ഒറ്റ ഗോളിൽ ഇതിഹാസമായ ‘ബ്രെഹ്മാ’സ്ത്രം
text_fields1990 ഇറ്റാലിയൻ ലോകകപ്പിന്റെ 85ാം മിനിറ്റിൽ അർജന്റീനക്കെതിരെ ജർമനിക്കു ലഭിച്ച പെനാൽറ്റി കിക്ക് എടുക്കാൻ നിയുക്തനായത് അയൺ ഹാർട്ട് എന്ന് വിശേഷണമുള്ള അവരുടെ നായകൻ ലോഥർ മത്യോസ് ആയിരുന്നു. എന്തുകൊണ്ടോ ഒരു നിമിഷം പതറിയ അദ്ദേഹം ആത്മമിത്രമായ ആൻഡ്രിയാസ് ബ്രെഹ്മെയെ ഒന്നു നോക്കി. കാര്യം മനസ്സിലാക്കിയ അയാൾ മെല്ലെ പന്ത് പെനാൽറ്റി പോയന്റിൽവെച്ച് പിറകോട്ട് ഒന്ന് ആഞ്ഞ് പന്ത് ഗോൾപോസ്റ്റിന്റെ വലതു മൂലയിലേക്ക് തട്ടിയിട്ടു. അതൊരു ചരിത്രനിമിഷമാവുകയായിരുന്നു. നിലവിലെ ജേതാക്കളായ മറഡോണയുടെ അർജന്റീനയുടെ മോഹം വീണു തകർന്ന നിമിഷം. ജർമനിയുടെ മൂന്നാം ലോകകപ്പ് വിജയം. കൈസർ ഫ്രാൻസ് ബക്കൻ ബവറുടെ പരിശീലകൻ എന്ന നിലയിലുള്ള കിരീടനേട്ടം. ചരിത്രത്തിലേക്കുള്ള നടന്നുകയറ്റം.
ആരാണ് ഈ ബ്രെഹ്മെ..!
1960 നവംബർ ഒമ്പിനു തുറമുഖനഗരമായ ഹാംബൂർഗിൽ ജനിച്ചു. പന്തുകളിക്കാരനും അമച്വർ പരിശീലകനുമായിരുന്നു പിതാവ് ബ്രെൻഡ് ബ്രെഹ്മെ. അച്ഛന്റെ പാത തിരഞ്ഞെടുത്ത മകൻ ആൻഡ്രിയാസ് മൂന്നാം വയസ്സുമുതൽ പന്തുതട്ടി. അഞ്ചാം വയസ്സിൽ ഹാംബൂർഗ് ബാർമംബെർക് എന്ന പ്രാദേശിക ടീമിലെ കുട്ടികൾക്കുള്ള ബാംബി വിഭാഗത്തിൽ കളി പഠിക്കാൻ ചേർന്ന് എട്ടു വയസ്സുവരെ അവിടെ തുടർന്നു. അന്നേ ഗതിവേഗവും പന്തുമായുള്ള ചങ്ങാത്തവും ആണ്ടിയെ പരിശീലകരുടെ നോട്ടപ്പുള്ളിയാക്കി.
1978ൽ അവരുടെ യൂത്ത് ടീമിൽ കളി തുടങ്ങിയതുതന്നെ പ്രതിരോധക്കാരനായി. ഒടുവിൽ പടിപടിയായി ഉയർന്ന് അവരുടെ പ്രാദേശിക ലീഗിലെ കളിക്കാരൻ.
ആദ്യ പ്രഫഷനൽ കരാർ സാർബ്രൂക്കൻ ടീമിൽ. എന്നാൽ, ബ്രെഹ്മെയെന്ന ചെറുപ്പക്കാരൻ കാൽപന്തുകളിയുടെ പര്യായമായത് കൈസേഴ്സ് ലോയ്റ്റാരൻ എന്ന ബുണ്ടസ് ലിഗ ടീമുമായി കരാർ ഒപ്പിടുമ്പോഴാണ്. ഹാനസ് ബോൺഗ്രൻസ് എന്ന അവിടത്തെ അന്നത്തെ കോച്ചാണ് തനിക്കു കിട്ടിയ ഒരു അപൂർവ മുത്താണ് ഈ കളിക്കാരൻ എന്ന് മനസ്സിലാക്കിയത്. ആ സൗഹൃദം 1986 വരെ തുടർന്നതിനുശേഷമായിരുന്നു ബുണ്ടസ് ലിഗയിലെ അതികായന്മാരായ ബയേൺ മ്യൂണിക്കിലേക്കുള്ള കൂടുമാറ്റം. അവിടെ ലോഥർ മത്യോസുമായി അടുത്ത ചങ്ങാത്തം. തുടർന്ന് അവർ യൂറോപ്യൻ ഫുട്ബാളിലെ എല്ലാ വിജയങ്ങളും ഒന്നിച്ചു നേടിയെടുത്ത് വഴികാട്ടിയായി ബക്കൻ ബവറും.
നന്ദി, മറക്കില്ല ‘ആണ്ടി’
ജർമൻ അണ്ടർ 21 ടീമിലും കളിച്ചശേഷമാണ് 1981ൽ ബ്രെഹ്മെ അന്നത്തെ പശ്ചിമ ജർമനിയുടെ പ്രതിരോധ നായകനാകുന്നത്. ലെഫ്റ്റ് ബാക്കായ ആൻഡ്രിയാസ് അതിശയകരമായ ഗതിവേഗവുമായി വിങ്ങർ ആയി മാറി. അങ്ങനെ ആൻഡ്രിയാസ് കൊണ്ടെത്തിച്ച പന്തുകളായിരുന്നു ആക്കാലത്ത് റൂഡി ഫോളറും ക്ലിൻസ്മാനും ഒളിവർ ബിയർ ഹോഫും മെഹമത് ഷോളും ഗോളാക്കി ജർമനിയെ യൂറോപ്പിലെ കാൽപന്തുകളിയുടെ അധിപന്മാരായി നിലനിർത്തിയത്. രണ്ടു കാലുകളിലും ഒരുപോലെ സ്വാധീനത്തോടെ കളിക്കാൻ പ്രാപ്തനായ കളിക്കാരനായിരുന്നു ബ്രെഹ്മെ. ആ കഴിവ് അയാളെ ഫുട്ബാൾ ലോകത്തെ ഒരു അപൂർവ പ്രതിഭയാക്കി മാറ്റി.
ഹൃദയാഘാതംമൂലം ആൻഡ്രിയാസ് ബ്രെഹ്മയുടെ വിയോഗം സംഭവിച്ചെന്ന വാർത്തകൾ ജർമൻ ജനതക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. ഒരു തലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ച തങ്ങളുടെ ‘ആണ്ടി’യുടെ വിയോഗം തീരാദുഃഖമാണ്. ആ നഷ്ടത്തിൽ വിലപിക്കുമ്പോൾതന്നെ, മനോഹരമായ ഗെയിമിന് ആൻഡ്രിയാസ് ബ്രെഹ്മെ നൽകിയ സംഭാവനകളുടെ ഓർമകൾ ആഘോഷമായി അവരുടെ മനസ്സിൽ എക്കാലവും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.