ഗർനാച്ചോയെ വിടില്ലെന്ന് യുനൈറ്റഡ്; അർജന്‍റീന ഒളിമ്പിക്സ് ടീമിൽ യുവതാരം കളിക്കില്ല
text_fieldsബ്യൂണസ് ഐറിസ്: അർജന്‍റീന ഒളിമ്പിക്സ് ടീമിലേക്ക് യുവതാരം അലെജാന്ദ്രോ ഗാർനാച്ചോയെ വിട്ടുകൊടുക്കില്ലെന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡ്. ഒളിമ്പിക്സിനുള്ള അണ്ടർ -23 ടീമിലേക്കായി ഗാർനാച്ചോയെ വിട്ടുനൽകണമെന്ന അർജന്‍റീന ഫുട്ബാൾ അസോസിയേഷന്‍റെ (എ.എഫ്.എ) ആവശ്യം യുനൈറ്റഡ് നിരസിച്ചതായാണ് വിവരം.
ഹാവിയർ മഷെറാനോയാണ് പാരീസ് ഒളിമ്പിക്‌സിനുള്ള ടീമിന്‍റെ പരിശീലകൻ. നികോളാസ് ഒട്ടമെൻഡി, ജൂലിയൻ അൽവാരസ് എന്നിവർ അർജന്‍റീന ടീമിലുണ്ടാകും. ചെൽസിയിൽനിന്ന് എൻസോ ഫെർണാണ്ടസിനെയും ആസ്റ്റൺ വില്ല താരവും ഗോൾകീപ്പറുമായ എമിലിയാനോ മാർട്ടിനെസ് എന്നിവരെയും വിട്ടുകിട്ടാനായി എ.എഫ്.എ ശ്രമം നടത്തുന്നുണ്ട്. അണ്ടർ-23 ടീമാണ് കളിക്കുന്നതെങ്കിലും ഈ പ്രായപരിധിയിൽപ്പെടാത്ത മൂന്നു സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താനാകും.
നേരത്തെ, ഇതിഹാസ താരം ലയണൽ മെസ്സി കളിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മെസ്സിക്കുമുന്നിൽ അർജന്‍റീന ഫുട്ബാൾ ടീമിന്‍റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന മഷെറാനോയുടെ വാക്കുകളാണ് ആരാധകർക്ക് പ്രതീക്ഷ നൽകിയത്. എന്നാൽ, സൂപ്പർതാരം ടീമിലുണ്ടാകില്ലെന്ന് ബന്ധപ്പെട്ടവർ തന്നെ പിന്നീട് സ്ഥിരീകരിച്ചു. ബ്രസീലിനെ തോൽപ്പിച്ചാണ് അർജന്‍റീന ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചത്.
2008 ബെയ്ജിങ് ഒളിമ്പിക്‌സിൽ മെസ്സി കളിച്ച അർജന്‍റീനാ ടീം സ്വർണം നേടിയിരുന്നു. ജൂലൈ 24 മുതൽ ആഗസ്റ്റ് ഒമ്പത് വരെയാണ് ഒളിമ്പിക്സിലെ ഫുട്ബാൾ മത്സരങ്ങൾ നടക്കുന്നത്. ഇതേ സമയത്തു തന്നെയാണ് ഇന്‍റർ മയാമിയുടെ ലീഗ്സ് കപ്പ് മത്സരങ്ങളും അരങ്ങേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.