അനസ് എടത്തൊടികയുടെ ജോലി അപേക്ഷ: മന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളം, അവസാന തീയതിക്ക് മുമ്പെ താരം അപേക്ഷ നൽകിയതായി രേഖകൾ
text_fieldsമലപ്പുറം: മുൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടികക്ക് നിയമനം നൽകാത്തത് നിശ്ചിത കാലയളവിൽ അപേക്ഷ സമർപ്പിക്കാത്തതിനാലാണെന്ന കായിക മന്ത്രി വി. അബ്ദുറഹ്മാന്‍റെ വാദം കള്ളമെന്ന് രേഖകൾ. നിയമസഭയിൽ ടി.വി. ഇബ്രാഹിം എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറഞ്ഞപ്പോഴാണ് മന്ത്രി ഈ വാദം ഉയർത്തിയത്.
ബോഡി ബിൽഡിങ് മത്സരത്തിൽ പങ്കെടുത്തവർക്കുവരെ ജോലി കൊടുത്തിട്ടും ഇന്ത്യൻ ഫുട്ബാൾ ടീമിനായി അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്ത അനസ് എടത്തൊടിക പോലെയുള്ള താരങ്ങൾക്ക് നിയമനം നൽകാത്തത് എന്താണെന്നായിരുന്നു എം.എൽ.എയുടെ ചോദ്യം. അനസ് നിശ്ചിത കാലയളവിൽ അപേക്ഷ സമർപ്പിച്ചിരുന്നില്ലെന്നും അതിനാലാണ് നിയമനം കിട്ടാതിരുന്നതെന്നുമാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. ജോലിക്കായി സർക്കാർ സമയപരിധി നിശ്ചയിച്ച സമയത്ത് അനസിന്‍റെ അപേക്ഷ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം മറ്റൊരു ജോലിയിൽ പ്രവേശിച്ചെന്നും മന്ത്രി പറഞ്ഞു. എന്നാൽ, മന്ത്രിയുടെ വാദം തെറ്റാണെന്നാണ് സർക്കാർ ഉത്തരവിന്‍റെയും അനസിന്‍റെ അപേക്ഷയുടെയും രേഖകൾ പറയുന്നത്.
2021 മേയ് 25ലെ പി.എസ്.സി ഉത്തരവിൽ പ്രഗത്ഭ കായിക താരങ്ങൾക്ക് നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015-19ലെ ഒഴിവുകളിൽ നിയമനത്തിനായി അപേക്ഷ നൽകേണ്ട തീയതി ജൂൺ 15 വരെയായിരുന്നു. ജൂൺ 14നാണ് അനസ് സ്പോർട്സ് കൗൺസിലിലേക്ക് അപേക്ഷ നൽകിയത്.
2021 ജൂൺ 14ന് അനസ് എടത്തൊടിക നൽകിയ അപേക്ഷയുടെ കോപ്പി, ജൂൺ 15 അവസാന തീയതിയായി അറിയിച്ചുള്ള ഉത്തരവ്
ഫുട്ബാളിലെ രാജ്യാന്തര പ്രതിഭയായിട്ടും ലോകകപ്പ്, ഒളിംപിക്സ്, ഏഷ്യൻ ഗെയിംസ്, സാഫ് ഗെയിംസ് തുടങ്ങിയവയിൽ മത്സരിച്ചവർക്ക് മാത്രമേ ജോലിക്ക് അർഹതയുള്ളൂവെന്ന മാനദണ്ഡം പറഞ്ഞാണ് അനസിന് ഇതുവരെ നിയമനം നൽകാതിരുന്നത്. അതിനിടെ, സ്പോർട്ട്സ് ക്വോട്ട നിയമനത്തിനുള്ള ഇനമായി അംഗീകരിക്കാത്ത ബോഡി ബിൽഡിങ് താരങ്ങൾക്ക് ചട്ടം മറികടന്ന് പൊലീസിൽ നേരിട്ട് നിയമനം നൽകാനുള്ള തീരുമാനം വന്നതോടെ അനസിന്‍റെ നിയമനം വീണ്ടും ചർച്ചയായി.
2020 ഡിസംബർ 27ന് നിയമനം നിഷേധിച്ച് ആഭ്യന്തരവകുപ്പ് അനസിന് നൽകിയ മറുപടിയിൽ കായികരംഗത്ത് സജീവമായി നിൽക്കുന്നവരെയും 25 വയസ്സിൽ കുറവുള്ളവരെയുമാണ് പൊലീസിൽ സ്പോർട്സ് ക്വോട്ടയിൽ നിയമിക്കുന്നതെന്നും അനസിന് 31 വയസ്സ് പൂർത്തിയായതിനാൽ ഹവിൽദാർ തസ്തികയിൽ പോലും നിയമനം നൽകാനാവില്ലെന്നുമായിരുന്നു അറിയിച്ചത്. എന്നാൽ, 39 വയസ്സായ 1986ൽ ജനിച്ച ബോഡി ബിൽഡിങ് താരം ചിത്തരേഷ് നടേശന്‍റെ നിയമനത്തിന് ഈ മാനദണ്ഡം ബാധകമായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.