അമീർ കപ്പ് ഫുട്ബാൾ: നാളെ കലാശപ്പോരാട്ടം
text_fieldsദോഹ: ചാമ്പ്യൻ ക്ലബായ അൽ സദ്ദിന്റെ അസാന്നിധ്യത്തിലും ആവേശം കുറയാതെ അമീർ കപ്പ് ഫൈനൽ പോരാട്ടത്തെ വരവേറ്റ് ഖത്തറിലെ ഫുട്ബാൾ ആരാധകർ. ലോകകപ്പിന്റെ വർഷത്തിൽ ഖത്തറിലെ ആദ്യത്തെ പ്രധാന പോരാട്ടത്തിന് കൂടിയാണ് വെള്ളിയാഴ്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയം വേദിയാവുന്നത്.
അൽ ദുഹൈൽ എഫ്.സിയും അൽ ഗറാഫയും തമ്മിലാണ് 50ാമത് അമീർ കപ്പിന്റെ കിരീടപ്പോരാട്ടം.
18 തവണ ചാമ്പ്യന്മാരും കഴിഞ്ഞ മൂന്ന് സീസണുകളിലും ഫൈനലിൽ കളിച്ചവരുമായ അൽ സദ്ദിനെ അട്ടിമറിച്ചാണ് അൽ ദുഹൈൽ ഫൈനലിൽ ഇടം പിടിച്ചത്. മറ്റൊരു സെമിയിൽ അൽ വക്റയെ തോൽപിച്ചാണ് അൽ ഗറാഫയുടെ വരവ്.
ഫൈനൽ മത്സരത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു.
ഏഴ് മണിക്കാണ് മത്സരത്തിന് കിക്കോഫ് കുറിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് സ്റ്റേഡിയം ശേഷിയുടെ 75 ശതമാനം കാണികൾക്കാണ് പ്രവേശനം. 40,000 സീറ്റുകളാണ് സ്റ്റേഡിയത്തിന്റെ ആകെ ശേഷി. ടിക്കറ്റ് വിൽപനക്ക് ആവേശകരമായ പ്രതികരണമാണ് ആരാധകരിൽനിന്നും ലഭിക്കുന്നതെന്ന് ക്യൂ.എഫ്.എ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ വൈസ്ചെയർമാൻ അലി അൽ സലാത് പറഞ്ഞു. ബുധനാഴ്ച ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം ടിക്കറ്റ് വിൽപനയുടെ 75 ശതമാനം പൂർത്തിയായതായും ഫൈനലിന് മുമ്പായി പൂർണമായും വിറ്റഴിയുമെന്ന്പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
50 റിയാൽ, 10 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് വില. കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനും മത്സരശേഷം മടങ്ങാനുമുള്ള സുരക്ഷ ക്രമീകരണങ്ങൾ സജ്ജമാക്കിയതായി സെക്യൂരിറ്റി ഓപറേഷൻ ഇൻ ചാർജ് ക്യാപ്റ്റൻ നായിഫ് അൽ കുബൈസി പറഞ്ഞു. നാലുമണി മുതൽ തന്നെ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ആരംഭിക്കുമെന്ന് ഫെസിലിറ്റി ഇൻ ചാർജ് ശൈഖ് അഹമ്മദ് ആൽഥാനി പറഞ്ഞു.
അവസാന സമയങ്ങളിലെ തിരക്കൊഴിവാക്കാൻ കാണികൾ നേരത്തെതന്നെ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. 11,000 കാറുകൾക്കുള്ള പാർക്കിങ് സൗകര്യം ലഭ്യമാണ്.
ഇതിനുപുറമെ, രണ്ടര മിനിറ്റ് ഇടവേളയിൽ മെട്രോ സർവിസും സ്റ്റേഡിയത്തിൽ എത്താൻ സൗകര്യമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.