ലിവർപൂളിനെയും വീഴ്ത്തി; വെസ്റ്റ്ഹാം മുന്നോട്ട്
text_fieldsലണ്ടൻ: തോൽക്കാത്ത 26ാം മത്സരമെന്ന റെക്കോഡ് തേടി വെസ്റ്റ്ഹാമിെൻറ കളിമുറ്റത്തെത്തിയ ചെമ്പടക്ക് അപ്രതീക്ഷിത തിരിച്ചടി. തുല്യശക്തികളുടെ പോരാട്ടം കണ്ട കളിയിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ലിവർപൂളിനെ കടന്ന വെസ്റ്റ്ഹാം ഇതോടെ പോയൻറ് നിലയിലും േക്ലാപിെൻറ പട്ടാളത്തെ വെട്ടി മൂന്നാം സ്ഥാനത്തേക്കുയർന്നു.
കളി തുടങ്ങിയ ഉടൻ അലിസൺ വെറുതെ കൈനീട്ടി നൽകിയ ഗോളിൽ തുടങ്ങിയതായിരുന്നു ലിവർപൂൾ പതനം. നാലാം മിനിറ്റിൽ വെസ്റ്റ്ഹാമിനായി ഫോർണൽസ് എടുത്ത കോർണർ കാത്ത് ചാരെ നിന്ന ഒഗ്ബോണയെ തടയാൻ ലിവർപൂൾ കീപർ അലിസൺ കൈയുയർത്തി തട്ടിമാറ്റിയത് പക്ഷേ, വഴിമാറി വീണത് സ്വന്തം പോസ്റ്റിൽ. അതോടെ, അപകടം മണത്ത ചെമ്പട കരുത്തോടെ ആക്രമണവുമായി നിറഞ്ഞെങ്കിലും വെസ്റ്റ്ഹാം ഒരുക്കിയ പ്രതിരോധ മതിലിൽ തട്ടിവീണു. സ്വന്തം പെനാൽറ്റി ബോക്സിൽ കോട്ട തീർക്കുകയും അവസരം കിട്ടിയാൽ പാഞ്ഞുകയറുകയും ചെയ്യുന്നതായിരുന്നു ഡേവിഡ് മോയസ് ഓതിക്കൊടുത്ത വെസ്റ്റ്ഹാം തന്ത്രം. ടീം അതു ശരിക്കും നടപ്പാക്കുകയും ചെയ്തു.
ഇതോടെ അക്ഷരാർഥത്തിൽ മൈതാനം ഭരിച്ചിട്ടും എതിർപോസ്റ്റിൽ തുള വീഴ്ത്താൻ സലാഹും മാനെയും നയിച്ച ലിവർപൂൾ മുന്നേറ്റത്തിനായില്ല. ആദ്യ പകുതി അവസാനിക്കാനിരിക്കെ അലക്സാണ്ടർ ആർണൾഡിലൂടെ ലിവർപൂൾ ഗോൾ മടക്കി. രണ്ടാം പകുതിയിൽ ആക്രമണത്തിന് മൂർച്ച കൂട്ടി വെസ്റ്റ് ഹാം കോട്ട പൊളിക്കാനുള്ള ലിവർപൂൾ തന്ത്രം ഫലംകണ്ടില്ല. 67ാം മിനിറ്റിൽ ഫോർണൽസും മിനിറ്റുകൾ കഴിഞ്ഞ് സൂമയും ലിവർപൂൾ വലയിൽ പന്തെത്തിക്കുക കൂടി ചെയ്തതോടെ ഗാലറി ആവേശംകൊണ്ട് പൊട്ടിത്തെറിച്ചു. ആദ്യ ഗോളിന് സമാനമായിരുന്നു വെസ്റ്റ്ഹാമിെൻറ മൂന്നാം ഗോളും. ഇത്തവണ പക്ഷേ, അലിസണ് അവസരം നൽകാതെ സൂമ പന്ത് ഹെഡ് ചെയ്തു വലയിലെത്തിക്കുകയായിരുന്നു. അതിനിടെ 83ാം മിനിറ്റിൽ ഒറിഗി ഒരു ഗോൾ മടക്കിയത് ആശ്വാസമായി.
ജയത്തോടെ, ചെൽസിക്കും മാഞ്ചസ്റ്റർ സിറ്റിക്കും പിറകിൽ മൂന്നാം സ്ഥാനത്താണ് വെസ്റ്റ്ഹാം. ഒരു പോയൻറ് പിറകിൽ ലിവർപൂൾ നാലാമതും. കഴിഞ്ഞ ദിവസം അത്ലറ്റികോ മഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് കടന്ന് ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിലെത്തിയ ലിവർപൂളിന് ഞെട്ടലായി അപ്രതീക്ഷിത തോൽവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.