ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇരട്ട ഗോൾ; അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കിരീടത്തിൽ മുത്തമിട്ട് അൽ നസർ
text_fieldsറിയാദ്: സൗദി പ്രോ ലീഗ് സീസൺ പുരോഗമിക്കുന്നതിനിടെ അൽ നസ്റിലെത്തി ടീമിനെ ചാമ്പ്യന്മാരാക്കാൻ കഴിയാതിരുന്നതിന്റെ നിരാശ പോർചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തീർത്തു. ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോൾ മികവിൽ അൽ ഹിലാലിനെതിരെ 2-1 ജയം നേടി അൽ നസ്ർ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ കിരീടം ചൂടി. മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് സൗദി ക്ലബിലെത്തിയശേഷം താരത്തിന്റെ ആദ്യ കിരീട നേട്ടം. പ്രതിരോധനിരയിലെ രണ്ടുപേർ ചുവപ്പുകാർഡ് കണ്ട് മടങ്ങിയതോടെ ഒമ്പതു പേരായി ചുരുങ്ങിയ ടീമിനെയാണ് ക്രിസ്റ്റ്യാനോ ജയത്തിലേക്ക് നയിച്ചത്. ആറു ഗോൾ നേടി ടോപ് സ്കോററായ ക്രിസ്റ്റ്യാനോ ഗോൾഡൻ ബൂട്ട് കരസ്ഥമാക്കി. ഇതാദ്യമായാണ് അൽ നസ്ർ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് ജേതാക്കളാവുന്നതും അവരുടെ താരം ഗോൾഡൻ ബൂട്ട് നേടുന്നതും.
കളിയുടെ തുടക്കത്തിൽ മുതൽ മികച്ച മുന്നേറ്റങ്ങളാണ് ഇരു ബോക്സുകളിലും കണ്ടത്. എന്നാൽ, ആദ്യം വലകുലുക്കാനുള്ള യോഗം ഹിലാലിനായിരുന്നു. 51ാം മിനിറ്റിൽ ബ്രസീൽ താരം മൈക്കിൽ റിച്ചാർഡ് അൽ ഹിലാലിനായി ഗോൾ നേടി. ഗോൾ വീണതിന്റെ ഞെട്ടലിൽനിന്ന് മുക്തരാവുംമുമ്പ് അൽ നസ്റിന് അടുത്ത പ്രഹരവും ലഭിച്ചു. സെന്റർ ബാക്ക് അബ്ദുല്ല അൽ അമ്രിക്ക് റെഡ് കാർഡ് ലഭിച്ചതോടെ ടീം കൂടുതൽ പ്രതിരോധത്തിലായി. എന്നാൽ, തകർച്ചയിൽനിന്നും ക്രിസ്റ്റ്യാനോ ടീമിനെ കരകയറ്റി. 74ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. വലതു വിങ്ങിലൂടെ തന്റെ കാലിലേക്ക് എത്തിയ പന്ത് ക്രിസ്റ്റ്യാനോ പിഴവുകളില്ലാതെ വലയിലേക്കയച്ചു. 78ാം മിനിറ്റിൽ നവാഫ് ബൂഷാലും ചുവപ്പു കാർഡ് കണ്ട് കരക്കു കയറിയതോടെ അൽ നസ്റിന്റെ പ്രതിരോധം കൂടുതൽ ദുർബലമാവുന്നതാണ് കണ്ടത്.
ഉണർന്നുകളിച്ച അൽ ഹിലാലിനും അൽ നസ്റിനും പക്ഷേ, നിശ്ചിത സമയത്തും ഇഞ്ചുറി ടൈമിലും സമനിലപ്പൂട്ട് പൊളിക്കാനായില്ല. ഇതോടെ മത്സരം അധിക സമയത്തിലേക്ക് നീണ്ടു. 98ാം മിനിറ്റിൽ ഹെഡറിലൂടെയാണ് ക്രിസ്റ്റ്യാനോ രണ്ടാം ഗോൾ കുറിച്ചത്. അൽ ഹിലാൽ താരം ക്ലിയർ ചെയ്ത പന്ത് അൽ നസ്റിന്റെ സെകോ ഫൊഫാനയുടെ കാലിലേക്കെത്തി. എന്നാൽ, ഫൊഫാനയുടെ ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിച്ചെങ്കിലും ഹിലാൽ പ്രതിരോധപ്പൂട്ടു പൊളിച്ച് ഹെഡറിലൂടെ ക്രിസ്റ്റ്യാനോ ഗോൾ നേടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.