വെടിയുണ്ടകളെല്ലാം പാഴായി; ആഴ്സണലിന്റെ ഒന്നാം സ്ഥാനത്തേക്കുള്ള വഴിമുടക്കി വെസ്റ്റ്ഹാം
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിൽനിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള അവസരം കളഞ്ഞുകുളിച്ച് ആഴ്സണൽ. വെസ്റ്റ്ഹാം യുനൈറ്റഡിനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോൽവി വഴങ്ങിയതാണ് ഗണ്ണേഴ്സിന് തിരിച്ചടിയായത്. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടം ആഴ്സണലിന്റെ വരുതിയിലായിരുന്നെങ്കിലും ഗോളടിക്കാൻ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. അതിശയിപ്പിക്കുന്ന സേവുകളുമായി വെസ്റ്റ്ഹാം ഗോൾകീപ്പർ അൽഫോൻസ് അരിയോള കളം നിറയുകയായിരുന്നു. കളിയുടെ 75 ശതമാനവും പന്ത് കൈവശം വെച്ച ഗണ്ണേഴ്സ് 30 ഷോട്ടുകളുതിർത്തിട്ടും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. അതേസമയം, വെസ്റ്റ്ഹാം ടാർഗറ്റിലേക്ക് അടിച്ച മൂന്നിൽ രണ്ടെണ്ണവും ഗോളാവുകയും ചെയ്തു.
തുടക്കത്തിൽ തന്നെ ലീഡ് നേടാൻ ആഴ്സണലിന് അവസരം ലഭിച്ചെങ്കിലും ഒഡേഗാർഡ് നൽകിയ മനോഹര പാസ് ഫിനിഷ് ചെയ്യുന്നതിൽ ബുകായോ സാക പരാജയപ്പെട്ടു. 13ാം മിനിറ്റിലായിരുന്നു വെസ്റ്റ്ഹാമിന്റെ ആദ്യ ഗോൾ. ജറോഡ് ബോവൻ കളത്തിന് പുറത്തുപോയെന്ന് തോന്നിച്ച പന്ത് ചാടിയെടുത്ത് തോമസ് സൂസെകിന് മറിച്ചുനൽകി. താരത്തിന് പോസ്റ്റിലേക്ക് അടിക്കേണ്ട ദൗത്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ‘വാർ’ പരിശോധനയിൽ ഗോൾ ഉറപ്പിക്കുകയും ചെയ്തു. 30ാം മിനിറ്റിൽ സാക വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ഇത്തവണ തകർപ്പൻ ഹെഡർ വെസ്റ്റ്ഹാം ഗോൾകീപ്പർ കുത്തിയകറ്റി. ഹാഫ്ടൈമിന് മുമ്പ് സാകക്ക് വീണ്ടും സുവർണാവസരം ലഭിച്ചെങ്കിലും ഇത്തവണ വില്ലനായത് പോസ്റ്റ് ആയിരുന്നു. ഇടവേള കഴിഞ്ഞെത്തിയയുടൻ ഡെക്ലാൻ റൈസിന്റെ ഷോട്ട് ക്രോസ് ബാറിനോട് ചേർന്ന് പുറത്തുപോയതോടെ ആഴ്സണലിന്റെ നിർഭാഗ്യം തുടർന്നു.
55ാം മിനിറ്റിൽ ഗണ്ണേഴ്സിന്റെ തിരിച്ചടി പ്രതീക്ഷകൾ തല്ലിക്കെടുത്തി വെസ്റ്റ്ഹാം രണ്ടാമതും ഗോളടിച്ചു. വാർഡ് പ്രൗസ് എടുത്ത കോർണർ കിക്ക് ഉശിരൻ ഹെഡറിലൂടെ മാവ്റോപാനോസ് പോസ്റ്റിനുള്ളിലാക്കുകയായിരുന്നു. 65ാം മിനിറ്റിൽ സാകയുടെ ക്രോസ് ഗബ്രിയേൽ ജീസസ് ഹെഡ് ചെയ്തെങ്കിലും ഗോൾകീപ്പറുടെ കൈയിലേക്കായിരുന്നു. തൊട്ടുടൻ വൈറ്റ് നൽകിയ ക്രോസും ജീസസ് ഹെഡ് ചെയ്തിട്ടെങ്കിലും ഇത്തവണ പുറത്തേക്കായി. 73ാം മിനിറ്റിൽ ഒഡേഗാർഡ് നൽകിയ പാസിൽ ലിയാൻഡ്രോ ട്രൊസ്സാർഡ് പൊള്ളുന്ന ഷോട്ടുതിർത്തെങ്കിലും ഇത്തവണയും ഗോൾകീപ്പറുടെ അത്യുജ്വല സേവ് വെസ്റ്റ്ഹാമിന് തുണയായി. കളിയുടെ അവസാന മിനിറ്റുകളിലും മികച്ച സേവുകളുമായി അരിയോള ആഴ്സണലിന് മുന്നിൽ വിലങ്ങായി. ഇഞ്ചുറി സമയത്തിന്റെ അഞ്ചാം മിനിറ്റിൽ റൈസ് എതിർതാരത്തെ ഫൗൾ ചെയ്തതതിന് വെസ്റ്റ്ഹാമിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും സെയ്ദ് ബെൻ റഹ്മയുടെ കിക്ക് ആഴ്സണൽ ഗോൾകീപ്പർ റായ തടഞ്ഞിട്ടത് അവരുടെ തോൽവിഭാരം കുറച്ചു.
ലീഗിൽ ലിവർപൂൾ 42 പോയന്റുമായി ഒന്നാമതുള്ളപ്പോൾ രണ്ട് പോയന്റ് അകലെയാണ് ആഴ്സണൽ. 39 പോയന്റുമായി ആസ്റ്റൺവില്ല മൂന്നാമതും ഒരു മത്സരം കുറച്ചുകളിച്ച മാഞ്ചസ്റ്റർ സിറ്റി 37 പോയന്റുമായി നാലാമതുമുണ്ട്. അതേസമയം, ബ്രൈറ്റണോട് 4-2ന് തോറ്റതോടെ 36 പോയന്റുള്ള ടോട്ടൻഹാം അഞ്ചാമതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.