ഇന്ത്യൻ ഫുട്ബാളിന് വിലങ്ങുതടി അസോസിയേഷൻ -അനസ് എടത്തൊടിക
text_fieldsമനാമ: ഇന്ത്യൻ ഫുട്ബാൾ ഇത്രകാലമായിട്ടും വളരാത്തതിനു കാരണം അസോസിയേഷനുകളുടെയും കളിക്കാരുടെയും നിക്ഷിപ്ത താൽപര്യങ്ങളാണെന്ന് മുൻ ഇന്ത്യൻ ടീമംഗവും പ്രമുഖ ഫുട്ബാളറുമായ അനസ് എടത്തൊടിക. ഇന്ത്യൻ ദേശീയ ടീമിൽ കളിച്ചിരുന്ന തനിക്ക് ഇതുവരെ സർക്കാർ ജോലി നൽകാത്തതിനു പിന്നിൽ ചില സീനിയർ കളിക്കാരുടെ കുത്സിത പ്രവർത്തനമാണെന്നും ബഹ്റൈനിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
സന്തോഷ് ട്രോഫി ടീമിൽ കളിച്ചവർക്കുപോലും ജോലി നൽകിയപ്പോഴാണ് ദേശീയ ടീമിൽ അംഗമായ തനിക്ക് ജോലി നിഷേധിച്ചത്. സർക്കാർ ജോലി എന്നത് കേവലം വരുമാന മാർഗമായല്ല കാണുന്നത്. അത് യുവത്വം കായിക മേഖലക്കായി സമർപ്പിച്ച താരങ്ങൾക്ക് സർക്കാർ നൽകുന്ന അംഗീകാരമാണ്. ജോലി ലഭിക്കാത്തതു സംബന്ധിച്ച് നിരവധി തവണ നിവേദനങ്ങളടക്കം നൽകുകയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമടക്കം നേരിൽ കാണുകയും ചെയ്തിരുന്നു. എന്നാൽ, ദേശീയ ടീമിൽ അംഗമായവർക്ക് ജോലി നൽകാൻ വ്യവസ്ഥയില്ലെന്ന വിചിത്രമായ മറുപടിയാണ് ലഭിച്ചത്. മെഡൽ നേട്ടമുണ്ടാകുമ്പോൾ കായിക താരങ്ങളെ അഭിനന്ദിക്കാൻ തിരക്കു കൂട്ടുന്നവർ അതിനുശേഷമോ അല്ലെങ്കിൽ അവർ വളർന്നുവരുന്ന കഷ്ടപ്പാടിന്റെ സമയത്തോ അവരെ സഹായിക്കാൻ തയാറല്ല. ഗുസ്തി അസോസിയേഷൻ ഭാരവാഹി ബ്രിജ് ഭൂഷണിനെതിരെ ഒളിമ്പിക് മെഡൽ ജേതാക്കളടക്കം നടത്തുന്ന സമരത്തോടുള്ള കേന്ദ്ര സർക്കാറിന്റെ സമീപനം കായിക താരങ്ങളോടുള്ള മനോഭാവത്തിന്റെ ഉദാഹരണമാണ്. അസോസിയേഷനുകൾ കായിക താരങ്ങളെ ഏതെല്ലാം വിധത്തിൽ ചൂഷണം ചെയ്യുന്നു എന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.
സെലക്ഷൻ പ്രക്രിയയിലടക്കം ഇവരുടെ ഇടപെടലുകളുണ്ട്. അർഹരായവരെ തഴയുകയും അനർഹരെ കൈപിടിച്ചുയർത്തുകയുമാണ് ഇവർ ചെയ്യുന്നത്. ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണക്കാൻ നിരവധി കായിക താരങ്ങൾ മുന്നോട്ടുവന്നത് സ്വാഗതാർഹമാണ്. സി.കെ. വിനീതും എം.പി പ്രദീപും താനുമടക്കമുള്ളവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഉമ്മയുടെ കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് സമയം കണ്ടെത്താനാണ് കളിയിൽനിന്ന് വിരമിക്കാൻ തീരുമാനിച്ചത്. അത് നേരത്തേയായിപ്പോയി എന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ, അതിൽ കുറ്റബോധമില്ല. അത് അനിവാര്യതയായിരുന്നു. കളിച്ചുകൊണ്ടിരുന്ന കാലയളവിൽ പല തിക്താനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
മുതിർന്ന പല കളിക്കാരിൽനിന്നും ഒഫിഷ്യൽസിൽനിന്നും വ്യക്തിപരമായി പല മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. മനക്കരുത്തുകൊണ്ടു മാത്രമാണ് പിടിച്ചുനിൽക്കാനായത്. പുതിയ തലമുറ ഇതിനെയൊക്കെ നേരിടാൻ അശക്തരാണ്. അതാണ് ഇത്തരക്കാർ ആഗ്രഹിക്കുന്നതും. മികച്ച കളിക്കാരെ പുറത്താക്കി തങ്ങളുടെ ആജ്ഞാനുവർത്തികളെ ടീമിൽ പ്രതിഷ്ഠിക്കുകയാണ്. ഈ സ്ഥിതി മാറാതെ ഇന്ത്യൻ ഫുട്ബാളിന് രക്ഷയില്ല. സത്യസന്ധമായ സെലക്ഷൻ ജില്ലതലത്തിൽ തന്നെ തുടങ്ങുകയാണെങ്കിൽ എത്ര മികച്ച കളിക്കാർ ദേശീയ ടീമിൽ വന്നേനെ. സാമ്പത്തിക താൽപര്യം മാത്രം പരിഗണിച്ചുള്ള നയങ്ങളാണ് അസോസിയേഷനുകൾ എടുക്കുന്നത്. സന്തോഷ് ട്രോഫി സൗദിയിൽ നടത്തുന്നതൊക്കെ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ്. കളിയുടെ നിലവാരത്തിൽ ഒരു മാറ്റവും വരുന്നില്ല. കെ.എഫ്.എയും സ്പോർട്സ് കൗൺസിലും തമ്മിൽ സ്വരച്ചേർച്ചയില്ല. ചാരിറ്റി മാച്ചിന് പൈസ വാങ്ങുന്നവരാണ് ഫുട്ബാൾ അസോസിയേഷൻ ഭരിക്കുന്നത്. ഇതൊക്കെ കളിയെയും കളിക്കാരെയുമാണ് ബാധിക്കുന്നത്.
ഐ.എസ്.എൽ തുടങ്ങിയതിനുശേഷം ഫുട്ബാൾ കൂടുതൽ ജനകീയമായിട്ടുണ്ട്. സീരിയലുകൾ ഉപേക്ഷിച്ച് കളി കാണാൻ വീട്ടമ്മമാർ വരെ താൽപര്യം കാണിച്ചു. വിദേശ കോച്ചുകളെ ക്ലബുകൾ ഇന്ത്യയിലെത്തിച്ചു. കളിക്കാർക്ക് മികച്ച അനുഭവങ്ങളുണ്ടായി. എന്നിട്ടും ഫുട്ബാളിന് കാര്യമായ ഗുണം ഉണ്ടാകുന്നില്ലെങ്കിൽ അതിനു കാരണം എന്താണെന്ന് സമൂഹം ഗൗരവപൂർവം ചിന്തിക്കണം. സ്വന്തമായി ഗ്രൗണ്ട് പോലും ദേശീയ ഫുട്ബാൾ അസോസിയേഷനില്ല എന്നതൊരു വസ്തുതയാണ്. ഐ.എസ്.എല്ലിൽ ആറേഴുവർഷം കളിച്ചു. ഐ ലീഗ് സാമ്പത്തിക നേട്ടം നൽകി. ഐ.എസ്.എൽ പ്രശസ്തി നൽകി. ഇനിയും കായിക മേഖലയിൽ തന്നെയുണ്ടാകും. എന്നാൽ, പരിശീലകനാകാൻ താൽപര്യമില്ലെന്നും അനസ് ചോദ്യത്തിനുത്തരമായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.