ആരാധക പ്രതിഷേധം ഫലം കണ്ടു; ആറ് പ്രീമിയർ ലീഗ് ക്ലബുകളും സൂപ്പർ ലീഗിൽ നിന്ന് പിൻമാറി
text_fieldsലണ്ടൻ: ആരാധക പ്രതിഷേധങ്ങൾ ഫലം കണ്ടു. ഫിഫയെും യുവേഫയെയും വെല്ലുവിളിച്ച യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിൻവാങ്ങുന്നതായി ആറ് പ്രീമിയർ ലീഗ് ക്ലബുകൾ അറിയിച്ചു.
മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ലിവർപൂൾ, ചെൽസി, ആഴ്സനൽ, ടോട്ടൻഹാം ഹോട്സ്പർ എന്നീ ടീമുകളാണ് കരാറിൽ നിന്ന് പിൻവാങ്ങിയത്. വൻ പ്രതിഷേധങ്ങൾക്കൊടുവിൽ സൂപ്പർ ലീഗ് പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളിലാണ് ക്ലബുകൾ തീരുമാനമെടുത്തത്.
ക്ലബ് ഉടമസ്ഥരുടെ തീരുമാനത്തിനെതിരായി സ്റ്റേഡിയങ്ങൾക്ക് സമീപം ആരാധകർ പ്രതിഷേധവുമായി ഒത്തുകൂടിയിരുന്നു. സൂപ്പർ ലീഗ് കളിക്കാൻ പോകുന്ന ടീമുകളെ പുറത്താക്കുമെന്നായിരുന്നു പ്രീമിയർ ലീഗിന്റെ ഭീഷണി. പ്രീമിയർ ലീഗിലെ ശേഷിക്കുന്ന 14 ടീമുകളും സൂപ്പർ ലീഗിനെ ഏകസ്വരത്തിൽ തള്ളിക്കളഞ്ഞു.
ലിവർപൂൾ കോച്ച് യൂർഗൻ ക്ലോപ്പ്, മഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള എന്നിവർ ലീഗിനോടുള്ള തങ്ങളുടെ എതിർപ്പ് പരസ്യമാക്കിയിരുന്നു. ജോർദാൻ ഹെൻഡേഴ്സണും കെവിൻ ഡിബ്രൂയിനും അടക്കമുള്ള കളിക്കാരും തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
മാഞ്ചസ്റ്റർ സിറ്റിയാണ് ലീഗിൽ നിന്നും പിൻവാങ്ങുന്നതായി ആദ്യം പ്രഖ്യാപിച്ചത്. സൂപ്പർ ലീഗിൽ ചേർന്നത് തെറ്റായിരുന്നുവെന്നും ഇതിനാൽ ആരാധകരോട് ക്ഷമ ചോദിക്കുന്നതായും ആഴ്സനൽ പ്രസ്താവനയിൽ പറഞ്ഞു.
സ്റ്റാംഫോഡ് ബ്രിജിന് വെളിയിൽ ആരാധകർ പ്രതിഷേധവുമായി ഒത്തുചേർന്നതിന് പിന്നാലെയാണ് റഷ്യൻ ശതകോടീശ്വരൻ റോമൻ അബ്രമോവിചിന്റെ ഉടമസ്തഥയിലുള്ള ചെൽസി പിൻമാറാൻ തീരുമാനിച്ചത്.
യൂറോപ്പിലെ മുൻനിര ക്ലബുകളായ പി.എസ്.ജി, ബയേൺ മ്യൂണിക്ക്, ബൊറൂസിയ ഡോർട്മുണ്ട്, ആർ.ബി ലെപ്സിഷ് എന്നിവർ ലീഗിൽ ചേരുന്നില്ലെന്ന് അറിയിക്കുകയും ആരാധക പ്രതികരണം പ്രതികൂലമാവുകയും ചേർന്നതോടെ സൂപ്പർലീഗിന്റെ ഭാവി ചോദ്യചിഹ്നമായി മാറി.
ലോക ഫുട്ബാളിനെ ഞെട്ടിക്കുന്ന വാർത്ത ഞായറാഴ്ച വൈകീട്ടാണ് പുറത്തു വന്നിരുന്നത്. നിലവിൽ യൂറോപ്യൻ ക്ലബ് ഫുട്ബാളിനെ നിയന്ത്രിക്കുന്ന ചാമ്പ്യൻസ് ലീഗിന് മരണമണി മുഴക്കി പുതിയ യൂറോപ്യൻ സൂപ്പർ ലീഗുമായി 12 വമ്പൻ ക്ലബുകളാണ് രംഗത്തെത്തിയത്.
നിലവിലെ ആഭ്യന്തര, യൂറോപ്യൻ ക്ലബ് മത്സരങ്ങളെ ബാധിക്കില്ലെന്നാണ് മുന്നിട്ടിറങ്ങുന്നവരുടെ വാദമെങ്കിലും പണക്കാരുടെ മാത്രം കളിയായി മാറുമെന്നും ചെറു ക്ലബുകൾ കൂടുതൽ ഒതുക്കപ്പെടുമെന്നായിരുന്നു മറുവാദം. വമ്പൻ ക്ലബുകളിലേക്ക് മാത്രം പണം സ്വരൂപിക്കുന്നുവെന്നും വിമർശനമുണ്ട്.
സൂപ്പർ ലീഗിൽ ആരൊക്കെ?
12 ടീമുകളാണ് സൂപ്പർ ലീഗിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇംഗ്ലണ്ടിൽ നിന്ന് ആറും (മാഞ്ചസ്റ്റർ യുനൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആഴ്സനൽ, ചെൽസി, ടോട്ടൻഹാം) സ്പെയിനിൽ നിന്ന് മൂന്നും (റയൽ മഡ്രിഡ്, ബാഴ്സലോണ, അത്ലറ്റികോ മഡ്രിഡ്) ഇറ്റലിയിൽനിന്ന് മൂന്നും (യുവൻറസ്, എ.സി മിലാൻ, ഇൻറർ മിലാൻ) ക്ലബുകളാണ് സ്ഥാപക ക്ലബുകൾ എന്ന പേരിലുള്ളത്. മൂന്നു ടീമുകൾകൂടി ഇതിലേക്ക് വരുമെന്ന് റിപ്പോർട്ടുണ്ടെങ്കിലും ഏതൊക്കെ ടീമുകളെന്ന് വ്യക്തമല്ല.
ബയേൺ മ്യൂണിക്, ബൊറൂസിയ ഡോർട്ട്മുണ്ട്, പി.എസ്.ജി തുടങ്ങിയ ടീമുകൾ സൂപ്പർ ലീഗിൽ ചേരാനുള്ള ക്ഷണം നിരസിച്ചു. ഇതോടെ, ജർമൻ, ഫ്രഞ്ച് പ്രാതിനിധ്യം സൂപ്പർ ലീഗിലുണ്ടാവില്ല. റയൽ മഡ്രിഡ് പ്രസിഡൻറ് ഫ്ലോറൻറീനോ പെരസാണ് സൂപ്പർ ലീഗ് പ്രസിഡൻറ്. യുവൻറസ് ചെയർമാൻ ആന്ദ്രിയ ആഗ്നെല്ലി, മാഞ്ചസ്റ്റർ യുനൈറ്റഡ് കോചെയർമാൻ ജോയൽ ഗ്ലേസർ, ലിവർപൂൾ ഡയറക്ടർ ജോൺ ഹെൻറി, ആഴ്സനൽ ഉടമ സ്റ്റാൻ ക്രോയൻകെ എന്നിവരാണ് വൈസ് ചെയർമാന്മാർ.
മത്സര രീതി
നിലവിലെ ആഭ്യന്തര മത്സരങ്ങൾക്ക് തടസ്സമുണ്ടാവാത്ത രീതിയിൽ ആഴ്ചയിലെ ഇടദിവസങ്ങളിലാണ് സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുകയെന്നാണ് സംഘാടകർ പറയുന്നത്. സ്ഥാപക 15 ടീമുകൾ കൂടാതെ യോഗ്യത റൗണ്ട് വഴി വർഷവും അഞ്ച് ടീമുകൾ കൂടിയെത്തും. 20 ടീമുകളെ രണ്ടു ഗ്രൂപ്പുകളാക്കി തിരിക്കും.
രണ്ട് ഗ്രൂപ്പുകളിലെയും 10 ടീമുകളും ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ മത്സരിക്കും. ഇരു ഗ്രൂപ്പുകളിലും മുന്നിലെത്തുന്ന മൂന്നു ടീമുകൾ വീതം ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടും. നാലും അഞ്ചും സ്ഥാനത്തെത്തുന്ന ടീമുകൾ ദ്വിപാദ പ്ലേഓഫ് കളിച്ച് അവസാന രണ്ട് ക്വാർട്ടർ ഫൈനലിസ്റ്റുകളെ നിർണയിക്കും. ക്വാർട്ടറും സെമിയും ദ്വിപാദം. ഫൈനൽ നിക്ഷ്പക്ഷവേദിയിൽ ഒറ്റ മത്സരമായി നടക്കും.
സൂപ്പർ ലീഗ് ആശയത്തിനെതിരെ ഫുട്ബാൾ ലോകത്തൊന്നാകെ എതിർപ്പുയരുകയാണ്. പണക്കൊഴുപ്പിെൻറ മാത്രം കളിയായി ഫുട്ബാൾ തരംതാഴുമെന്നും എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളുന്ന കാൽപന്തുകളിയുടെ തനതു സംസ്കാരം ഇല്ലാതാകുമെന്നും എതിർപ്പുയർത്തുന്നവർ പരിതപിക്കുന്നു. മുൻ താരങ്ങളും ഫുട്ബാൾ ഭരണരംഗത്തുള്ളവരുമൊക്കെ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
യൂറോപ്യൻ ഫുട്ബാൾ ഭരണകർത്താക്കളായ യുവേഫ, ഇംഗ്ലണ്ടിലെ പ്രീമിയർ ലീഗ്, ഇറ്റാലിയൻ ഫുടബാൾ ഫെഡറേഷനും സീരീ എയും റോയൽ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷനും ലാ ലീഗയും സൂപ്പർ ലീഗിനെതിരെ സംയുക്ത പ്രസ്താവനയിറക്കി. നിയമപരമായും അല്ലാതെയും ഇതിനെ നേരിടുമെന്നും ഇവർ വ്യക്തമാക്കി. യൂറോപ്യൻ ക്ലബ് അസോസിയേഷനും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.