അൽതുമാമ; തൊപ്പിക്കുള്ളിലെ കളിച്ചെപ്പ്
text_fieldsദോഹ: പറന്നുപറന്ന്, ദോഹ നഗരത്തിനു മുകളിൽ പ്രവേശിച്ചുകഴിഞ്ഞാൽ ആകാശംതൊടുന്ന കെട്ടിടങ്ങൾക്കിടയിൽനിന്ന് ഭൂമിയോടു ചേർത്തുവെച്ചൊരു ഭീമൻ തലപ്പാവിന്റെ കാഴ്ചയാണ് വരവേൽക്കുന്നത്. അറബ് കൗമാരക്കാർ ധരിക്കുന്ന 'ഗഫിയ' തൊപ്പിയും അതിനുള്ളിലായൊരു പച്ചപ്പണിഞ്ഞ കളിയിടവും.
ദോഹ നഗരത്തിന്റെ ഹൃദയഭാഗത്ത് ലോകകപ്പിനായി ഖത്തർ ഒരുക്കിയ മറ്റൊരു അത്ഭുതക്കാഴ്ചയായ അൽതുമാമ സ്റ്റേഡിയമാണിത്. പരമ്പരാഗത ശൈലികളിലെ സ്റ്റേഡിയം നിർമിതികൾക്ക് ഒരു തിരുത്തായി നാടിന്റെ പാരമ്പര്യവും ജീവിതവുമെല്ലാം നിർമാണത്തിലേക്കു പകർത്തണമെന്ന തീരുമാനത്തിന്റെ ഉത്തരം. ലോകകപ്പിനായി ഒരുക്കിയ എട്ടു സ്റ്റേഡിയങ്ങളിൽ ആതിഥേയർ ഏറെ നെഞ്ചോടുചേർക്കുന്നതും ഗഫിയ തൊപ്പിയെ അതേപടി പകർത്തിവെച്ച ഈ കളിമുറ്റമാവും. സ്വദേശിയായ ഡിസൈനർ രൂപകൽപന നൽകിയ ഏക സ്റ്റേഡിയം എന്ന വൈകാരിക അടുപ്പംകൂടിയുണ്ട് ഇബ്രാഹിം ജെയ്ദ തയാറാക്കിയ അൽതുമാമക്ക്.
ജെയ്ദയുടെ അത്ഭുതത്തൊപ്പി
ലോകകപ്പ് സ്റ്റേഡിയത്തിന് മികച്ച രൂപകൽപന തേടിയുള്ള സുപ്രീം കമ്മിറ്റിയുടെ ക്ഷണത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പങ്കെടുത്ത ആർകിടെക്ടുമാരിൽ ഒരാളായാണ് ഖത്തരിയായ ഇബ്രാഹിം ജെയ്ദയും പങ്കാളിയായത്. അറബ് പാരമ്പര്യം പകർത്തണമെന്ന ആവശ്യമുയർന്നപ്പോൾ ഗഫിയ തൊപ്പിയിൽതന്നെ ജെയ്ദ ഉറച്ചുനിന്നു. 'ആ രാത്രി ഇപ്പോഴും ഓർമയിലുണ്ട്. സൂഖ് വാഖിഫിലെ കടകളിലേക്കാണ് 'ഗഫിയ' തേടിപ്പോയത്. എന്റെ കൈകളിലൂടെ പലരൂപത്തിലുള്ള തൊപ്പികൾ കടന്നുപോയി. ഗഫിയയുടെ രൂപം പഠിക്കുകയായിരുന്നു ഞാൻ. കുട്ടിക്കാലത്ത് എപ്പോഴും ഈ തൊപ്പി ധരിക്കുമായിരുന്നു. എന്നാൽ, അതിൽ ഇത്രയേറെ വൈവിധ്യമുണ്ടായിരുന്നുവെന്ന് അറിഞ്ഞില്ല. മനസ്സിലുദിച്ച ആശയങ്ങൾക്ക് അടുക്കും ചിട്ടയും നൽകാൻ ഏറെ ദിവസങ്ങൾ ഉറക്കമൊഴിയേണ്ടിവന്നു. പലപ്പോഴും അർധരാത്രിയിൽ ഉറക്കം ഞെട്ടിയെഴുന്നേറ്റ് 'ഗഫിയ' തൊപ്പിയുടെ രൂപം പരിശോധിക്കും. ഒടുവിൽ, എല്ലാം ചേർത്ത് ഏകദേശ രൂപം വരച്ചു. എനിക്കിഷ്ടമായപ്പോൾ, സഹപ്രവർത്തകരായ എൻജിനീയർമാർക്ക് മുമ്പാകെ അവതരിപ്പിച്ചു. ഒടുവിൽ ഞങ്ങൾ സമർപ്പിക്കുന്ന സ്റ്റേഡിയത്തിന്റെ രൂപകൽപന അങ്ങനെയായിരിക്കുമെന്ന് തീരുമാനിച്ചു' -2021 ഒക്ടോബറിൽ തുമാമ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിനു മുമ്പായി ഇബ്രാഹിം ജെയ്ദ പറഞ്ഞത് ഇങ്ങനെയായിരുന്നു.ചെറുദ്വാരങ്ങളും ദീർഘചതുരാകൃതിയുമുള്ള ഡിസൈനുകളുമായി അടിമുടി തലപ്പാവിനെ പകർത്തിയ സ്റ്റേഡിയം അത്യാധുനിക സംവിധാനങ്ങളാലും ശ്രദ്ധേയമാണ്.
40,000 ഇരിപ്പിടശേഷി. ചൂടിനെ തടയാൻ ശീതീകരണസംവിധാനങ്ങൾ, കുറഞ്ഞതോതിൽ ജലവും ഊർജവും ഉപയോഗപ്പെടുത്തുന്ന സുസ്ഥിര മാതൃക. നിർമാണ മികവിന് ജി.എസ്.എ.എസ് അന്താരാഷ്ട്ര സർട്ടിഫിക്കറ്റുകൾ എന്നിവയും തുമാമയുടെ സവിശേഷതയാണ്. നവംബർ 21ന് സെനഗാൾ-നെതർലൻഡ്സ് മത്സരത്തോടെ ലോകകപ്പിൽ അരങ്ങേറ്റം കുറിക്കും. പ്രീക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങൾ ഉൾപ്പെടെ എട്ടു മത്സരങ്ങളുടെ വേദിയാണിവിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.