ആഴ്ചയിൽ 2.6 കോടി, ഗ്രൗണ്ടിൽ ആഢംബര സ്യൂട്ട് റൂം; എംബാപ്പെക്ക് റയലിന്‍റെ ബംബർ ഡീൽ...
text_fieldsമഡ്രിഡ്: ഒടുവിൽ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡ് ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്നു. ഫുട്ബാൾ ലോകം ഏറെ നാളായി കാത്തിരുന്ന കൂടുമാറ്റത്തിനാണ് ഇതോടെ അവസാനമായത്. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയിൽനിന്നാണ് താരം റയലിലെത്തുന്നത്.
ഏതാനും വർഷങ്ങളായി എംബാപ്പെയെ ക്ലബിലെത്തിക്കാനായി റയൽ നീക്കം നടത്തുന്നുണ്ട്. സ്വന്തം തട്ടകമായ സാന്‍റിയാഗോ ബെർണബ്യൂവിൽ തടിച്ചുകൂടിയ മുക്കാൽ ലക്ഷത്തോളം കണികൾക്കു മുന്നിലാണ് ഒമ്പതാം നമ്പർ ജഴ്സിയിൽ താരത്തെ ക്ലബ് അധികൃതർ അവതരിപ്പിച്ചത്. മുൻ ഇതിഹാസ സ്ട്രൈക്കർ കരീം ബെൻസേമയാണ് ഇതിനു മുമ്പ് ക്ലബിൽ ഒമ്പതാം നമ്പർ ജഴ്സി ധരിച്ചിരുന്നത്.
ലോക ഫുട്ബാളിലെ സൂപ്പർതാരങ്ങളിലൊരാളായ എംബാപ്പെയെ ക്ലബിലെത്തിക്കാനായി ബംബർ ഡീൽ തന്നെയാണ് റയൽ വാഗ്ദാനം ചെയ്തത്. ഒരു സീസണിൽ ശമ്പള ഇനത്തിൽ മാത്രം 15 മില്യൺ യൂറോയാണ് (136 കോടി രൂപ) ക്ലബ് 25കാരന് നൽകുക. അതായത് ആഴ്ചയിൽ 2.6 കോടി രൂപ. ഇത് പി.എസ്.ജി താരത്തിന് നൽകിയ തുകയേക്കാൾ കുറവാണെങ്കിലും സൈനിങ് ബോണസ് ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളിലൂടെ താരത്തിന് മറികടക്കാനാകും. അഞ്ചു വർഷത്തേക്കാണ് താരവുമായി റയൽ കരാർ ഒപ്പിട്ടത്. ഈ കാലയളവിൽ ബോണസ് ഇനത്തിൽ മാത്രം 150 മില്യൺ യൂറോ താരത്തിന് ലഭിക്കും.
കൂടാതെ, ടീമിന്‍റെ പരിശീലന ഗ്രൗണ്ടിൽ സ്വകാര്യ അത്യാഢംബര സ്യൂട്ട് റൂമും താരത്തിനുണ്ടാകും. ക്ലബിന്‍റെ പ്രീസീസൺ മത്സരങ്ങളിൽ തന്നെ എംബാപ്പെ റയലിനായി അരങ്ങേറ്റം കുറിക്കും. ജൂലൈ 31ന് ചിക്കാഗോയിലെ സോൾജ്യർ ഫീൽഡിൽ എ.സി മിലാനെതിരെയാണ് റയലിന്‍റെ സീസണിലെ ആദ്യ സൗഹൃദ മത്സരം. യുവേഫ സൂപ്പർ കപ്പാണ് റയലിന്‍റെ ആദ്യ ടൂർണമെന്‍റ്. ആഗസ്റ്റ് 14ന് പോളണ്ടിലെ വാഴ്സോയിൽ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ അറ്റ്ലാന്‍റയുമായി ഏറ്റുമുട്ടും.
ദീർഘകാലമായുള്ള തന്റെ ആഗ്രഹമായിരുന്നു റയലിൽ കളിക്കുകയെന്നത്, അത് യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ടെന്ന് എംബാപ്പെ പ്രതികരിച്ചു. തനിക്ക് സാധ്യമാവുന്നതെല്ലാം ക്ലബിന് വേണ്ടി ചെയ്യും. അതിശയകരമായ പിന്തുണ നൽകിയ കാണികൾക്കും താരം നന്ദി പറഞ്ഞു. റയൽ മഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിന്റെ സാന്നിധ്യത്തിലായിരുന്നു എംബാപ്പെയുടെ ക്ലബിലേക്കുള്ള രാജകീയ പ്രവേശനം.
2017ൽ 180 മില്യൺ യൂറോക്കാണ് എംബാപ്പെ പി.എസ്.ജിയിലെത്തുന്നത്. ക്ലബിന്‍റെ എക്കാലത്തെയും ലീഡിങ് ഗോൾ സ്കോററാണ് താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.