20,000 കാണികള്‍ക്ക് പ്രവേശനം, ഖത്തര്‍ ലോകകപ്പ് നാലാം സ്റ്റേഡിയം ഉദ്ഘാടനവും അമീര്‍ കപ്പ് ഫൈനലും 18 ന്
text_fieldsവരുന്ന ഡിസംബര്‍ 18 ന് ഖത്തര്‍ ദേശീയ ദിനത്തിലാണ് ലോകകപ്പിനായി ഖത്തര്‍ പണിപൂര്‍ത്തിയാക്കിയ റയ്യാന്‍ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനവും ആഭ്യന്തര ടൂര്‍ണമെന്‍റായ അമീര്‍ കപ്പിന്‍റെ ഫൈനലും നടക്കുന്നത്. സ്റ്റേഡിയത്തിന്‍റെ ആകെ ശേഷിയുടെ അമ്പത് ശതമാനം പേര്‍ക്ക് അതായത് 20,000 കാണികള്‍ക്ക് മത്സരത്തില്‍ പ്രവേശനം ലഭിക്കുമെന്ന് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മത്സരം നടത്തുക. ഡിസംബര്‍ 18 ന് വൈകീട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. വൈകീട്ട് നാല് മണി മുതല്‍ ഫാന്‍ സോണ്‍ ആരംഭിക്കും.
കാണികള്‍ക്കായുള്ള നിബന്ധനകള്‍
- സ്റ്റേഡിയത്തിന്‍റെ ആകെ ശേഷിയുടെ അമ്പത് ശതമാനം സീറ്റിലേക്ക് മാത്രമേ കാണികളെ പ്രവേശിപ്പിക്കൂ
- അമ്പത് ശതമാനം ടിക്കറ്റുകള്‍ കോവിഡ് ബാധിച്ച് ഭേദമായവര്‍ക്കായി നീക്കിവെക്കും
- ഇതിനായി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തണം
- സാമൂഹിക അകലം കൃത്യമായി പാലിച്ചാകും കാണികളെ ഗാലറിയില്‍ ഇരുത്തുക.
- ഓണ്‍ലൈന്‍ വഴി നടക്കുന്ന ടിക്കറ്റ് വില്‍പ്പനയില്‍ ഒരാള്‍ക്ക് ഒരു ടിക്കറ്റ് മാത്രമേ നല്‍കൂ.
- Tickets.qfa.qa എന്ന ലിങ്ക് വഴിയാണ് ടിക്കറ്റിനായി അപേക്ഷിക്കേണ്ടത്
- ഫൈനലില്‍ ഏറ്റുമുട്ടുന്ന അല്‍ സദ്ദ് അറബി ക്ലബുകളുടെ ആരാധകര്‍ക്ക് ടിക്കറ്റ് ലഭ്യതയില്‍ മുന്‍ഗണന നല്‍കും.
- കോവിഡിനെതിരായ പോരാട്ടത്തില്‍ നല്‍കിയ സംഭാവനകളെ മാനിച്ച് മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ടിക്കറ്റ് ലഭ്യതയില്‍ മുന്‍ഗണനയുണ്ടാകും.
ഇരുടീമുകളിലെയും കളിക്കാര്‍ വോളണ്ടിയര്‍മാര്‍, സംഘാടകര്‍ തുടങ്ങിയവരെയെല്ലാം കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമേ ചടങ്ങിലേക്ക് പ്രവേശിപ്പിക്കൂ. ദോഹ മെട്രോ ഗ്രീന്‍ ലൈനില്‍ അല്‍ റിഫ സ്റ്റേഷനില്‍ ഇറങ്ങിയാണ് സ്റ്റേഡിയത്തിലെത്തേണ്ടത്.
മരുഭൂമിയിലെ മണല്‍ക്കൂനയുടെ ആകൃതിയില്‍ നിര്‍മ്മിച്ച അല്‍ റയ്യാന്‍ സ്റ്റേഡിയം ഖത്തരി പാരമ്പര്യവും സാംസ്കാരികതയുമെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലോകകപ്പിന്‍റെ പ്രീക്വാര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള ഏഴ് മത്സരങ്ങളാണ് ഈ സ്റ്റേഡിയത്തില്‍ നടക്കുക. 2022 ലോകകപ്പ് ഫൈനലിന് കൃത്യം രണ്ട് വര്‍ഷം മാത്രം ബാക്കിയാകുന്ന ദിവസമാണ് ഈ ചടങ്ങ് നടക്കുന്നതെന്നും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.