അവസരങ്ങൾ പാഴാക്കി ക്രിസ്റ്റ്യാനോയും സംഘവും; അൽ നസ്റിന് തോൽവി
text_fieldsറിയാദ്: സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിന് തോൽവി. ലീഗിൽ പതിമൂന്നാം സ്ഥാനത്തുള്ള അൽ റായിദ് ആണ് രണ്ടാമതുള്ള അൽ നസ്റിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകർത്തുവിട്ടത്. മത്സരത്തിൽ പന്ത് നിയന്ത്രിക്കുന്നതിലും അവസരമൊരുക്കുന്നതിലും അൽനസ്ർ ബഹുദൂരം മുന്നിൽ നിന്നെങ്കിലും ഗോളടിക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു.
18ാം മിനിറ്റിൽ ഇടതുവിങ്ങിൽനിന്ന് ടവാരെസ് നൽകിയ മനോഹര ക്രോസ് പോസ്റ്റിലേക്ക് തട്ടിയിട്ട് കരീം എൽ ബെർകൗവിയാണ് അൽ റായിദിനായി ആദ്യ ഗോൾ നേടിയത്. എന്നാൽ, ആറ് മിനിറ്റിനകം അൽ നസ്ർ തിരിച്ചടിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾശ്രമം പോസ്റ്റിൽ തട്ടിത്തെറിച്ചപ്പോൾ പന്ത് ലഭിച്ച അയ്മൻ യഹ്‍യ എതിർ ഗോൾകീപ്പർക്ക് അവസരമൊന്നും നൽകാതെ വലക്കുള്ളിലാക്കുകയായിരുന്നു.
രണ്ടാം പകുതി തുടങ്ങിയയുടൻ അൽ റായി വീണ്ടും ലീഡ് പിടിച്ചു. വലതുവിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുവിൽ പന്ത് ലഭിച്ച മുഹമ്മദ് ഫുസൈറിന് പന്ത് പോസ്റ്റിലേക്ക് വഴിതിരിച്ചുവിടേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ. 55ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്ന് റൊണാൾഡോക്ക് ഗോൾ നേടാൻ സുവർണാവസരം ലഭിച്ചെങ്കിലും ഹെഡർ ക്രോസ് ബാറിനോട് ചാരി പുറത്തുപോയി. തൊട്ടടുത്ത മിനിറ്റിലും റൊണാൾഡോയുടെ ഗോൾശ്രമം ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി.
കളി അവസാനിക്കാൻ മൂന്ന് മിനിറ്റ് ശേഷിക്കെ അൽ റായിദ് മൂന്നാം ഗോളും നേടി വിജയമുറപ്പിച്ചു. ആമിർ സയൂദിന്റെ വകയായിരുന്നു ഗോൾ. കോർണർ കിക്കിനെ തുടർന്ന് ലഭിച്ച പന്ത് താരം ഇടങ്കാൽ കൊണ്ട് വലയിലേക്ക് തട്ടിയിടുകയായിരുന്നു. ഇഞ്ചുറി ടൈമിൽ റൊണാൾഡോയുടെ ഫ്രീകിക്ക് ക്രോസ് ബാറിൽ തട്ടിത്തെറിച്ചതോടെ അൽ നസ്റിന്റെ പോരാട്ടവും അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.