‘ഇഞ്ച്വറി’ തീർക്കാൻ 12 മിനിറ്റ്; മൂന്നുവട്ടം ഗോളടിച്ച് ജയവുമായി സൗദി ലീഗിൽ റൊണാൾഡോ സംഘത്തിന്റെ തിരിച്ചുവരവ്
text_fieldsസൗദി ലീഗിൽ പോയിന്റ് നിലയിൽ ഏറ്റവും പിറകിലുള്ള ഇത്തിരിക്കുഞ്ഞന്മാർക്കു മുന്നിൽ ആദ്യ 90 മിനിറ്റിൽ പിറകിൽനിന്ന ശേഷം മൂന്നു ഗോൾ ഉത്സവവുമായി ക്രിസ്റ്റ്യാനോയുടെ സ്വന്തം അൽനസ്ർ. റിയാദിലെ കിങ് സഊദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് അൽബതീൻ ക്ലബിനെ ഇഞ്ച്വറി സമയത്ത് നേടിയ മൂന്നു ഗോളിൽ അൽനസ്ർ കടന്നത്. സ്കോർ 3-1.
അവസാന മൂന്നു കളിയിൽ രണ്ടു ഹാട്രിക്കടക്കം മികച്ച പ്രകടനത്തിന്റെ ആവേശവുമായി ഇറങ്ങിയ താരം നിഴലിലായിപ്പോയ മത്സരത്തിൽ ആദ്യം ഗോളടിച്ചത് അൽബതീൻ. റെൻസോ ലോപസ് 17ാം മിനിറ്റിലാണ് അൽബതീനെ മുന്നിലെത്തിച്ചത്. തിരിച്ചടിക്കാൻ നിരന്തര ശ്രമവുമായി അൽനസ്ർ നിറഞ്ഞുകളിച്ചെങ്കിലും മറുപടി ഗോളിന് ഇഞ്ച്വറി സമയം വരെ കാത്തിരിക്കേണ്ടിവന്നു. അബ്ദു റഹ്മാൻ ഗരീബ്, മുഹമ്മദ് അൽഫാദിൽ, മുഹമ്മദ് മാരാൻ എന്നിവരായിരുന്നു അൽനസ്ർ സ്കോറർമാർ.
കഴിഞ്ഞ സെപ്റ്റംബറിനു ശേഷം ഒരു കളി പോലും തോറ്റിട്ടില്ലാത്ത അൽനസ്ർ 19 കളികളിൽ 46 പോയിന്റുമായി ഒന്നാമതാണ്. അത്രയും മത്സരങ്ങളിൽ രണ്ട് പോയിന്റ് കുറച്ച് നേടിയ അൽഇത്തിഹാദ് ആണ് രണ്ടാമത്. ഏറ്റവും പിറകിലുള്ള അൽബതീൻ കഴിഞ്ഞ ആഴ്ച സീസണിലെ ആദ്യ ജയം കുറിച്ചിരുന്നു. പിന്നാലെ അൽനസ്റിനെയും മുന്നിട്ടുനിന്ന ടീം വിജയം മണത്തതിനൊടുവിലായിരുന്നു തോൽവിയിലേക്ക് കൂപുകുത്തിയത്.
അതേ സമയം, ടീം കളി ജയിച്ചെങ്കിലും പ്രകടന മികവു കാട്ടാനാകാതെ പതറിയ ക്രിസ്റ്റ്യാനോക്കെതിരെ ആരാധകർ രംഗത്തെത്തിയതും ശ്രദ്ധേയമായി. ഏറ്റവും ദുർബലരായ എതിരാളികളായിട്ടും ഗോളടിക്കാൻ മറന്ന് ക്രിസ്റ്റ്യാനോ മൈതാനത്ത് ഓടിനടക്കുകയായിരുന്നുവെന്നാണ് വിമർശനം. രണ്ടുവട്ടം ഫ്രീകിക്ക് എടുത്തതാകട്ടെ, പോസ്റ്റിനു മുകളിലൂടെ പറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.