപ്പ്’ ടൂർണമെന്റിലാണ് കൊച്ചുമിടുക്കൻ അബൂദബി അൽഇത്തിഹാദ് അക്കാദമിക്കായി ബൂട്ടണിഞ്ഞ് മികവു പുലർത്തിയത്.
അബൂദബി സായിദ് സ്പോർട്സ് സിറ്റിയിൽ അണ്ടർ 12 വിഭാഗം ഫുട്ബാൾ മത്സരത്തിൽ 33 ടീമുകൾ മാറ്റുരച്ചു. നാല് ഗ്രൂപ് തിരിച്ചുള്ള മത്സരത്തിൽ പ്രമുഖ ടീമുകളായ മാഞ്ചസ്റ്റർ സിറ്റി, ബാഴ്സലോണ, ജക്കാർത്ത, അൽവാദ, ഒമാൻ, സൗദി, കെനിയ അടക്കമുള്ള ടീമുകളായിരുന്നു എതിരാളികൾ.
ആദ്യറൗണ്ടിൽ പ്രബലരായ മാഞ്ചസ്റ്റർ സിറ്റിയെ (6-0) തോൽപിച്ചായിരുന്നു മുന്നേറ്റം. ഈമത്സരത്തിലാണ് ഫിസാന്റെ ആദ്യ ഗോൾ പിറന്നത്. ബാഴ്സലോണയുമായും അൽവാദയുമായും തമ്മിൽ നടന്ന മത്സരങ്ങൾ സമനിലയിലായിരുന്നു. ജക്കാർത്തക്കെതിരെ നടന്ന അടുത്ത കളിയിലാണ് മികച്ച മുന്നേറ്റം നടത്തി രണ്ടാമത്തെ ഗോളും ഫിസാൻ സ്വന്തംപേരിലെഴുതിയത്.
കളിമികവിൽ മുന്നേറിയ അബൂദബി അൽഇത്തിഹാദ് ടീമിന് പോയന്റ് പട്ടികയിൽ ആറാം സ്ഥാനവും നേടാനായി. കോട്ടയം ചാമംപതാൽ പാലകൊട്ടാൽ അഡ്വ. പി.ജെ. നിയാസിന്റെയും ഫാർമസിസ്റ്റ് ഷിജി നിയാസിന്റെയും രണ്ടാമത്തെ മകനാണ്. കോട്ടയം ജില്ല സബ്ജൂനിയർ താരമായിരുന്ന സഹോദരൻ ഫഹദ് ബിൻ നിയാസിനൊപ്പം ചെറുപ്രായം മുതൽ പന്തുതട്ടിയാണ് കളിയിലേക്കുള്ള ചുവടുവെപ്പ്.
ആനിക്കാട് സെന്റ് തോമസ് സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയാണ്. മൈലാടി ഐറാസ് സ്പോർട്സ് ഹബിലും കോട്ടയം നെഹ്റു സ്റ്റേഡിയത്തിലും നടന്ന പരിശീലനത്തിനൊപ്പം ഫിസാന്റെ ഫുട്ബാൾകളിയുടെ വിഡിയോ കണ്ടാണ് അബൂദബി അൽഇത്തിഹാദ് ടീമിലേക്ക് സെലക്ഷൻ കിട്ടിയത്.
കോട്ടയത്തുനിന്ന് ഒന്നും വയനാട്ടിൽനിന്ന് മൂന്നും ഉൾപ്പെടെ അൽഇത്തിഹാദ് ഫുട്ബാൾ അക്കാദമിയിയിൽ നാല് കുട്ടിത്താരങ്ങൾ കളിക്കുന്നുണ്ട്. വയനാട് സ്വദേശികളായ റയാൻ അമൻ, റിദ്വാൻ, മുഹമ്മദ് ഫൈസാൽ എന്നിവരാണ് ഫിസാനൊപ്പം അന്താരാഷ്ട്രമത്സരം കളിച്ച മലയാളികൾ.
കേരള ഫുട്ബാൾ അസോസിയേഷൻ ജോയന്റ് സെക്രട്ടറി അച്യുശങ്കറും പിന്തുണയുമായി ഇവർക്കൊപ്പമുണ്ടായിരുന്നു. മുഹമ്മദ് ഹുനൈസ്, അഭിജിത്ത്, എൽദോ എന്നിവരാണ് പരിശീലകർ. വിവിധ രാജ്യങ്ങളിൽനിന്ന് അണ്ടർ എട്ട്, അണ്ടർ 10, അണ്ടർ 12, അണ്ടർ 14 വിഭാഗങ്ങളിലായി 130 ടീമുകളാണ് മത്സരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.