നാല് ലോകകപ്പ് ഹീറോകൾ സ്ക്വാഡിൽ; അർജന്‍റീന ഒളിമ്പിക്സിനുള്ള ഫുട്ബാൾ ടീമിനെ പ്രഖ്യാപിച്ചു
text_fieldsപാരിസ് ഒളിമ്പിക്സിനുള്ള ഫുട്ബാൾ ടീമിനെ പ്രഖ്യാപിച്ച് അർജന്‍റീന. 2022ൽ ഖത്തർ ലോകകപ്പ് നേടിയ ടീമിലെ നാലു താരങ്ങൾ സ്ക്വാഡിലുണ്ട്.
അണ്ടർ-23 ടീമാണ് കളിക്കുന്നതെങ്കിലും ഈ പ്രായപരിധിയിൽപ്പെടാത്ത മൂന്നു സീനിയർ താരങ്ങൾക്ക് കളിക്കാനാകും. ജൂലിയൻ അൽവാരസ്, നികോളാസ് ഒട്ടമെൻഡി, ഗോള്‍കീപ്പര്‍ ജെറോനിമോ റുല്ലി എന്നിവരാണ് സ്ക്വാഡിലെ സീനിയർ താരങ്ങൾ. നേരത്തെ സൂപ്പർതാരം ലയണൽ മെസ്സി ഒളിമ്പിക്സ് ടീമിനൊപ്പം കളിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പിന്നീട് താരം തന്നെ വാർത്തകൾ നിഷേധിച്ച് രംഗത്തെത്തി. നിലവില്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്കൊപ്പം കളിക്കുന്ന മെസ്സി പരിക്കിന്റെ പിടിയിലാണ്. 18 അംഗ ഒളിമ്പിക്സ് ടീമിനെ പരിശീലിപ്പിക്കുന്നത് മുൻതാരം ഹാവിയർ മഷെറാനോയാണ്.
നിലവിൽ മൂന്നു സീനിയർ താരങ്ങളും കോപ്പ അമേരിക്ക ടൂർണമെന്‍റിൽ അർജന്‍റീനക്കായി കളിക്കുന്നുണ്ട്. കോപ്പക്കുശേഷം ഇവർ ടീമിനൊപ്പം ചേരും. മാഞ്ചസ്റ്റർ സിറ്റിയുടെ അൽവാരസും ബെൻഫിക്കയുടെ ഒട്ടമെൻഡിയും സീസണിൽ ക്ലബിനും രാജ്യത്തിനുമായി ഇതിനകം 50 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈമാസം 24 നാണ് ഒളിമ്പിക്സിലെ പുരുഷ ഫുട്ബാൾ ആരംഭിക്കുന്നത്. 16 ടീമുകൾ അടങ്ങുന്ന ടൂർണമെന്‍റിൽ മൊറോക്കോ, ഇറാഖ്, യുക്രെയിൻ എന്നിവരുള്ള ഗ്രൂപ്പിലാണ് അർജന്‍റീന.
2004, 2008 ഒളിമ്പിക്സ് ഫുട്ബാളിൽ മഷെറാനോയുടെ നേതൃത്വത്തിൽ അർജന്‍റീന കിരീടം നേടിയിരുന്നു. റിവര്‍ പ്ലേറ്റിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തി ഫുട്ബാള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ക്ലോഡിയോ എച്ചെവേരിയും ടീമിന്റെ ഭാഗമായത് ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ അണ്ടർ -17 ലോകകപ്പിലും താരം ഹാട്രിക് ഉൾപ്പെടെ നേടിയിരുന്നു. പിന്നാലെ താരത്തെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി.
ഒളിമ്പിക്സിനുള്ള അർജന്‍റീന സ്ക്വാഡ്
ഗോള്‍കീപ്പർ: ലിയാന്‍ഡ്രോ ബ്രെ, ജെറോനിമോ റുല്ലി
ഡിഫൻഡർമാർ: മാര്‍ക്കോ ഡി സെസാരെ, ജൂലിയോ സോളര്‍, ജോക്വിന്‍ ഗാര്‍സിയ, ഗോണ്‍സാലോ ലുജന്‍, നിക്കോളാസ് ഒട്ടമെന്‍ഡി, ബ്രൂണോ അമിയോണ്‍.
മിഡ്ഫീല്‍ഡര്‍മാര്‍: എസെക്വല്‍ ഫെര്‍ണാണ്ടസ്, സാന്റിയാഗോ ഹെസ്സെ, ക്രിസ്റ്റ്യന്‍ മദീന, കെവിന്‍ സെനോണ്‍.
ഫോര്‍വേഡ്സ്: ജിലിയാനോ സിമിയോണി, ലൂസിയാനോ ഗോണ്ടൗ, തിയാഗോ അല്‍മാഡ, ക്ലോഡിയോ എച്ചെവേരി, ജൂലിയന്‍ അല്‍വാരസ്, ലൂക്കാസ് ബെല്‍ട്രാന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.