‘എവിടെയെങ്കിലും പോയി കരയൂ’; ഫ്രഞ്ച് മുൻ താരത്തിന് ഏയ്ഞ്ചൽ ഡി മരിയയുടെ ചുട്ടമറുപടി
text_fieldsഖത്തർ ലോകകപ്പ് ഫൈനലിനു പിന്നാലെ അർജന്‍റീന-ഫ്രഞ്ച് താരങ്ങളും ആരാധകരും തമ്മിലുള്ള വാഗ്വാദം തുടരുകയാണ്. അര്‍ജന്‍റീന ഗോൾകീപ്പർ എമിലിയാനോ മാര്‍ട്ടിനെസ്, സൂപ്പർതാരം കിലിയൻ എംബാപ്പെയെ പരിഹസിച്ച് ഒന്നിലധികം തവണ രംഗത്തുവന്നതോടെയാണ് വിമർശനങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും ചൂടുപിടിച്ചത്.
ഡ്രസിങ് റൂമിലെ പരിഹാസത്തിനു പിന്നാലെ ബ്വേനസ് എയ്റിസിലെ വിക്‌ടറി പരേഡില്‍ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയും കൈയിൽ പിടിച്ചായിരിന്നു മാർട്ടിനെസിന്‍റെ ആഘോഷം. മാർട്ടിനെസിന്‍റെ ആഘോഷം അതിരുകടന്നുപോയെന്ന വിമർശനവുമായി നിരവധി പേരാണ് രംഗത്തുവന്നത്. എന്നാൽ, മാർട്ടിനെസിനെ വളരെ മോശം ഭാഷയിൽ വിമർശിച്ച ഫ്രാൻസിന്റെ മുൻ പ്രതിരോധ താരം ആദിൽ റാമിക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് സഹതാരമായ ഏയ്ഞ്ചൽ ഡി മരിയ.
കഴിഞ്ഞദിവസം തന്‍റെ ഇൻസ്റ്റഗ്രാമിലൂടെയാണ് റാമി മാർട്ടിനെസിനെ പരിഹസിച്ചത്. ‘എമി മാർട്ടിനെസ്, ഫുട്ബാളിൽ**** ഏറ്റവും വലിയ മകൻ’ എന്നായിരുന്നു പോസ്റ്റ്. എമിയാണ് ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ എന്നും വേറെ എവിടെയെങ്കിലും പോയി കരയൂ എന്നുമായിരുന്നു മരിയ ഇതിന് മറുപടി നൽകിയത്. ഏയ്ഞ്ചൽ, നിങ്ങൾ എന്നെ പഠിപ്പിക്കുവാണോ? എന്ന് റാമി തിരികെ ചോദിക്കുന്നുണ്ട്.
ഫൈനലിൽ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഷൂട്ടൗട്ടാണ് വിധി നിർണയിച്ചത്. ഫ്രാൻസിനെ 2-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് നീണ്ട 36 വർഷത്തെ കാത്തിരിപ്പിനുശേഷം മെസ്സിയും കൂട്ടരും വിശ്വകിരീടം ചൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.