ഇരട്ട ഗോൾ, പടയോട്ടം തുടർന്ന് റൊണാൾഡോ; ആവേശപോരാട്ടത്തിൽ അൽ നസ്റിന് ജയം
text_fieldsറിയാദ്: റിയാദ് കിങ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തെ തീപിടിപ്പിച്ച പോരാട്ടമായിരുന്നു വെള്ളിയാഴ്ച രാത്രി അരങ്ങേറിയത്. അൽ നസ്ർ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടയോട്ടത്തിന് തടയിടാൻ പോന്ന പോരാളികളാരും സൗദി മണ്ണിലില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ച പോരാട്ടം. റിയാദ് മെഹ്റസും റോബർട്ടോ ഫെർമീഞ്ഞോയുമുൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ അണിനിരന്ന സൗദി പ്രൊലീഗിലെ കരുത്തരായ അൽ അഹ്ലിയെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ്(4-3) അൽ നസ്ർ തകർത്തത്.
ഇരട്ടഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രസീലിയൻ താരം ടലിസ്കയും ചേർന്നാണ് അൽ നസ്റിന് ജയം സമ്മാനിച്ചത്. സൗദി പ്രോ ലീഗിൽ ഗോളടിയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന റൊണാൾഡോ ആറ് കളികളിൽ നിന്ന് ഒൻപത് ഗോളുകളാണ് അടിച്ച് കൂട്ടിയത്.
മത്സരം ആരംഭിച്ച് നാലാം മിനിറ്റിൽ തന്നെ ഗോളടിച്ച് റൊണാൾഡോ മത്സരം കൊഴുപ്പിച്ചു. അൽ നസ്റിന്റെ സെനഗൽ സൂപ്പർ താരം സാദിയോ മാനേ നൽകിയ മനോഹരമായ ത്രൂ റൊണാൾഡോ അനായാസം വലയിലാക്കുകയായിരുന്നു. സ്റ്റേഡിയത്തിൽ ഉയർന്ന് പൊങ്ങിയ വെടിക്കെട്ടിന്റെ പുകപടലങ്ങൾ ഗോൾ പോസ്റ്റിനെ വലയം ചെയ്തിരിക്കെയാണ് റൊണാൾഡോയുടെ ഗോളെത്തുന്നത്.
17ാം മിനിറ്റിൽ റൊണാൾഡോയുടെ ഹെഡർ അസിസ്റ്റിൽ ബ്രസീലിയൻ ഫോർവേഡ് ടലിസ്ക മറ്റൊരു ക്ലീൻ ഹെഡറിലൂടെ അഹ്ലിയുടെ വലയിലാക്കിയതോടെ അൽ നസ്റിന് ലീഡ് ഇരട്ടിയായി(2-0).
30ാം മിനിറ്റിൽ ഫ്രാങ്ക് കെസ്സി ഗോളിലൂടെയാണ് അൽ അഹ്ലി ആദ്യ മറുപടിഗോൾ നേടുന്നത്. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ഇടങ്കാലൻ ലോങ് റെയ്ഞ്ചർ ഗോളുമായി ടലിസ്ക വീണ്ടും അൽ അഹ്ലിയെ ഞെട്ടിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ രണ്ടു ഗോളിന്റെ ലീഡുമായി (3-1) അൽ നസ്ർ ബഹുദൂരം മുന്നിലെത്തിയിരുന്നു.
രണ്ടാം പകുതിയിൽ 50ാം മിനിറ്റിൽ അൽ അഹ്ലിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി റിയാദ് മഹ്റസ് വലയിലെത്തിച്ചതോടെ സ്കോർ 3-2 ലെത്തി. കളി തിരിച്ചുപിടിക്കുമെന്ന ആശ്വാസത്തിൽ നിൽക്കെ അഹ്ലിക്ക് പ്രഹരമേൽപ്പിച്ച് നാലാമത്തെ ഗോളുമെത്തി. 52 ാം മിനിറ്റിൽ സാദിയോ മാനേയുടെ തന്നെ മറ്റൊരു പാസിൽ റൊണാൾഡോ മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു. 87ാം മിനുട്ടിൽ അഹ്ലിയുടെ ഫോർവേർഡ് ഫിറാസ് അൽ ബിക്രാന്റെ ഗോളിലൂടെ അൽനസ്റിന്റെ ലീഡ് ഒന്നാക്കി കുറക്കുകയായിരുന്നു (4-3).
ഈ മത്സരത്തിലൂടെ പ്രൊ ലീഗ് പോയിന്റ് പട്ടികയിൽ അൽ അഹ്ലിയെ മറികടന്ന അൽ നസ്ർ അഞ്ചാം സ്ഥാനത്തെത്തി. ഏഴു മത്സരങ്ങളിൽ നിന്ന് 15 പോയിന്റാണ് അൽ നസ്റിനുള്ളത്. അൽ അഹ്ലിക്കും 15 പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ അൽ നസ്റാണ് മുൻപിൽ. അതേ സമയം, ഏഴുമത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി അൽ ഇത്തിഹാദ് ഒന്നാമതും 17 പോയിന്റുമായ അൽഹിലാൽ രണ്ടാമതും തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.