ഫുട്ബാൾ താരം അനസ് എടത്തൊടിക വിരമിച്ചു
text_fieldsമലപ്പുറം: കേരളത്തിന്‍റെയും മലപ്പുറത്തിന്‍റെയും അഭിമാനം രാജ്യം കടത്തിയ അനസ് എടത്തൊടിക പ്രഫഷനല്‍ ഫുട്‌ബാളില്‍നിന്ന് വിരമിച്ചു. കഴിഞ്ഞ ദിവസം മഞ്ചേരി പയ്യനാട്ട് നടന്ന സൂപ്പർ ലീഗ് കേരള ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ മലപ്പുറം എഫ്.സിക്കായി പന്ത് തട്ടിയതിന് പിന്നാലെയാണ് അനസിന്‍റെ ഇൻസ്റ്റഗ്രാമിലെ വിരമിക്കൽ പ്രഖ്യാപനം. ‘‘ബുട്ടഴിക്കാനുള്ള സമയമായി, പ്രഫഷനൽ ഫുട്ബാളിനോട് വിടപറയുന്നു. മലപ്പുറത്തെ വയലുകളിൽനിന്ന് രാജ്യത്തിന്‍റെ വിവിധ സ്റ്റേഡിയങ്ങളിലേക്ക് സ്വപ്നം യാഥാർഥ്യമാക്കിയ സഞ്ചാരമായിരുന്നു.
ഒന്നുമില്ലായ്മയിൽനിന്നാണ് ഞാൻ തുടങ്ങിയത്. അടങ്ങാത്ത പ്രതീക്ഷയും കളിയോടുള്ള അമിതമായ സ്നേഹവും മാത്രമായിരുന്നു. ഇന്ന് ഞാൻ അനുഗ്രഹീതനാണ്, മലപ്പുറത്തിന്‍റെ മണ്ണിൽ വെച്ച് തന്നെ ഞാൻ ഈ അധ്യായം അവസാനിപ്പിക്കുന്നു. വെല്ലുവിളികളും അമൂല്യമായ പാഠങ്ങളും ജയങ്ങളും നിറഞ്ഞ യാത്രയാണ് എന്നെ ഞാനായി പാകപ്പെടുത്തിയത്. എന്‍റെ ഉയർച്ച താഴ്ചകളിൽ കൂടെ നിന്ന എന്‍റെ കുടുംബം, പരിശീലകർ, ടീം അംഗങ്ങൾ, അവശ്യഘട്ടങ്ങളിൽ എന്നെ ഉയർത്തിക്കൊണ്ടു വന്ന എന്‍റെ ആരാധകർ എല്ലാവരോടും ഞാൻ നന്ദി പറയുന്നു. എനിക്ക് തിരികെ നൽകാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഫുട്ബാൾ എനിക്ക് നൽകി. ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും’’ അനസ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
ഇന്ത്യയുടെയും ക്ലബുകളുടെയും ‘കട്ട’ പ്രതിരോധം
2017ലാണ് അനസ് എടത്തൊടിക ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ചത്. രാജ്യത്തിന് വേണ്ടി 21 മത്സരങ്ങൾക്ക് ബൂട്ടണിയാൻ ഭാഗ്യമുണ്ടായി. 2019 ജനുവരിയില്‍ ഷാര്‍ജയിൽ ബഹ്‌റൈനെതിരെ ഏഷ്യൻ കപ്പിലാണ് അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്. 2007ല്‍ മുംബൈ എഫ്.സിയിലാണ് ഐ ലീഗിലൂടെ പ്രഫഷനല്‍ അരങ്ങേറ്റം. 2011 മുതല്‍ 2015 വരെ പുണെ എഫ്.സി താരമായ അനസ് ക്ലബിനായി 105 മത്സരങ്ങളും കളിച്ചു. ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 2015 മുതല്‍ 2017 വരെ ഐ.എസ്.എല്‍ ക്ലബായ ഡല്‍ഹി ഡൈനാമോസിന്‍റെ പ്രതിരോധ താരമായി. മോഹന്‍ ബഗാനിലേക്ക് ഐ ലീഗ് കളിക്കാൻ ലോണടിസ്ഥാനത്തില്‍ പോയ അനസ് അടുത്ത വര്‍ഷം ജാംഷഡ്പൂര്‍ എഫ്.സിയിലുമെത്തി.
2018-19ൽ ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ചു. 2019- 20ൽ എ.ടി.കെയിൽ 2021ല്‍ ജാംഷഡ്പൂരിലേക്ക് തിരിച്ചെത്തി. കഴിഞ്ഞവര്‍ഷം ഐ ലീഗ് ക്ലബായ ഗോകുലം എഫ്.സി അനസിനെ ടീമിലെത്തിച്ചിരുന്നു. പിന്നീട് കേരളത്തിലെ പുതിയ ഫുട്ബാൾ ആവേശമായ സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്.സിയുടെ നായകനായി. 1987 ഫെബ്രുവരി 15ന് കൊണ്ടോട്ടി മുണ്ടപ്പലത്ത് മുഹമ്മദ് കുട്ടിയുടെയും ഖദീജയുടെയും മകനായാണ് ജനനം. ഭാര്യ സുലൈഖ, മക്കൾ: ഷസ്മിൻ, ഷഹ്ഷാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.