ഫുട്ബാളെന്നാൽ സംതിങ് ഡിഫറന്റായൊരു സംഗതിയാണ്; പ്രചോദനമായതിൽ അഭിമാനമെന്നും അനസ്
text_fieldsകോഴിക്കോട്: മലപ്പുറം കൊണ്ടോട്ടിയിലെ മുണ്ടപ്പലം ഗ്രാമത്തിൽ നിന്ന് തുടങ്ങിയ അനസ് എടത്തൊടികയുടെ ഫുട്ബാൾ യാത്രക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ലോങ് വിസിൽ. ഒരു ഇന്ത്യൻ ഫുട്ബാളറെ സംബന്ധിച്ച് കീഴടക്കാൻ കഴിയുന്ന ഉയരങ്ങൾ കാൽക്കീഴിലാക്കാൻ രണ്ട് പതിറ്റാണ്ടിനിടെ ഈ പ്രതിരോധഭടന് കഴിഞ്ഞു. വിരമിക്കൽ പ്രഖ്യാപനത്തിനുശേഷം അനസ് 'മാധ്യമ'ത്തോട് സംസാരിക്കുന്നു.
വിരമിക്കൽ തീരുമാനം പെട്ടെന്നുണ്ടായതാണോ?
എന്റെ തീരുമാനങ്ങൾ എല്ലാം പെട്ടെന്നാണുണ്ടാവാറ്. സൂപ്പർ ലീഗ് കേരളയിൽ എന്റെ ടീമായ മലപ്പുറം എഫ്.സിയിൽ ഫുട്ബാൾ പ്രേമികൾ ഒരുപാട് പ്രതീക്ഷയർപ്പിച്ചിരുന്നു. അത് നിറവേറ്റാനാവാത്തത് നിരാശയുണ്ടാക്കി. വിരമിക്കാൻ ഇതുതന്നെയാണ് യോജിച്ച സമയമെന്ന് തോന്നി. അങ്ങനെയാണ് തീരുമാനമെടുത്തത്.
സ്വന്തം കാണികൾക്കുമുന്നിൽ ബൂട്ടഴിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ച്?
അതാണ് പറഞ്ഞുവന്നത്. മലപ്പുറത്തുനിന്ന് മുംബൈയിലേക്കുപോയ 18 വയസ്സുകാരൻ 37 വയസ്സുകാരനായി സ്വന്തം കാണികൾക്കുമുന്നിൽ ഇറങ്ങിയാണ് കളി നിർത്തുന്നത്. തുടക്കവും ഒടുക്കവും മലപ്പുറത്തായതാണ് ഏറ്റവും വലിയ സന്തോഷം. കൗമാരകാലത്ത് സ്വപ്നം പോലും കാണാൻ കഴിയാത്ത കരിയർ എനിക്കുണ്ടായി. ഐ ലീഗിലും ഇന്ത്യൻ സൂപ്പർ ലീഗിലുമായി പത്തോളം പ്രഫഷനൽ ക്ലബുകൾക്കുവേണ്ടി കളിച്ചു. ഇന്ത്യൻ ടീമിന്റെ നീല ജഴ്സിയെന്ന ഏത് ഫുട്ബാളറുടെയും മോഹക്കുപ്പായം പല തവണ അണിയാൻ എനിക്കായി. എല്ലാത്തിനും പടച്ചവനോട് നന്ദി പറയുന്നു. ഫുട്ബാളിനോടും നാടിനോടും ഞാൻ കടപ്പെട്ടിരിക്കും.
ഫുട്ബാളറെന്ന നിലയിൽ എങ്ങനെയായിരുന്നു 20 വർഷത്തെ ജീവിതം?
ഫുട്ബാളെന്നാൽ സംതിങ് ഡിഫറന്റായൊരു സംഗതിയാണ്. ഇത്രയധികം എൻജോയ് ചെയ്യാൻ കഴിയുന്നൊരു കായിക ഇനം ലോകത്ത് വേറെയില്ല. ഫുട്ബാളാണ് എനിക്കെല്ലാം സമ്മാനിച്ചത്. ഞാൻ പ്രതീക്ഷിക്കാത്ത നിലകളിൽ അതെന്നെ കൊണ്ടെത്തിച്ചു. വ്യക്തികൾക്കിടയിലും സമൂഹത്തിലും ക്ലബുകളിലും ദേശീയ തലത്തിലുമെല്ലാം അംഗീകാരങ്ങൾ നേടിത്തന്നു. ലോകത്ത് ഏറ്റവുമധികം ആളുകൾ ഇഷ്ടപ്പെടുന്ന ഫുട്ബാളിൽ കേരളത്തിന്റെ പ്രതിനിധിയായി ഉയരങ്ങളിലെത്താൻ കഴിഞ്ഞൊരു കൊണ്ടോട്ടിക്കാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. ഫുട്ബാളർമാർക്ക് സമൂഹത്തിൽ കിട്ടുന്ന അംഗീകാരങ്ങൾ വലുതാണ്. നാടിന്റെ കായിക സംസ്കാരം മാറ്റിയെടുക്കുന്നതിൽ എനിക്കും പങ്കുവഹിക്കാനായി എന്നത് വലിയ കാര്യമായി തോന്നുന്നു. ഞാൻ ഇന്ത്യൻ ടീമിൽ കളിക്കുന്നത് പ്രചോദനമാക്കി മക്കൾക്ക് ബൂട്ട് വാങ്ങിക്കൊടുത്ത മാതാപിതാക്കളുണ്ട്. അവരൊക്കെ ഫുട്ബാൾ കാണാനും ആസ്വദിക്കാനും തുടങ്ങി.
ഭാവി പദ്ധതികൾ എന്തൊക്കെ?
ജീവിതത്തിൽ അങ്ങനെ വലിയ പദ്ധതികളോ സ്വപ്നങ്ങളോ എനിക്ക് പണ്ടേ ഇല്ല. എന്നെ തേടി വരുന്നത് നല്ലതാവണമെന്നും അത് മികച്ച രീതിയിൽ ചെയ്യാൻ കഴിയണമെന്നും ആഗ്രഹിക്കുന്നു. പ്രാർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.