54 ഗോളുകൾ; 2023 ക്രിസ്റ്റ്യാനോക്ക് സ്വന്തം; അൽനസ്റിന് തകർപ്പൻ ജയം
text_fieldsറിയാദ്: സൗദി പ്രൊ ലീഗിൽ ഈ വർഷത്തെ അവസാന മത്സരത്തിലും ഗോളടിച്ച് 2023 സ്വന്തം പേരിൽ എഴുതിചേർത്ത് അൽനസ്റിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
54 ഗോളുകൾ നേടിയ 38കാരനാണ് ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്. 52 ഗോൾ വീതം നേടിയ ബയേൺ മ്യൂണിക്കിന്റെ ഇംഗ്ലീഷ് താരം ഹാരി കെയിനിനെയും പി.എസ്.ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെയും കഴിഞ്ഞ മത്സരത്തിൽ തന്നെ മറികടന്ന പോർച്ചുഗൽ ഇതിഹാസം റെക്കോഡ് നേട്ടം കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ പുതുക്കുകയായിരുന്നു. കരിയറിലെ 873ാമത്തെ ഗോളുകൂടിയാണ് പിറന്നത്.
അതേസമയം, റൊണാൾഡോയുടെ ചിറകിലേറി തകർപ്പൻ ജയത്തോടെ അൽ നസ്റും വർഷാവസാനം ഗംഭീരമാക്കി. അൽ താവൂൺ എഫ്.സിക്കെതിരെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അൽ നസ്റിന്റെ ജയം.
താവൂണിന്റെ തട്ടകത്തിൽ മാർസലോ ബ്രൊസോവിച്ച്, ഐമറിക് ലപോർട്ടെ, ഒട്ടാവിയോ, ക്രിസ്റ്റ്യനോ റൊണാൾഡോ എന്നിവരാണ് അൽ നസ്റിനായി ഗോൾ കണ്ടെത്തിയത്. അഷ്റഫ് മഹ്ദൂയിയിലൂടെ അൽ താവൂൻ എഫ്.സിയാണ് ആദ്യ ലീഡെടുക്കുന്നത്. 26ാം മിനിറ്റിൽ ബ്രൊസോവിച്ചിലൂടെ അൽ നസ്ർ മറുപടി ഗോൾ നേടി.
35ാം മിനിറ്റിൽ ലപോർട്ടെയുടെ ഗോളിലൂടെ അൽ നസ്ർ ലീഡെടുത്തു(2-1). രണ്ടാം പകുതിയിൽ 50ാം മിനിറ്റിൽ ഒട്ടാവിയോയിലൂടെ അൽ നസ്ർ ലീഡ് ഇരട്ടിയാക്കി(3-1). കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഇഞ്ചുറി ടൈമിലാണ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളെത്തുന്നത്. തകർപ്പൻ ഹെഡറിലൂടെയാണ് തന്റെ ഈ വർഷത്തെ അവസാന ഗോൾ കണ്ടെത്തുന്നത്.
സൗദി പ്രൊ ലീഗിൽ 19 മത്സരങ്ങൾ പൂർത്തിയാക്കിയ അൽ നസ്ർ 46 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 53 പോയിന്റുള്ള അൽ ഹിലാൽ ഒന്നാം സ്ഥാനത്തും 40 പോയിന്റുമായി അൽ അഹ്ലി സൗദി മൂന്നാം സ്ഥാനത്ത് തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.